ഡോ.ജോർജ് തയ്യിൽ രചിച്ച “സ്വർണ്ണം അഗ്നിയിലെന്നപോലെ ” -ഒരു ഹൃദ്രോഗ വിദഗ്ധന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾ – ഇന്നു രാവിലെ 11 മണിക്ക് എറണാകുളം ലൂർദ് ആശുപത്രി കോൺഫറൻസ് ഹാളിൽ വരാപ്പുഴ മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പ്രകാശിപ്പിച്ചു.
പ്രശസ്ത എഴുത്തുകാരനും സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ.കെ.എസ്.രാധാകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് മുഖപ്രഭാഷണം നടത്തി. കെ.സി.ബി.സി മീഡിയ കമ്മീഷൻ സെക്രട്ടറി ഡോ.എബ്രഹാം ഇരിമ്പിനിക്കൽ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. ലൂർദ് ഹോസ്പിറ്റൽ ഡയറക്ടറായ ഫാ.ഷൈജു അഗസ്റ്റിൻ തോപ്പിൽ , ഡോ. പോൾ പുത്തൂരാൻ എന്നിവർ ആശംസാ പ്രസംഗം നിർവഹിച്ചു.
ഒരു പത്രപ്രവർത്തകനായി ജീവിതം ആരംഭിച്ച പ്രശസ്ത ഹൃദ്രോഗ വിദഗ്ധനായ ഡോ.ജോർജ് തയ്യിലിന്റെ ജീവിതയാത്രയുടെ സുപ്രധാനമായ ഒരു ഏടാണ് ഈ ഗ്രന്ഥം. എഴുപതുകളുടെ ആദ്യം കയ്യിൽ ഒരു ഡിഗ്രി സർട്ടിഫിക്കറ്റുമായി മ്യൂണിക് എന്ന മഹാനഗരത്തിലെത്തിയ ഒരു മൂന്നാം ലോകക്കാരൻ വിദ്യാർത്ഥിയെ സ്വന്തം കുടുംബത്തോടുചേർത്തു വച്ച ഒരു മഹദ് വ്യക്തിയോടുള്ള ആദരപൂജയാണിത്. നാലുപതിറ്റാണ്ടുകൾ നീണ്ട അപൂർവ്വമായ ഒരാത്മബന്ധത്തിന്റെ ഹൃദയസ്പർശിയായ ആവിഷ്കാരം. ആ മഹദ് വ്യക്തി പിൽക്കാലത്ത് ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ ആയതും വിദ്യാർത്ഥി ഹൃദ്രോഗ വിദഗ്ധനായതും കാലത്തിന്റെ സവിശേഷകാരുണ്യം.
അവതാരിക : ഡോ.കെ.എസ്.രാധാകൃഷ്ണൻ
ഡി.സി.ബുക്സിന്റെ സഹോദര സ്ഥാപനമായ കറന്റ് ബുക്സ് ആണ് പ്രസാധകർ.