
ദൈവം ബലഹീനനായ മനുഷ്യരെ കൈവെടിയുന്നില്ല അവരെ കാത്തു പരിപാലിക്കുന്നു. ബലഹീനരുടെ ജീവിതത്തിലുണ്ടാകുന്ന അനുദിന സംഭവങ്ങള്‍ അര്‍ത്ഥ ശൂന്യമായോ ജീവിതത്തില്‍ ലക്ഷ്യമില്ലാതെയോ കടന്നുപോകുന്നില്ല. കാരണം മനുഷ്യകുലത്തിന് ദൈവം സ്രഷ്ടാവും നാഥനുമാണ്. അവിടുത്തേയ്ക്ക് ഓരോ സൃഷ്ടിക്കുമായി അന്യൂനമായൊരു പദ്ധതിയുണ്ട്. ഈ ലോകത്ത് അനീതിയാല്‍ അടിച്ചമര്‍ത്തപ്പെടുന്നവരും പരിത്യക്തരാകുന്നവരും പീഡിപ്പിക്കപ്പെടുന്നവരും, ദൈവത്തിന്റെ പദ്ധതിയിലും കരങ്ങളിലും സംരക്ഷിക്കപ്പെടും എന്ന് തിരുവചനം ഉറപ്പ് നൽകുന്നു.

ബന്ധനസ്ഥരെ സ്വതന്ത്രരാക്കുന്ന, വിശക്കുന്നവര്‍ക്ക് ആഹാരം നല്കുന്ന, അന്ധര്‍ക്കു കാഴ്ചനല്കുന്ന, വീഴുന്നവരെ താങ്ങുന്ന, നീതിമാന്മാരെ സ്നേഹിക്കുന്ന, പരദേശികളെ സംരക്ഷിക്കുന്ന, അനാഥരെയും വിധവകളെയും പരിപാലിക്കുന്ന ഒരു നീതിമാനായ ദൈവമാണ് നമുക്ക് ഉള്ളത് എന്ന് തിരുവചനം വ്യക്തമാക്കുന്നു. എന്നാൽ, ദൈവം ദുഷ്ടരുടെ വഴികള്‍ ഇഷ്ടപ്പെടുന്നില്ല. അവ ഇഷ്ടപ്പെടാതിരിക്കുക മാത്രമല്ല, അവിടുന്ന് അവരുടെ വഴികളെ തകിടം മറിയ്ക്കുന്നു. നാം ഒരോരുത്തരും കൈത്താങ്ങ് നൽകി ദരിദ്രരെയും, പാവപ്പെട്ടവരെയും സംരക്ഷിക്കുകയും, ചേർത്ത് പിടിക്കുകയും ചെയ്യണം

ഈ ലോകത്തിൽ നീതിയുള്ളവരായി ജീവിക്കുമ്പോൾ പല പ്രശ്നങ്ങളും പരീക്ഷണങ്ങളും നമുക്ക് നേരിടേണ്ടി വന്നേക്കാം. എന്നാൽ കർത്താവ് നമ്മെ ശക്തീകരിച്ച് അവയിൽനിന്നെല്ലാം നമ്മെ വീണ്ടെടുത്ത് ആത്മീകമായും ഭൗതീകമായും നമ്മെ ഉയർത്തും. നമ്മുടെ വേദനകൾ കർത്താവിന് നന്നായറിയാം. അതുകൊണ്ട് വിഷമഘട്ടങ്ങൾ വരുമ്പോൾ കർത്താവിൽ പൂർണ്ണമായും വിശ്വസിക്കുക. കർത്താവ് വചനത്തിൽ നൽകിയിരിക്കുന്ന വാഗ്ദത്തങ്ങൾ അവകാശമാക്കിക്കൊണ്ട് അതിനനുസൃതമായി ജീവിക്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.






