
രണ്ടായിരു വർഷം മുൻപ് സ്രഷ്ടാവും പരിപാലകനുമായ ദൈവം ലോകത്തിന്റെ പാപത്തിനു പരിഹാരം കാണാൻ മനുഷ്യനായി അവതരിച്ച് രക്ഷാമാർഗം തുറക്കുകയായിരുന്നു . ലോകത്തെപ്പറ്റിയുള്ള അവിടുത്തെ കരുതലിന്റെയും സ്നേഹത്തിന്റെയും പ്രത്യക്ഷീകരണമാണ് മനുഷ്യാവതാരം. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ് അതു നൽകുന്നത്. ‘‘ദൈവത്തോടുള്ള സമാനത മുറുകെപ്പിടിക്കണമെന്നു വിചാരിക്കാതെ തന്നെത്തന്നെ ശൂന്യനാക്കി ദാസ്യരൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന് കുരിശുമരണം വരെ സ്വയം താഴ്ത്തി.’’ ഈ പരിത്യാഗത്തിനു പിന്നിൽ മനുഷ്യരോടുള്ള സ്നേഹമല്ലാതെ മറ്റൊന്നുമല്ല

ദൈവസ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ അനാവരണം ചെയ്യുന്നതായിരുന്നു. യേശുവിന്റെ ജീവിതത്തിലെ ഓരോ സംഭവവും. അവിടുന്നു പ്രസംഗിച്ചും രോഗികളെ സുഖപ്പെടുത്തിയും ഗലീലിയിൽ സഞ്ചരിച്ചപ്പോൾ പ്രവർത്തിക്കുന്ന സ്നേഹം; ഗത്‌സമേനിൽ എത്തുമ്പോൾ വേദനപ്പെടുന്ന സ്നേഹത്തെയും കാൽവരിയിൽ എത്തുമ്പോൾ രക്തം വാർന്നു മരണം വരിക്കുന്ന സ്നേഹത്തെയുമാണു കാണുന്നത്. ‘‘സ്നേഹിതർക്കു വേണ്ടി ജീവനെ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല’’ എന്നു പ്രസ്താവിക്കുക മാത്രമല്ല, സ്വജീവിതത്തിൽ അതു തെളിയിക്കുകയും ചെയ്തു. സ്നേഹത്തിനു തടസ്സമായി നിൽക്കുന്നതു സ്വാർഥതയും അധികാര പ്രമത്തതയും വിദ്വേഷത്തെയും നമ്മളുടെ ജീവിതത്തിൽ നിന്ന് അകറ്റാം.

വി യോഹന്നാൻ ശ്ലീഹായുടെ വാക്കുകൾ ഈ പശ്ചാത്തലത്തിൽ പ്രസക്തമാണ്. ‘‘നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്നേഹിക്കയും നമ്മുടെ പാപങ്ങൾക്കു പരിഹാരത്തിനായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം. പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇപ്രകാരം സ്നേഹിച്ചെങ്കിൽ നാമും പരസ്പരം സ്നേഹിപ്പാൻ കടപ്പെട്ടിരിക്കുന്നു’’ (1 യോഹ. 4: 10,11). സ്നേഹത്തിനായി ദാഹിക്കുന്ന ഹൃദയങ്ങൾ ഇന്ന് എവിടെയുമുണ്ട്. സ്നേഹത്തിന്റെ വ്യാപരണ കേന്ദ്രങ്ങളായിരിക്കേണ്ട ഭവനങ്ങളിൽ സ്നേഹശൂന്യതയാണ് ഇന്നത്തെ പ്രശ്നം. ഈ വർഷത്തെ ക്രിസ്മസിൽ സ്നേഹത്തിന്റെ ആത്മാവ് വ്യക്തികളിലും സമൂഹത്തിലും വ്യാപരിക്കേണ്ടതിനു പരിശ്രമിക്കാം, പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ



ക്രിസ്തുമസ് മംഗളാശംസകൾ







