ദൈവത്തിന്റെ പരിപൂര്‍ണ്ണതകളെ ഓര്‍ത്തുകൊണ്ടു ഭക്തിപൂര്‍വ്വം വാക്കുകൾ കൊണ്ടും ഗാനം കൊണ്ടും ദൈവികഗുണങ്ങളെ വാഴ്ത്തുന്നതാണ് കർത്താവിനെ പ്രകീർത്തിക്കുക എന്നുള്ളത്. ജീവനുള്ള കാലമെല്ലാം ദൈവത്തെ പ്രകീർത്തിക്കുക മനുഷ്യന്‍റെ സന്തോഷ പ്രദമായ കടമയാണ്. നാം കർത്താവിനെ പ്രകീർത്തിക്കുന്നത് പൂർണ്ണ ഹൃദയത്തോടെയും , പൂർണ്ണ സന്തോഷത്തോടെയും ആയിരിക്കണം. കർത്താവ് നമ്മുടെ ജീവിതത്തിൽ ചെയ്ത അനുഗ്രഹങ്ങളെ ഓർത്താൽ നാം കർത്താവിനെ എങ്ങനെ പ്രകീർത്തിക്കാതിരിക്കും. കർത്താവിനെ പ്രകീർത്തിക്കുക എന്നു പറഞ്ഞാൽ കർത്താവിനെക്കുറിച്ചും, കർത്താവിൽ വിശ്വസിച്ചാൽ ലഭിക്കുന്ന പാപ ക്ഷമയെക്കുറിച്ചും, രക്ഷയെക്കുറിച്ചും, അനുഗ്രഹത്തെക്കുറിച്ചും, കർത്താവ് നൽകുന്ന നിത്യജീവനെക്കുറിച്ചും, വചനം അനുസരിക്കേണ്ട ആവശ്യകതയെകുറിച്ചും നാം മറ്റുള്ളവരോട് പറയണം.
യേശുവിനെ പ്രകീർത്തിക്കുമ്പോൾ എളിമയും സ്നേഹവും നമ്മുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. യേശു താഴ്മയെ പ്രദർശിപ്പിച്ചത് പ്രാർത്ഥനയിൽകൂടി മാത്രം അല്ല പ്രവർത്തികളിലൂടെയുമാണ്. ആയിരം ദിവസം യേശുവിന്റെ കൂടെ നടന്നിട്ടും, ഏളിമയെ മനസിലാക്കാൻ കഴിയാതെ പോയ ശിഷ്യൻമാർക്ക്, അവരുടെ കാലുകൾ കഴുകി യേശു എളിമയെ പ്രദർശിപ്പിച്ചു. ജീവിതത്തിൽ നാം എളിമയെ മുറുകെ പിടിക്കേണ്ടതാണ്. യേശുവിനെ പ്രകീർത്തിക്കുന്നതിനു മുൻപ് യേശുവുമായി സ്നേഹ ബന്ധത്തിൽ ആകണം. അപ്പോൾ യേശുവിനെ പ്രകീർത്തിക്കാനുള്ള സ്വർഗ്ഗീയ കൃപ നമ്മെ വഴി നടത്തും.
നമ്മുടെ പരസ്യജീവിതത്തിൽ മാത്രം അല്ല രഹസ്യ ജീവിതത്തിലും കർത്താവിനെ നാം പ്രകീർത്തിക്കുന്നവരായിരിക്കണം. മനുഷ്യന്‍ തന്റെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ആരെയും സമ്മതിക്കാറില്ല. എന്നാല്‍ നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തികളും കണ്ട് കൊണ്ടിരിക്കുന്ന ദൈവത്തെ നാം സ്മരിക്കാറുണ്ടോ? ഓരോ നിമിഷത്തിലും നാം ചെയ്യുന്ന കാര്യങ്ങള്‍ ദൈവം കാണുന്നില്ലേ? അത് കൊണ്ട് നമ്മുടെ രഹസ്യ ജീവിതത്തിൽ പോലും വിശുദ്ധി കൊണ്ടും, പ്രവർത്തികൊണ്ടും നാം കർത്താവിനെ പ്രകീർത്തിക്കുന്നവരായിരിക്കണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.