Truly God has listened; he has attended to the voice of my prayer. (Psalm 66:19)

നാം ഓരോരുത്തരുടെയും പ്രാർത്ഥനകൾ കേൾക്കുന്ന ദൈവമാണ് നമുക്ക് ഉള്ളത്.ഒരു ക്രിസ്തു വിശ്വാസിക്ക്‌ പ്രാര്‍ത്ഥന ശ്വാസോഛ്വാസത്തിനു തുല്യമാണ്‌. നിരവധി കാര്യങ്ങൾക്കായി നാം പ്രാർത്ഥിക്കാറുണ്ട് വാസ്തവത്തില്‍ പ്രര്‍ത്ഥന എന്നത്‌ ദൈവത്തെ സേവിക്കുന്നതിനു തുല്യമാണ്‌ (ലൂക്കോ.2:36, 38) പ്രാർത്ഥന ദൈവത്തെ അനുസരിക്കലാണ്. നാം പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രധാന കാരണം പ്രാര്‍ത്ഥിക്കുവാന്‍ ദൈവം നമ്മോട്‌ കല്‍പിച്ചിട്ടുണ്ട്‌ എന്നതിനാലാണ്‌ (ഫിലി.4:6-7). യഹൂദര്‍ ദിവസത്തില്‍ മൂന്നു തവണ പ്രാര്‍ത്ഥിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ യേശു എപ്പോള്‍ പ്രാര്‍ത്ഥിക്കണം എന്ന് ഒരു സമയം നിശ്ചയിച്ചു നല്‍കിയിട്ടില്ല. എപ്പോഴും നാം പ്രാര്‍ത്ഥിക്കണം എന്നാണ് അവിടുന്ന് പറഞ്ഞിരിക്കുന്നത്.

നിരാശരാകാതെ പ്രാര്‍ത്ഥിക്കണം എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ന്യായാധിപന്റെയും വിധവയുടെയും ഉപമയാണ് യേശു പറയുന്നത്. ചില ആളുകള്‍ പ്രാര്‍ത്ഥിക്കുന്ന ആവശ്യം നടക്കാതെ വരുമ്പോള്‍ വേഗം മടുത്ത് പ്രാര്‍ത്ഥന നിറുത്തുന്നു. നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നില്ലെങ്കിലും നാം നിരാശരാകാതെ പ്രാർത്ഥിക്കണം എന്ന് യേശു പറയുന്നു. നമുക്കെന്താണ് ഏറ്റവും നല്ലത് എന്ന് ദൈവം അറിയുന്നതിനാല്‍ ദൈവഹിതം നിറവേറട്ടെ എന്ന് നാം പ്രാര്‍ത്ഥിക്കണം. അതുപോലെ സഹോദരന്റെ നന്മയെ ലക്ഷ്യം വച്ചുള്ളതാകണം പ്രാർത്ഥനയും നമ്മുടെ പ്രവർത്തിയും.

യേശുവിന്റെ ഉപമയിൽ വിധവയുടെ സ്ഥിരതയാര്‍ന്ന പ്രാര്‍ത്ഥന മൂലമാണ് അവസാനം ആ വിധവയക്കു നീതി ലഭിക്കുന്നത്. പല പ്രാവശ്യം അപേക്ഷിച്ച ശേഷം അവള്‍ തന്റെ പ്രാര്‍ത്ഥന ഉപേക്ഷിച്ചിരുന്നുവെങ്കില്‍ അവള്‍ തോറ്റു പോകുമായിരുന്നു. നമ്മളും ജീവിതത്തില്‍ കഷ്ടതകള്‍ അനുഭവിക്കുമ്പോള്‍ നിരാശരാകാതെ ആ വിധവയെ പോലെ പ്രാര്‍ത്ഥിക്കണം. ദൈവത്തിന്റെ മുൻപിൽ കൈ നീട്ടിയവന്. മനുഷ്യന്റെ മുൻപിൽ കൈ നീട്ടേണ്ടി വരികയില്ല. ദൈവമക്കളാക്കുന്ന നാം ഓരോരുത്തരെയും, ദിനംപ്രതി ദൈവം കരുതുകയും, കടാക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന് നന്ദി പറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ