അവൻ ശിമയോനോട് പറഞ്ഞു ,” വള്ളം അല്പം ദൂരത്തേക്ക് മാറ്റിയിടുക “(Luke 5:3)

നോമ്പിൻറെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് കുരിശിന്റെ പാതയിലൂടെയുള്ള യാത്ര – കാൽവരി കടന്നുള്ള ഉയിര്പ്പിന്റെ വിജയം ലക്ഷ്യമാക്കി നമ്മൾ തുടരുന്നു.

ജീവിത നൗക അല്പം മാറ്റിയിടാൻ നോമ്പുകാലം നമ്മെ ഓർമ്മിപ്പിക്കുന്നു. അനുദിന ജീവിതത്തിലെ സ്വാഭാവിക ഒഴുക്കിൽ നിന്നും ; അഭിമുഖീകരിക്കുന്ന ബന്ധങ്ങളുടെ തിരകളിൽ നിന്നും , ആഘോഷിക്കുന്ന അധികാരത്തിന്റെ നനുപപ്പിൽ നിന്നും , സ്വസ്ഥതയും സുഖവും ലഭിക്കുന്ന comfortable സോണിൽ നിന്നും അല്പം മാറ്റിയിടാൻ ഓർമിപ്പിക്കുന്നു നമ്മെ ഏറ്റെടുക്കുന്ന നോമ്പിൻ ത്യാഗാനുഷ്ടാനങ്ങൾ.

ഒപ്പം തന്നെ ആസ്വദിക്കുന്ന ജീവിത രസക്കൂട്ടുകളിൽ സഹോദരന്റെ കണ്ണീര് ഉപ്പുരസം പകരുന്നില്ലായെന്നു ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു. സ്ഥാന – നാമ – മഹത്വങ്ങളുടെ കസേരയിൽ ഇരുന്നു ജീവിതത്തെ വിലയിരുത്താൻ പരിശ്രമിക്കുമ്പോൾ ആ കസേരയുടെ കാലുകളുടെ ഭാരം താങ്ങുന്നത് സഹോദരന്റെ തോളുകളല്ലായെന്നു ഉറപ്പ് വരുത്തുന്നതാണ് നോമ്പിൻറെ നന്മ. അവന്റെ കുരിശിന്റെ മഹത്വത്തോട് സ്വന്തം ജീവിതത്തെ ചേർത്ത് നിര്ത്തുവാനുള്ള പരിശ്രമം സാധ്യമാകുന്നത് ” വള്ളം അല്പം മാറ്റിയിടുമ്പോഴാണ് “. അനുദിന ജീവിതത്തിൽ , ആനുകാലികതയിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തോട് നീതി പുലർത്തുന്നുവോ എന്ന് വിചിന്തനം ചെയ്യലാണ് മാറ്റിയിടപ്പെട്ട വള്ളം ഓർമിപ്പിക്കുന്നത്.

” ഞാനോ സഹോദരന്റെ കാവൽക്കാരൻ ” എന്ന ഏദൻ തോട്ടത്തിൽ ഉയർന്ന ചോദ്യം ഇന്ന് വീണ്ടും നമ്മിലൂടെ അവർത്തിക്കപ്പെടുന്നില്ലയെന്നു ഉറപ്പും സഹോദരനും സമൂഹത്തിനും ഒരു സുരക്ഷിതത്വബോധം പകർന്നുനല്കാനുമുള്ള വിളിയോട് വിശ്വസ്തത പുലർത്താനുമുള്ള പുനർവായനയാണ് നോമ്പിൻറെ ചൈതന്യം.ഓർമിപ്പിക്കുന്നു അവൻ ഇന്ന് വീണ്ടും നമ്മെ , ‘ വള്ളം അല്പം മാറ്റിയിടുക ‘ … തിരിഞ്ഞു നോട്ടത്തിലേക്കു , തിരിച്ചറിവിലേക്ക് , തിരുത്തലിലേക്കു… അങ്ങനെ നമ്മുടെ ജീവിതം സഹോദരന്റെയും സഹജീവികളുടെയും വീണ്ടെടുപ്പിന് കാരണമായി തീരട്ടെ.

fr.Ben Joseph

Message

നിങ്ങൾ വിട്ടുപോയത്