“ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമായി”( Jn:10:10) വന്നവൻ അപ്പമായി മാറി; ജീവന്റെയും ജീവിതത്തിന്റെയും ഭാഗമായി മാറാൻ. അങ്ങനെ മനുഷ്യനെ നിത്യജീവന് അർഹനാക്കി അവൻ തന്നെത്തന്നെ പകുത്തുകൊടുത്തു.

അവൻ കൊടുത്ത അപ്പം തിന്നപ്പോൾ കണ്ണുകൾ തുറക്കപ്പെട്ട ശിഷ്യരെ കുറിച്ച് ആദരവോടെ ചിന്തിക്കുന്നവർ ആനുകാലികതയിൽ കുർബ്ബാന “കാണാൻ” പോകുന്നവരായി മാറിയിരിക്കുന്നു. ‌

മുറിക്കപ്പെട്ട അപ്പത്തിന്റെ സത്തയെ മറന്ന് അതിനെ തന്റെ ബൗദ്ധികതയിലേക്ക് ഒതുക്കാനും ക്രിസ്തു സ്നേഹികൾ തുടങ്ങിയപ്പോൾ വി. കുർബ്ബാന അപഹാസ്യങ്ങൾക്കും അവഹേളനങ്ങൾക്കും കാരണമായി മാറി; സമൂഹത്തിൽ അപചയവും.

വി. കുർബ്ബാന ‘ people friendly’ ആക്കാനുള്ള പരിശ്രമങ്ങൾ ‘ ജനകോടികളുടെ വിശ്വസ്ത വ്യക്തികൾ ‘ തുടങ്ങിയപ്പോൾ ബലിയർപ്പണത്തിലെ വ്യതിരക്തതയും കൂദാശാ മൂല്യവും ചോദ്യം ചെയ്യപ്പെടാൻ തുടങ്ങി.

സ്വന്തം കഴിവും മികവും പ്രകടിപ്പിക്കാനുള്ള സ്ഥലമായി ബലിവേദികളെ മാറ്റിയവർ സാദാരണ വിശ്വാസികൾക്ക് ഉതപ്പിന്‌ കാരണമായി മാറുകയാണെന്ന് തിരിച്ചറിയാതെ പോയതാണ് വീഴ്ച്ചയ്ക് കാരണം.

വി. കുർബ്ബാനയിൽ ജീവിതത്തിന്റെ അർത്ഥവും ആഴവും കണ്ടെത്തി, തങ്ങളുടെ സാന്നിദ്ധ്യം തന്നെ അനുഗ്രഹമാക്കാൻ വിളിക്കപ്പെട്ടവരും, ദാഹത്തോടും തീക്ഷ്ണതയോടും കൂടി മുറിക്കപ്പെടുന്ന വചനവും അപ്പവും ഭക്ഷിക്കുന്നതിനായി ബലിവേദിയാകുന്ന തീന്മേശയ്ക് ചുറ്റും കൂടേണ്ടവരും ഒരുപോലെ ക്രിസ്തുവിന്റെ ശരീരത്തെ ലേലം വിളിക്കാൻ തുടങ്ങിയപ്പോൾ … അപചയങ്ങളും അന്തഃഛിദ്രങ്ങളും സ്വാഭാവികമായി വളർന്നു . വിശുദ്ധമായതു പന്നിക്കൂട്ടിലേക്കു വലിച്ചെറിയപ്പെട്ടു.

” നിങ്ങൾ പ്രാവുകളെ പോലെ നിഷ്കളങ്കരും സർപ്പങ്ങളെ പോലെ വിവേകികളുമായിരിക്കാൻ” ഓർമിപ്പിച്ചവന്റെ വാക്കുകൾ തങ്ങൾക്കുള്ളതല്ലായെന്നു ചിന്തിക്കുക മാത്രമല്ല, തിരുവചനങ്ങൾ അപേക്ഷികമാക്കി വ്യാഖ്യാനിക്കാനും തല്പര സഭാസ്നേഹികൾ തയ്യാറായപ്പോൾ വീണ്ടും അവൻ തെരുവീഥിയിൽ നഗ്നനാക്കപ്പെടുന്നു എന്നതാണ് സത്യം.എന്നിട്ട് മടി കൂടാതെ പറയുന്നു : എല്ലാം സഭയ്ക്കു വേണ്ടി , ക്രിസ്തുവിനെ പ്രതി ; ക്രിസ്ത്യാനിയുടെ നവോദ്ധാനത്തിന് വേണ്ടി !!!

വി. മദർ തെരേസ ഓർമിപ്പിക്കുന്നു:O priest of Christ, celebrate this Eucharist as if it’s your first Mass, your last Mass and the only Mass.ഇത് ബലിയർപ്പകൻ മാത്രമല്ല, ഭാഗമാകുന്നവരും മനനം ചെയ്യേണ്ടതാണ്. അതേ, അപ്പമായി മാറിയവൻ ഇന്നും ക്ഷണിക്കുന്നു, നീട്ടിപ്പിടിച്ച കാരങ്ങളോടെ; അവനെ അറിയാൻ അവനെ അനുഭവിക്കാൻ അവന്റേതായി മാറാൻ അവനെ പകർന്നു നല്കാൻ

മുറിക്കപ്പെട്ട അപ്പത്തിന്റെ ഈ തിരുനാൾ ഒരു ആത്മശോധനയ്ക്കും അവബോധത്തിനും കാരണമാകട്ടെ. സമൂഹത്തെ/ സഹോദരനെ നന്നാക്കാൻ വ്യാപൃതനായിരിക്കുന്നതിനിടയിൽ ഒരു നിമിഷം കണ്ണാടി സ്വന്തം മുഖത്തിന് നേരെ തിരിക്കാം.

കാഴ്ചകളും കാഴ്ചപ്പാടുകളും വിലയിരുത്താം. ആവശ്യമെങ്കിൽ കണ്ണടകൾ മാറ്റാനുള്ള ആർജ്ജവത്വം തരണേ എന്ന് വിഴുങ്ങുന്ന അപ്പത്തിനൊപ്പം അർത്ഥനായി സമർപ്പിക്കാം.

അപ്പം ഭക്ഷിച്ചപ്പോൾ കണ്ണുകൾ തുറക്കപ്പെട്ട ശിക്ഷ്യരെ പോൽ, തുറക്കട്ടെ മുറിക്കപ്പെട്ട അപ്പത്തിൽ പങ്കുകാരാകുന്ന ഏവരുടെയും കണ്ണുകൾ .

വി. കുർബ്ബാനയുടെ മഹത്വവും പൂർണതയും നേരുന്നു ഏവർക്കും.

✍️Ben Fr

നിങ്ങൾ വിട്ടുപോയത്