ക്രിസ്തീയ ജീവിതം വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ട ജീവിതമാണ് എന്നാൽ തിന്മയുടെ അന്ധകാരം ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്തിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. മനുഷ്യന്റെ വിശുദ്ധിയില്ലായ്മയും സ്‌നേഹരാഹിത്യവുമാണ് അവന്‍ ഇന്ന് അനുഭവിക്കുന്ന അശാന്തതയുടെ മുഖ്യ കാരണം. ആയതിനാൽ നാം അസാൻമാർഗികതയിൽ നിന്നു ഒഴിഞ്ഞു മാറണം. ദൈവ സ്വഭാവത്തിന്റെ അന്തസത്ത സ്‌നേഹമാകുന്നു. അനന്ത സ്‌നേഹത്താല്‍, ഒരിക്കലും നിലയ്ക്കാത്ത സ്‌നേഹത്താല്‍ ദൈവം നമ്മെ സ്‌നേഹിക്കുന്നു.

ദൈവത്തിനു നമ്മോടുള്ള അനന്തമായ സ്‌നേഹത്തിന്റെ ഏറ്റവും വലിയ പ്രകാശനമാണല്ലോ തന്റെ ഏക പുത്രനെ മനുഷ്യരക്ഷയ്ക്കായി നല്‍കിയെന്നത്.വിശുദ്ധിയിലേക്കുള്ള ദൈവത്തിന്റെ വിളി സ്വീകരിക്കുവാനും ആ വിളിക്കനുസരിച്ചു ജീവിക്കാനുമുള്ള ആത്മാര്‍ത്ഥമായ പരിശ്രമമാണ് വിശ്വാസ ജീവിതം. ദൈവത്തോടും തന്നോട് തന്നെയും മറ്റു ള്ളവരോടും ഉള്ള കടമകള്‍ വിശ്വസ്തതയോടെ നിറവേറ്റി കൊണ്ട് വിശുദ്ധിയുടെ പ്രയാണം തുടരുവാന്‍ നാം പരിശ്രമിക്കണം.വിശ്വാസത്താല്‍ അധിഷ്ഠിതമായ ജീവിതത്തിലൂടെ വിശുദ്ധിയുടെയും സ്‌നേഹത്തിന്റെയും തീര്‍ത്ഥയാത്രയില്‍ മുന്‍പോട്ടു പോകേണ്ടവരാണ് ക്രിസ്ത്യാനികള്‍.

വിശുദ്ധിയുടെ വഴിയില്‍ എത്തിച്ചേരണമെങ്കില്‍ തിരുവചനം ചൂണ്ടുപലകകള്‍ കാണിച്ചു തരുന്ന വഴിയിലൂടെ ബഹുദൂരം സഞ്ചരിക്കണം. ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയില്‍ വളരണമെന്ന് ആഗ്രഹിക്കുന്ന നമ്മള്‍ ഓരോരുത്തരും ഏതു പ്രയാസമേറിയ ജീവിത സാഹചര്യങ്ങളിലും സ്‌നേഹപൂര്‍ണതയില്‍ പ്രമാണങ്ങള്‍ അനുസരിച്ചു കൊണ്ട് ജീവിത വിശുദ്ധി കൈവരിക്കണം.വിശുദ്ധിയുടെ വഴിയിലേക്കുള്ള നമ്മുടെ വിളിയില്‍ നിലനില്‍ക്കുവാന്‍ പരിശുദ്ധാൽമ ശക്തിയിലൂടെ നാം നിരന്തരം പരിശ്രമിക്കണം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്