കുരിശിന്‍റെ വഴിയിലെ നാലാം സ്ഥലത്ത്, പീഡനങ്ങളുടെ പാതയിലൂടെ ഗാഗുല്‍ത്തായിലേക്ക് നടന്നുനീങ്ങുന്ന ദിവ്യരക്ഷകനും അവിടുത്തെ അമ്മയും മുഖാമുഖം കണ്ടുമുട്ടുന്ന സന്ദര്‍ഭമാണ് ധ്യാനിക്കുന്നത്. ബൈബിളില്‍ ഇപ്രകാരമൊരു ഭാഗം വിവരിക്കുന്നില്ല. എന്നാല്‍ ഇതുപോലൊരു രംഗത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലല്ലോ. യേശുവിന്‍െറ കുരിശിനരികെ അവന്‍െറ അമ്മയും അമ്മയുടെ സഹോദരിയും ക്ലയോപ്പാസിന്‍െറ ഭാര്യ മറിയവും മഗ്ദലേനയില്‍നിന്നുള്ള മറിയവും നില്‍ക്കുന്നുണ്ടായിരുന്നു എന്ന് യോഹന്നാന്‍ 19:25ല്‍ വായിക്കുന്നു.

ദിവ്യമാതാവ് തന്‍റെ പുത്രന്‍റെ അവസാന യാത്രയുടെ ഓര്‍മയ്ക്കായി, ജെറുസലേമിനു വെളിയിലുള്ള തന്‍റെ ഭവനത്തിന്‍റെ സമീപത്ത് കുരിശിന്‍റെ വഴിയിലെ പ്രധാന സംഭവങ്ങള്‍ക്കായി ഓര്‍മ്മക്കല്ലുകള്‍ നാട്ടിയിരുന്നുവെന്നും മാതാവായിരുന്നു “കുരിശിന്‍റെ വഴിയെ” ക്രൈസ്തവ വിശ്വാസത്തിന്‍റെ ഭാഗമായി അവതരിപ്പിച്ചത് എന്നുമാണ് പാരമ്പര്യം.

മനുഷ്യരാശിയുടെ വീണ്ടെടുപ്പുവില നല്‍കേണ്ടതിലേക്ക് തന്‍റെ അരുമസുതന്‍റെ ജീവിതം ദിവസംതോറും അടുത്തുകൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഓരോ ദിവസവും അമ്മ അറിഞ്ഞിരുന്നു. മകനെ ക്രൂശിക്കാന്‍ കൊണ്ടുപോകുന്നു എന്നു കേട്ട് മാതാവ് ഓടിയെത്തി, കുരിശിൻ്റെ വഴിയിൽ അവൾ മകനെ ആദ്യമായി കണ്ടുമുട്ടുന്നത് നാലാം സ്ഥലത്തുവച്ചായിരുന്നു എന്നാണ് പാരമ്പര്യവിശ്വാസം.

കുരിശിന്‍റെ വഴിയിലെ ഏറെ ഹൃദയഭേദകമായ കാഴ്ചയാണ് നാലാം സ്ഥലത്ത് അമ്മയും മകനും കണ്ടുമുട്ടുന്ന രംഗം. ബൈബിള്‍ പ്രവചനങ്ങളുടെ കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്ന രണ്ട് വ്യക്തികള്‍ ഇപ്പോള്‍ മുഖാമുഖം കണ്ടുമുട്ടുന്നു. കുരിശുചുമക്കുന്ന പുത്രനും വ്യാകുലയായ അവിടുത്തെ അമ്മയും ഏശയ്യാ പ്രവചിച്ച കന്യകയും അവളുടെ പീഡിതദാസനുമാണ്. ഉൽപ്പത്തിയിലെ സ്ത്രീയുടെ പുത്രന്‍ സാത്താന്‍റെ തല തകര്‍ക്കുവാനുളള യാത്രയിലാണ്; പ്രവചനങ്ങള്‍ പൂര്‍ത്തീകരിപ്പെടേണ്ടതുണ്ട്.

കവിഞ്ഞൊഴുകുന്ന നാലു കണ്ണുകളും വിങ്ങിപ്പൊട്ടുന്ന രണ്ട് ഹൃദയങ്ങളും! അവന്‍റെ കണ്ണില്‍ ജനകോടികളോടുള്ള അനുകമ്പ അവള്‍ കണ്ടു, അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകളില്‍, തന്‍റെ മനുഷ്യാവതാര കാലത്ത്, ഒരു ജീവിതം മുഴുവന്‍ വ്യാകുലയായി ജീവിക്കാന്‍ വിധിക്കപ്പെട്ട തന്‍റെ പ്രിയപ്പെട്ട അമ്മയുടെ പുത്രദുഃഖത്താല്‍ തിളച്ചുമറിയുന്ന ഹൃദയവും അവന്‍ കണ്ടു. “ഹൃദയത്തില്‍ തുളഞ്ഞുകയറിയ വാളുമായി” ജീവിക്കുന്ന സാധാരണക്കാരിയാണു തന്‍റെ അമ്മ. കുരിശിന്‍റെ വഴിയില്‍വച്ച് ഇരുവരും കണ്ടുമുട്ടുമ്പോള്‍ ഇരുവരുടെയും വേദന വിവരണാതീതമായിരുന്നു.

ആദമിന്‍റെ വംശാവലയില്‍ ഒടുവിലത്തെ കണ്ണിയായ മറിയത്തിൽ നിന്നുമാണ് ക്രിസ്തു ജനിച്ചത്. താന്‍ ജനിക്കാന്‍ പോകുന്ന വംശവും കാലഘട്ടവും മാതാപിതാക്കളെയുമെല്ലാം ലോകസ്ഥാപനത്തിനു മുമ്പേ ദിവ്യരക്ഷകന്‍ അറിഞ്ഞിരുന്നു. അവള്‍ അവന് അമ്മയായിരിക്കുമ്പോള്‍ തന്നെ അവള്‍ അവന്‍റെ സൃഷ്ടിയുമായിരിക്കും! മനുഷ്യവംശത്തിലെ അത്ഭുതവും ഭാഗ്യകരവുമായ സ്ത്രീജന്മമായിരുന്നു മറിയത്തിന്‍റേത്. തന്‍റെ മകന്‍ തന്‍റെതന്നെ സൃഷ്ടാവും രക്ഷകനുമായിരിക്കുക എന്ന അതുല്യ ഭാഗ്യത്തിൻ്റെ ഉടമ!

മറിയത്തിന് തന്‍റെ മകനെക്കുറിച്ചുള്ള ആഴമേറിയ ബോധ്യങ്ങളെയെല്ലാം കാവ്യാത്മകമായി സഭയ്ക്ക് പകര്‍ന്നു തന്നത് മാര്‍ അപ്രേമിന്‍റെ (St. Ephrem the Syrian) കീര്‍ത്തനങ്ങളാണ്. “പരിശുദ്ധാത്മാവിന്‍റെ വീണ” (The Harp of the Holy Spirit) എന്ന പേരില്‍ ആദിമസഭയില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്‍റെ പതിനൊന്നാം ഗീതത്തില്‍ കന്യകാമാതാവ് തന്‍റെ കുഞ്ഞിനോടുള്ള സംഭാഷണമാണ് പ്രതിപാദ്യവിഷയമാക്കിയിരിക്കുന്നത്. ദിവ്യശിശുവിനെ മടിയില്‍ കിടത്തി, അമ്മ അവന്‍റെ മുഖത്തു നോക്കി സംസാരിക്കുന്ന വിഷയങ്ങൾ മാര്‍ അപ്രേം വിവരിക്കുന്നു. ചുണ്ടുകള്‍ ചലിപ്പിക്കാന്‍ ആവതു ശ്രമിച്ചുകൊണ്ട് അവൻ അമ്മയുടെ മുഖത്തേക്ക് ജിജ്ഞാസയോടെ നോക്കിയിരുന്നു.

”ഓ എന്‍റെ പൈതലേ, നിന്‍റെ അമ്മയ്ക്ക് രക്ഷകനായ നീ ഞങ്ങളില്‍ (മനുഷ്യവംശത്തില്‍) നിന്നും ജനിച്ചിട്ടും നിന്നെ ഞങ്ങള്‍ എങ്ങനെ അന്യനെന്നു വിളിക്കും? എനിക്കു നിന്നെ മകനേ എന്നു വിളിക്കാമോ? സഹോദരനെന്നു വിളക്കാമോ? (മത്തായി 12:50)* എന്‍റെ മണവാളന്‍ എന്നു നിന്നെ വിളിക്കാമോ? കര്‍ത്താവേ എന്നെനിക്കു നിന്നെ വിളിക്കാമോ?”

“ദാവീദ് നമുക്കു രണ്ടാള്‍ക്കും പിതാവായിരിക്കുകയാല്‍ ഞാന്‍ നിനക്ക് സഹോദരിയാണ്; ഞാന്‍ നിന്നെ ഗര്‍ഭംധരിച്ചതിനാല്‍ ഞാന്‍ നിന്‍റെ അമ്മയുമാണ്, എന്‍റെ ജീവിതത്തെ നീ വിശുദ്ധീകരിച്ചതിനാല്‍ ഞാന്‍ നിന്‍റെ മണവാട്ടിയാണ്; നിന്‍റെ കൈപ്പണിയായി നീ എന്നെയും മെനഞ്ഞതിനാല്‍ ഞാന്‍ നിന്‍റെ മകളുമാകുന്നു, അതോടൊപ്പം നിന്‍റെ രക്തത്താല്‍ നീ എന്നെ വിലയ്ക്ക് വാങ്ങുകയും ചെയ്തിരിക്കുന്നു”

“അത്യുന്നതന്‍റെ പുത്രന്‍ എന്നില്‍ വന്നു വസിച്ചതിനാല്‍ ഞാന്‍ അവന്‍റെ അമ്മയുമായി. അവന് ഞാന്‍ ജന്മം നല്‍കിയപ്പോള്‍ അവന്‍ എനിക്കു വീണ്ടുംജനനം (രക്ഷ) നല്‍കിയല്ലോ, അവന്‍ എന്നിൽ നിന്ന് ഉടയാട (ശരീരം) സ്വീകരിച്ചപ്പോള്‍, ഞാൻ അവന്‍റെ മഹത്വത്തെ ധരിച്ചു”

കുഞ്ഞിനെ എടുത്തു നില്‍ക്കുന്ന ഏത് അമ്മയിലും ഉണ്ണിയേശുവിനെ എടുത്തുകൊണ്ട് നില്‍ക്കുന്ന വിശുദ്ധ മാതാവിന്‍റെ വിദൂരഛായകള്‍ വീണുകിടക്കുന്നു എന്ന് അപ്പന്‍ മാഷിന്‍റെ നിരീക്ഷണവും ഓര്‍മ്മയില്‍ സൂക്ഷിച്ചുകൊണ്ട് വേണം മാര്‍ അപ്രേമിന്‍റെ തിരുപ്പിറവിഗാഥയിലൂടെ കടന്നു പോകാന്‍.

പ്രവചനഗ്രന്ഥങ്ങളില്‍ തലമുറകളായി മറഞ്ഞുകിടന്ന ക്രിസ്തു എന്ന മര്‍മ്മം തന്നില്‍ യാഥാര്‍ത്ഥ്യമാകുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം മറിയം വിളിച്ചു പറഞ്ഞു “ഇപ്പോള്‍ മുതല്‍ സകല തലമുറകളും ഭാഗ്യവതി എന്ന് എന്നെ വിളിക്കും” ഒരു ജീവിതം മുഴുവന്‍ ഏറെ ദുര്‍ഘടമായ സങ്കടക്കടല്‍ നീന്തിക്കടന്നുവേണം അവള്‍ ആ ഭാഗ്യപദവിയിൽ എത്തിച്ചേരാന്‍.

തന്‍റെ മനുഷ്യാവതാരകാലത്തിന്‍റെ ഓരോ നിമിഷവും തനിക്കായി ഏറെ വേദനിച്ച ഒരേയൊരു വ്യക്തിയാണ് തന്‍റെ അമ്മ എന്ന് മറ്റാരേക്കാളും പുത്രനും അറിഞ്ഞിരുന്നു. കവിഞ്ഞൊഴുകുന്ന നാലു കണ്ണുകളും വിങ്ങിപ്പൊട്ടുന്ന രണ്ട് ഹൃദയങ്ങളുമായി അവര്‍ നാലാം സ്ഥലത്ത് കണ്ടുമുട്ടി, ഓർമകൾ കാലത്തിന് പുറകോട്ട് സഞ്ചരിച്ചു.

“പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കു”മെന്നു ക്രിസ്തുശിഷ്യന്മാര്‍ അറിഞ്ഞത് പന്തക്കുസ്താ ദിനത്തിലായിരുന്നു. എന്നാല്‍ അതിനു പതിറ്റാണ്ടുകള്‍ക്കു മുമ്പേ പരിശുദ്ധാത്മശക്തി നിറഞ്ഞ്, സകലവിധ മാനുഷികപരിമിതികളെയും അതിജീവിക്കാമെന്നുള്ള സാക്ഷ്യമായിരുന്നു മറിയത്തിന്‍റെ ജീവിതം. നാല്‍പതാം നാള്‍ ഉണ്ണിയെ ദേവാലയത്തില്‍ കാഴ്ചവച്ചപ്പോള്‍ ശീമോന്‍ മുന്നറിയിപ്പു നല്‍കി “നിന്‍റെ ഹൃദയത്തില്‍ ഒരു വാള്‍ തുളഞ്ഞുകയറു”മെന്ന്. വാസ്തവത്തില്‍ മറിയത്തിന്‍റെ ജീവിതകാലം മുഴുവന്‍ ഈ വാള്‍ ആവളുടെ ഹൃദയത്തെ ഭേദിച്ചുകൊണ്ട് നിലനിന്നിരുന്നു. അപ്പോഴെല്ലാം പരിശുദ്ധാത്മ ശക്തി അവളെ ബലപ്പെടുത്തിയിരുന്നു.

മോശെയുടെ നിയമങ്ങള്‍ വാളും കല്ലുമായി നിര്‍ദാക്ഷിണ്യം നിലനിന്ന കാലത്താണ് ഗ്രാമീണകന്യകയായ മറിയം പരിശുദ്ധാത്മാവിനാല്‍ വിശുദ്ധപ്രജയെ ഗര്‍ഭംധരിക്കുന്നത്. ഈ വാര്‍ത്തയറിയുന്ന ഭര്‍ത്താവിന്‍റെ മനോഗതങ്ങള്‍ അവളെ ആകുലപ്പെടുത്തിയേക്കാം! നാള്‍വഴി ചാര്‍ത്താന്‍ ബേതലഹേമിലേക്കുള്ള യാത്രാമധ്യേ പ്രസവവേദന ആരംഭിക്കുകയും സത്രത്തില്‍ ഇടംകിട്ടാതെ പ്രസവിക്കേണ്ടിവന്നതും മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ പുല്‍ത്തൊട്ടിയില്‍ മൃഗങ്ങളോടൊത്ത് ദിവ്യശിശുവിനോടുകൂടെ കിടക്കേണ്ടിവന്നതും… ഒരമ്മയുടെ സ്ഥാനത്തുനിന്നു നോക്കുമ്പോള്‍ ഇവയൊന്നും മഹത്തായ ഓര്‍മ്മച്ചിത്രങ്ങളായിരുന്നില്ല.

തന്‍റെ കുഞ്ഞിനേ കണ്ടുപിടിച്ച് കൊന്നുകളയാന്‍ ഹെരോദാവിന്‍റെ സൈന്യം വരുന്നുവെന്നു കേട്ടതോടെ ഈജിപ്റ്റിലേക്കു ദുർഘട പാതയിലൂടെയുള്ള യാത്രയും അവിടെയുള്ള അരിഷ്ടത നിറഞ്ഞ ജീവിതവും, വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങിവരുമ്പോള്‍ വീണ്ടും നസറെത്തില്‍ അജ്ഞാതരെപ്പോലെ താമസമാക്കേണ്ടിവരുന്നത്… ദുഃഖവും വേദനയും നിറഞ്ഞുനിന്ന എത്രയോ സംഭവങ്ങൾ!

ഒരിക്കല്‍ പെസഹാ പെരുന്നാളിന് ജെറുസലേമില്‍ പോയി മടങ്ങിവരുമ്പോള്‍ ഒരുദിവസം കഴിഞ്ഞിട്ടാണ് മകന്‍ കൂടെയില്ലെന്ന് ജോസഫും മറിയവും തിരിച്ചറിയുന്നത്. നഷ്ടപ്പെട്ട ബാലനെ അന്വേഷിച്ച് ഉത്കണ്ഠാകുലരായ ഒരു കുടുംബത്തിന്‍റെ അലച്ചിലും ദുഃഖവും എത്രയോ ഭയാനകമായിരിക്കും! മൂന്നു ദിവസത്തെ അന്വേഷണങ്ങൾക്ക് ഒടുവിൽ മകനെ കണ്ടുമുട്ടുമ്പോള്‍ അവള്‍ തന്‍റെ ദുഃഖവും ഹൃദയവേദനയും മറച്ചു വച്ചില്ല “മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്‍റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു” (ലൂക്ക് 2:48).

കടുത്ത ദാരിദ്ര്യം നിറഞ്ഞതായിരുന്നു നസറത്തിലെ അവരുടെ ജീവിതം. അവന്‍റെ പരസ്യജീവിതകാലം മുഴുവന്‍ അവളെ വേദനിപ്പിച്ചുകൊണ്ടിരുന്നത് സ്വന്തക്കാരുടെ ആരോപണങ്ങളായിരുന്നു. അവന്‍ ചിത്തഭ്രമമം ഉള്ളവനാണ് എന്നായിരുന്നു അവരുടെ ആക്ഷേപം (മര്‍ക്കോസ് 3:21).

മകന്‍ നേരിടുന്ന കൊടിയ പീഡനങ്ങള്‍ക്കും തുടര്‍ന്ന് സംഭവിക്കുന്ന അതിക്രൂരമായ കുരിശുമരണത്തിനും സാക്ഷിയാകാനുള്ള നിർണായക ഘട്ടത്തിലേക്കാണ് മറിയം വന്നെത്തിയിരിക്കുന്നത്. ഈ മഹാദുഃഖത്തെ മറികടന്നുവേണം അവള്‍ക്ക് മനുഷ്യവംശത്തിന്‍റെ മഹാസന്തോഷത്തിന്‍റെ ഭാഗമായി മാറാന്‍. ……………………………………………………*

(സ്വര്‍ഗ്ഗസ്ഥനായ തന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവരെല്ലാം തന്‍റെ സഹോദരങ്ങളുമാണെന്ന് ക്രിസ്തു പറഞ്ഞതായി മത്തായി 12:50ല്‍ ഉണ്ടല്ലോ)

മാത്യു ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്