കൊച്ചി :ഗര്‍ഭഛിദ്രത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുതെന്നും,മനുഷ്യജീവന്റെ സംരക്ഷണം സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യമായിരിക്കണമെന്നും കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് സാബു ജോസ് അഭിപ്രായപ്പെട്ടു.
ഗര്‍ഭിണിയായ സ്ത്രീയ്ക്ക് തന്റെ ഗര്‍ഭം അലസിപ്പിക്കണമോ വേണ്ടയോ എന്നു സ്വയം തീരുമാനിക്കാന്‍ അവകാശമുണ്ടെന്ന കേരള വനിതാ ശിശുവികസന വകുപ്പിന്റെ ആഹ്വാനം മനുഷ്യ ജീവനോടുള്ള അനാദരവും വെല്ലുവിളിയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങളുടെ ഉദരത്തിലുള്ള കുഞ്ഞിനെ നശിപ്പിക്കാന്‍ അമ്മ ആവശ്യപ്പെടുമ്പോള്‍ അതു ചെയ്തുകൊടുക്കാന്‍ ഡോക്ടര്‍മാരോട് നിര്‍ദേശിക്കുന്നതും ജീവന്റെ സംസ്കാരത്തിന് യോജിച്ചതല്ല. ഏത് വിധേനെയും മനുഷ്യജീവനെ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരായ ഡോക്ടര്‍മാര്‍ മാതാപിതാക്കളെ ബോധവല്‍ക്കരിച്ചു ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ സംരക്ഷിക്കുകയാണ് വേണ്ടത് .അതിന് പകരം കേരള ഗവ വനിതാ ശിശുവികസന വകുപ്പിന്റെ ഫേസ്ബുക് പേജില്‍ നല്‍കിയിരിക്കുന്ന സന്ദേശം സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാതാപിതാക്കളുടെ ശാരീരിക ബന്ധത്തിലൂടെ ജീവന്‍പ്രാപിച്ച കുഞ്ഞിനെ നശിപ്പിക്കുവാന്‍ അമ്മയ്ക്ക് അവകാശം ഉണ്ടെന്ന് പറയുന്നത് ധര്‍മ്മിക നിയമങ്ങള്‍ക്കും കുടുംബക്ഷേമത്തിനും വിരുദ്ധമാണ്. സ്ത്രിസ്വാതന്ത്ര്യം അനുവദിക്കുന്നതും വ്യാഖ്യാനിക്കുന്നതും ജനിക്കുവാനുള്ള വരുംതലമുറയുടെ അവകാശം നിഷേധിച്ചുകൊണ്ടാകരുത്. നമ്മുടെ സംസ്കാരം വിവാഹിതര്‍ കുടുംബജീവിതത്തിന്റെ ഭാഗമായി കുഞ്ഞുങ്ങളെ സ്വീകരിക്കുകയും ഗര്‍ഭംധരിക്കുകയും ചെയ്യുന്നതാണ്. ലൈംഗിക സ്വാതന്ത്ര്യവും അവിഹിത ഗര്‍ഭധാരണവും ഭ്രുണ ഹത്യയും പ്രോത്സാഹിപ്പിക്കുന്ന നയം സാമൂഹ്യവ്യവസ്ഥിതിയുടെ താളം തെറ്റിക്കും.
ഉദരത്തിലെ കുഞ്ഞു ഒരു മനുഷ്യന് തന്നെയാണ്. പ്രതികരിക്കാന്‍ കഴിയുന്നില്ല എന്ന ഒറ്റ കാരണത്താല്‍ അപ്രതീക്ഷിത ഗര്‍ഭം എന്ന പേരില്‍ ഒരു മനുഷ്യ ജീവനെ കൊല്ലുന്നത് പൊറുക്കാനാവാത്ത ക്രൂരത യാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യജീവനെതിരെ നിരവധി വെല്ലുവിളികള്‍ ഉയരുമ്പോള്‍ വിശ്വാസികള്‍ തിഷ്ണതയോടെ പ്രാര്‍ത്ഥിക്കുകയും ,പ്രതികരിക്കുകയും സഭയിലും സമൂഹത്തിലും ജീവന്റെ സുവിശേഷം ആത്മാര്‍ത്ഥതയോടെ പ്രഘോഷിക്കുകയും വേണം.
ഗര്‍ഭഛിദ്രത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചാല്‍ അതിനെതിരെ പ്രൊ ലൈഫ് പ്രസ്ഥാനങ്ങള്‍ ശക്തമായ പ്രധിഷേധപരിപാടികള്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.