നോമ്പുകാല തീർത്ഥാടനത്തിന് അന്തരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിലേക്കെത്തുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലും,തീർത്ഥാടകവഴിയിൽ കഴിഞ്ഞ ദിവസം കാട്ടാനകളുടെ സാന്നിധ്യം ഉണ്ടായ സഹചര്യത്തിലും മലയാറ്റൂർ തീർത്ഥാടകർക്ക് സർക്കാർ മതിയായ സുരക്ഷ ഏർപ്പെടുത്തണം.മലയാറ്റൂർ കുരിശുമുടി പാതയിൽ കഴിഞ്ഞ ദിവസം കാട്ടാനകൂട്ടം ഇറങ്ങിയത് ആയിരക്കണക്കിന് തീർത്ഥാടകർക്ക് വലിയ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്‌.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ മലയാറ്റൂർ കുരിശുമുടി കേരളത്തിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ധാരാളം ഭക്തരെ ആകർഷിക്കുന്ന സ്ഥലമാണ്.
തീർത്ഥാടക പാതകളിൽ പാമ്പുകളും മറ്റ് ചെറിയ വന്യമൃഗങ്ങളും ചില സമയങ്ങളിൽ,കാട്ടാനകളും പ്രത്യക്ഷപ്പെടാറുണ്ട്.ഇപ്പോൾ പകൽ സമയത്തും കാട്ടാനകളുടെയും മറ്റു വന്യമൃഗങ്ങളുടെയും സാന്നിധ്യം തീർത്ഥാടകർക്ക് വൻ ഭീഷണി തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. കാട്ടിനുള്ളിൽ ആവശ്യമായ ജലത്തിന്റെ അഭാവത്തിൽ വന്യമൃഗങ്ങളുടെ ആക്രമണവും ശല്യവും കാനനപാതയിൽ നിത്യസംഭവമായി വരികയാണ്.

മലയാറ്റൂർ മലയോര പ്രദേശങ്ങളിലെ ജനങ്ങള്‍ വളരെ ഭീതിയിലാണ്‌ ഇപ്പോള്‍ ജീവിക്കുന്നത്‌. പലരാത്രികളിലും ഇവര്‍ക്ക്‌ കാട്ടാനകളുടെയും മറ്റുവന്യജീവികളുടേയും ശല്യംമൂലം ഉറങ്ങുവാന്‍ കഴിയാത്ത സ്ഥിതി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മലയാറ്റൂർ വനപ്രദേശങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന കാട്ടാനകളുടെയും മറ്റ്‌ വന്യമൃഗങ്ങളുടെയും ആക്രമണ ഭീഷണി കണക്കിലെടുത്ത്‌ തീർത്ഥാടക വഴിയിൽ വനം വകുപ്പിന്റെ അതീവ ശ്രദ്ധ ആവശ്യമാണ്.ദ്രുതകര്‍മ്മസേനയുടെ പരിധിയില്‍ മലയാറ്റൂര്‍ വനം ഡിവിഷന്‍ ഉള്‍പ്പെടുത്തണം.

മലയാറ്റൂർ തീർത്ഥാടന കാലയളവിൽ വന്യമൃഗങ്ങള്‍ കഴിയുന്നത്ര പാതയിലിറങ്ങാതെ തീർത്ഥാടകരുടെ ജീവന് സംരക്ഷണം നല്‍കുന്ന നടപടികൾ സ്വീകരിക്കണം.കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ മലയാറ്റൂർ മേഖലയിൽ നിയമിച്ച് തീർത്ഥാടകക്കാലം സുരക്ഷിതവും സുഗമവുമാക്കാൻ സർക്കാർ സംവിധാനങ്ങൾ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു.

ടോണി ചിറ്റിലപ്പിള്ളി,അൽമായ ഫോറം സെക്രട്ടറി
സീറോ മലബാർ സഭ,എറണാകുളം
Mob:8547607384

നിങ്ങൾ വിട്ടുപോയത്