കുട്ടിക്കാലത്ത് സർക്കസ് കൂടാരത്തിലെ കാഴ്ച്ചകളിൽ ഒത്തിരി കൗതുകത്തോടുകൂടി നോക്കി നിന്നിട്ടുള്ള കഥാപാത്രമാണ് ‘ജോക്കർ’. ഏറെ സാഹസികത നിറഞ്ഞ അഭ്യാസങ്ങൾക്ക് മുമ്പിൽ പിരിമുറുക്കത്തോടുകൂടിയിരിക്കുന്ന കാണികളെ നർമ്മരസം തുളുമ്പുന്ന വാക്കുകളും ചേഷ്ഠകളുമായി കയ്യടി വാങ്ങുന്ന കഥാപാത്രം. തന്റെ മുന്നിലിരിക്കുന്നവരെ അല്പം നേരം ചിരിപ്പിച്ച ശേഷം അരങ്ങത്ത് നിന്നും പെട്ടെന്നയാൾ പിൻവാങ്ങുന്നു. അപരനെ സന്തോഷിപ്പിക്കുക, ഉള്ളുതുറന്ന് ചിരിക്കാൻ അവരെ പ്രേരിപ്പിക്കുക എന്നതാണ് ഈ കോമാളിയുടെ ഉദ്ദേശലക്ഷ്യം. അയാൾ അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഈ ലോകത്തെ ഒരു സർക്കസ് കൂടാരമായി പരിഗണിക്കുകയാണെകിൽ അതിൽ സങ്കടങ്ങളുടെയും സാഹസികതകളുടെയും മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകുന്ന കാഴ്ചക്കാർക്ക് ഒരല്പം ആശ്വാസവും സന്തോഷവും പ്രധാനം ചെയ്യുന്ന ‘ജോക്കറു’കളാണ് സന്യാസ – പൗരോഹിത്യ ജീവിതങ്ങൾ എന്നു പറയേണ്ടി വരും .
അതായത് അപരന്റെ സങ്കടങ്ങളിൽ കൂടെ നിന്നുകൊണ്ട് അവരെ സന്തോഷിപ്പിക്കാൻ വിധിക്കപ്പെട്ട ‘ദൈവത്തിൻറെ കോമാളികളാണ് ‘ അവർ. ഒരിക്കൽ മരണവക്രത്തിലായിരുന്ന ഒരു രോഗിയെ പരിചരിച്ചിരുന്ന മദർ തെരേസയോട് ‘നിങ്ങൾ എന്താണ് ചെയ്യുന്നത്’ എന്ന് ഒരാൾ ചോദിച്ചപ്പോൾ മദർ കൊടുത്ത മറുപടി ” മരിക്കും മുൻപേ ഞാൻ അയാളെ പുഞ്ചിരിപ്പിക്കാൻ പഠിപ്പിക്കുകയാണ്”എന്നാണ്. ഏതൊരു സമർപ്പിത -സന്യാസ- പൗരോഹിത്യ ജീവിതത്തിന്റെയും ഉത്തരവാദിത്വം ഇതു തന്നെയാണ് എന്നു തോന്നുന്നു. മറ്റൊരാളെ പുഞ്ചിരിക്കാൻ പഠിപ്പിക്കുക…..!!!
ഇപ്രകാരം അപരനെ പുഞ്ചിരിപ്പിക്കാൻ നിയോഗിക്കപ്പെട്ടവർ തങ്ങളുടെ ഉള്ളിലും ഒരല്പം നർമ്മരസം കൊണ്ടുനടക്കുന്നത് നല്ലതാണ് . ആത്മീയത എന്നാൽ കളിയും ചിരിയും ഇല്ലാത്ത വെറും വരണ്ട ഗൗരവ പ്രകൃതിയോട് കൂടിയ ജീവിതമാണ് എന്ന ചില പരമ്പരാഗത തെറ്റിദ്ധാരണകൾ നമുക്കിടയിലുണ്ട്. സത്യത്തിൽ ആത്മീയതയുടെയും ദൈവവിളിയുടെയുമൊക്കെ ആഴമളക്കുന്ന അളവ് കോലാണ് ഈ നർമ്മബോധം . ചിരിക്കാനും കളി പറയാനും പരസ്പരം നിർദോഷമായി പരിഹാസിക്കാനും അതു സ്വീകരിക്കാനുമുള്ള ധൈര്യം ഒരു സന്യാസി നേടിയെടുക്കണം . ഒരല്പം സരസ മനോഭാവത്തോടുകൂടി ജീവിതത്തെ നോക്കിക്കാണാൻ ആത്മീയ വ്യക്തിത്വങ്ങൾ സ്വയം പരിശീലിക്കണം . അപരനെ ദൈവത്തിലേക്ക് അടുപ്പിക്കുക എന്നതാണ് അവരുടെ ജീവിത ഉദ്ദേശം. എപ്പോഴും മസിലും വീർപ്പിച്ചു സദാ ഗൗരവപ്രകൃതിയോടെ നടക്കുന്നവർക്ക് എങ്ങനെയാണ് മറ്റുള്ളവർക്ക് സന്തോഷം പകർന്നു കൊടുക്കാനും ഈശ്വരനിലേക്ക് ആകർഷിക്കാനും കഴിയുക. അൽപ്പം പുഞ്ചിരിയും നർമ്മരസവും ഉള്ളിൽ സൂക്ഷിക്കുന്നവരുടെ അടുത്തേക്കു ആളുകൾ തനിയെ വരും. അതുകൊണ്ടാണ് വി. ഫ്രാൻസിസ് ഡി സെയിൽസ് ഇപ്രകാരം പറയുന്നത് “ഒരു വീപ്പ വിനാഗിരി കൊണ്ടു പിടിക്കുന്നതിനെക്കാൾ കൂടുതൽ ഈച്ചകളെ ഒരു തുള്ളി തേൻ കൊണ്ടു നേടാനാകുമെന്ന്.”
ആത്മീയ മനുഷ്യർ അത്തരത്തിലൊരു നർമ്മബോധം ജീവിതത്തിൽ സൂക്ഷിച്ചിരുന്നു.
വിശുദ്ധരിൽ പലരും തങ്ങളുടെ ജീവിതത്തിൽ ഇത്തരം ചില നർമ്മ സ്വഭാവം പുലർത്തിരുന്നതായി നമുക്ക് കാണാം. വി. തോമസ് മൂറിനെ ശിരച്ഛേദം ചെയ്യാനായി സേവകൻമാർ വന്ന നേരം അദ്ദേഹം തന്റെ നീണ്ട താടി പൊക്കി പിടിച്ചു വളരെ ശാന്തമായി, സരസമായി ഇപ്രകാരം മറുപടി പറഞ്ഞു ” നിങ്ങൾ എന്റെ തല വേണേൽ വെട്ടിക്കൊള്ളൂ , പക്ഷെ എന്റെ താടിയെ ഉപദ്രവിക്കരുത്. അതു നിങ്ങളോടു ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ” എന്ന്.
ഇത്തരത്തിൽ ചില നർമ്മ ഭാവം ജീവിതത്തിൽ പുലർത്തിയ മറ്റൊരു വ്യക്തിയാണ്
ഫ്രാൻസിസ്കൻ സന്യാസ പാരമ്പര്യങ്ങളിലെ ബ്രദർ ജൂണിപ്പർ. വളരെ ലളിതമായി ജീവിച്ചും സരസമായി സംസാരിച്ചും തന്റെ ആശ്രമത്തിലുള്ളവരെ സന്തോഷിപ്പിക്കുന്ന ഒരു ചെറിയ മനുഷ്യൻ. ഒരിക്കൽ അദ്ദേഹത്തിൻറെ ചില കുറുമ്പുകളിൽ ദേഷ്യം കയറിയ സുപ്പീരിയറച്ചൻ അദ്ദേഹത്തെ വാ തോരാതെ ശകാരിക്കുന്നുണ്ട്. അന്ന് രാത്രി ജൂണിപ്പെറിന് ഉറങ്ങാൻ പറ്റുന്നില്ല. തന്നെ ചീത്ത പറഞ്ഞു തൊണ്ട കീറിയ സുപ്പീരിയറച്ചനെ അർദ്ധരാത്രിയിൽ വിളിച്ചുണർത്തി അദ്ദേഹത്തിനായി
ഒരു പാത്രം സൂപ്പ് ഉണ്ടാക്കിക്കൊണ്ടു വന്നിരിക്കുകയാണ് . അത്രമേൽ നിശബ്ദത പുലർത്തേണ്ട രാത്രിയുടെ വൈകിയ യാമമാണ് . അയാളുടെ നിഷ്കളങ്കത മനസിലാക്കാതെ സുപ്പീരിയറച്ചൻ കലി തുള്ളി കോപത്താൽ നിന്നു വിറക്കുകയാണ്. ജൂണിപ്പർ ആകട്ടെ കാര്യം മനസ്സിലാക്കാതെ തല കുനിച്ചു നിൽക്കുകയാണ്. ശകാരം മുഴുവൻ കേട്ട ശേഷം അയാൾ ശാന്തമായി പറഞ്ഞു ‘ നല്ലോണം ബുദ്ധിമുട്ടി ഉണ്ടാക്കിയ സൂപ്പാണ് . അങ്ങിതു ചരിഞ്ഞു കളയുന്നത് ചിന്തിക്കാൻ പോലുമാകുന്നില്ല . അതുകൊണ്ടു അങ്ങു ഈ മെഴുതിരി ഒന്നു പിടിക്കാമോ ? അങ്ങേക്ക് വേണ്ടെകിൽ ഞാൻ തന്നെ ഇത് കുടിച്ചു കൊള്ളാം. !!!
തന്റെ നർമ്മബോധത്തിലൂടെ ഏറെ വിഷമകരമായ സാഹചര്യങ്ങളെയും എത്ര ഭംഗിയായി തരണം ചെയ്യാൻ എങ്ങനെ സാധിക്കുമെന്ന് ബ്രദർ ജൂണിപ്പെർ നമ്മെ പഠിപ്പിക്കുന്നുണ്ട്.
ആത്മീയതയുടെ ഒരു ലക്ഷണമായി ഈ നർമ്മബോധത്തെ നമുക്ക് കണക്കാ ക്കാം.
ദുരിതങ്ങളുടെ ഏഴു കടലിടുക്കിന്റെ മുകളിലൂടെ ഒരു നൂൽപാലത്തിൽ കൂടെ നടക്കുമ്പോഴും ബാലൻസ് തെറ്റാതെ ജീവിക്കുവാൻ ആയിട്ടുള്ള മുളവടിയാണ് ഫലിതബോധം എന്നാണ് വില്യം ആർതർ വാർഡ് പറയുന്നത്.
തമാശകൾ പറയുവാനും അതു ആസ്വദിക്കാനും കഴിവില്ലാത്തവർ ഒരുപക്ഷേ സന്യാസ- പൗരോഹിത്യ ജീവിതത്തിന്റെ മടുപ്പുകളിലേക്ക് എളുപ്പം വീണുപോകാനിടയുണ്ട് . വളരെ പെട്ടെന്ന് വികാരങ്ങൾക്ക് അടിമപ്പെടുകയും വിഷാദത്തിലേക്ക് വഴുതി വീഴുകയും ചെയ്യുന്ന ഒരവസ്ഥ. അതുകൊണ്ട് ഫലിതങ്ങൾ പറയുവാനും അതു ആസ്വദിക്കാനുമുള്ള കല ഓരോ സന്യാസിയും അഭ്യസിച്ചേ പറ്റൂ .
എന്നു കരുതി സന്യാസിയുടെ ജീവിതത്തിൽ സങ്കടങ്ങളില്ല എന്നല്ല മറിച്ചു
തന്നിലെ സങ്കടങ്ങൾ ഉള്ളിലൊതുക്കി അപരനെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പ്രേരിപ്പിക്കുക എന്നതാണ് സന്യാസിയുടെ ഉത്തരവാദിത്വം .
സത്യത്തിൽ ഒരു സന്യാസിക്കു മുന്നിലുള്ള ഒരു വെല്ലുവിളിലും ഇതു തന്നെയാണ്. ഉള്ളിൽ കടലോളം സങ്കടം അല തല്ലുമ്പോഴും പുറമെ പുഞ്ചിരി തൂകി നിൽക്കാനാവുക.
കമൽ സംവിധാനം ചെയ്ത
‘ജോക്കർ’ മലയാള സിനിമയിലെ നായക കഥാപാത്രത്തിനു സഹ കഥാപാത്രം നൽകുന്ന ഉപദേശവും പോലെ “ഉള്ളിൽ സങ്കടത്തിന്റെ കനലെരിയുമ്പോഴും കോമാളി ചിരിക്കണം; കോമാളി കരഞ്ഞാൽ ജനം ചിരിക്കും. ചിരിപ്പിക്കാൻ വേണ്ടി കരഞോ….” അപരനെ ചിരിപ്പിക്കുന്ന ചില കോമാളി ജീവിതങ്ങളാവുക. ഉള്ളിലെ നർമ്മബോധത്തെ കെടാതെ സൂക്ഷിക്കുക. ആത്മീയതയുടെ ആനന്ദം സ്വന്തമാക്കാനാവുക. സങ്കടങ്ങളുടെ ഇടയിലും മുഖത്തൊരു പുഞ്ചിരിയുമായി നീങ്ങാൻ നമുക്ക് പറ്റണം . മദർ തെരേസ പറയും പോലെ ” നിങ്ങൾ ലോകത്തെ നോക്കി പുഞ്ചിരിക്കുക; ലോകം നിങ്ങളെ നോക്കി പുഞ്ചിരിക്കും തീർച്ച…”.
ഫാ. നൗജിൻ വിതയത്തിൽ*
*ഇരിങ്ങാലക്കുട രൂപത