കോട്ടയം: വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ സെന്റ് ജോസഫ് പ്രൊവിൻസ് അംഗമായ ഫാ. വർഗീസ് മുഴുത്തേറ്റ് (85) നിര്യാതനായി.
സംസ്കാര ശുശ്രൂഷകൾ നാളെ (27-02-2023) ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് അടിച്ചിറ വിൻസെൻഷ്യൻ ആശ്രമദൈവാലയത്തിൽ ആരംഭിക്കുന്നു.
നേടിയശാല മുഴുത്തേറ്റ് പരേതരായ ഔസേപ്പ്-അന്ന ദമ്പതികളുടെ ഏഴുമക്കളിൽ രണ്ടാമനായി 1938 ജനുവരി 30-ാം തിയതി ജനിച്ചു. സ്‌കൂൾ പഠനത്തിന് ശേഷം 1955 ജൂൺ 14ന് അങ്കമാലിയിലെ മൈനർ സെമിനാരിയിൽ പ്രവേശിച്ചു. മേജർ സെമിനാരി പഠനം മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിലായിരുന്നു. പഠനത്തിന് ശേഷം 1964 ഡിസംബർ 1-നു ബോംബയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ വെച്ച് പൗരോഹിത്യം സ്വീകരിച്ചു.
പൗരോഹിത്യ ജീവിതത്തിൽ കോൺഗ്രിഗേഷന്റെ വിവിധ പ്രവർത്തന മേഖലകളിൽ സജീവമായി പ്രവർത്തിച്ചു. വ്യത്യസ്ത കാലഘട്ടങ്ങളിൽ കോൺഗ്രിഗേഷന്റെ വിവിധ അഡ്മിനിസ്ട്രേഷനിലും വിദ്യാഭ്യാസ മേഖലകളിലും സാമൂഹികപ്രവർത്തന രംഗത്തും വിലപ്പെട്ട സേവനങ്ങൾ ചെയ്തു. കേരളീയ സമൂഹത്തിൽ മദ്യനിരോധന പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു. ദീർഘകാലം കേരള മദ്യനിരോധന സമിതിയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടായി പ്രവർത്തിക്കുകയും ചെയ്തു.
മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയും മയക്കുമരുന്ന് മറ്റു ലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗത്തിനെതിരായി പ്രത്യക്ഷമായി ഇടപെടുകയും നേതൃപരമായ പങ്കുവഹിക്കുകയും ചെയ്ത ബഹു. വർഗീസ് മുഴുത്തേറ്റ് അച്ചന്റെ നിര്യാണത്തിൽ സീറോമലബാർ സഭയുടെ പി.ആർ.ഒ. റവ. ഡോ. ആന്റണി വടക്കേകര വി.സി. ,സീറോമലബാർ സഭയുടെപ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ സെക്രട്ടറിയും കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ആനിമേറ്ററുമായ സാബു ജോസ് അനുശോചനം രേഖപ്പെടുത്തി.

മദ്യ വിരുദ്ധരംഗത്ത് പ്രവാചക ധീരതയോടെ പ്രവർത്തിച്ചു. എല്ലാ മദ്യ വിരുദ്ധ പ്രസ്ഥാനങ്ങളോടും സഹകരിച്ചു. മദ്യത്തിനെതിരെ കേരളത്തിലുടനീളം ഓടി നടന്ന് സമരങ്ങൾ നയിച്ചു. ക്ലാസുകൾ എടുത്തു.. എത്രയെത്ര സമരങ്ങൾ , പ്രഭാഷണങ്ങൾ, ലഘുലേഖകൾ,ഓരോ അണുവിലും മദ്യത്തിനെതിരെയുള്ള സന്ധിയില്ലാത്ത സമരവീര്യമായിരുന്നു. തികഞ്ഞ ഗാന്ധിയൻ . മദ്യ വിരുദ്ധ പോരാട്ട രംഗത്തുള്ളവർക്ക് കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ആത്മശാന്തിക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നു ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ജസ്റ്റീസ് പി കെ ഷംസുദ്ദീൻ
സംസ്ഥാന ചെയർമാൻകേരള മദ്യ വിരുദ്ധ ഏകോപന സമിതി,
അഡ്വ. ചാർളി പോൾ
സംസ്ഥാന ജനറൽ സെക്രട്ടറി

സീറോമലബാർ സഭയുടെപ്രൊ ലൈഫ് അപ്പോസ്തലേറ്റ്

ആദരാഞ്ജലികൾ

