ക്രിസ്തുവിൽ ജീവിക്കേണ്ടവർ

ലോകത്തെക്കുറിച്ചും അതിൻ്റെ കാപട്യത്തെക്കുറിച്ചും നമ്മൾ എന്തൊക്കെ തന്നെ പറഞ്ഞാലും, മറ്റുള്ളവർക്കായി ജീവത്യാഗം ചെയ്തവരെ ഓർമ്മയിൽ സൂക്ഷിക്കുക എന്ന മനോഹരമായ ഒരു പ്രവണത അതിനുണ്ട്. ഓരോ രാജ്യവും, യുദ്ധങ്ങളിൽ അവർക്കായി ജീവൻ ഹോമിച്ച വീരനായകന്മാരുടെ ഓർമ്മക്ക്‌ അനുസ്മരണ ദിനങ്ങൾ ആചരിക്കാറുണ്ട്. അപ്പോൾ, ഏതെങ്കിലും ഒരു രാഷ്ട്രത്തിനായി മരിച്ചവരെ ഇത്രക്കും കൃതജ്ഞതയോടെ നമ്മൾ സ്മരിക്കുന്നുണ്ടെങ്കിൽ ലോകത്തിന് മുഴുവനും വേണ്ടി മരിച്ചവനെ നമ്മൾ എങ്ങനെ സ്മരിക്കണം? മറ്റുള്ളവർക്ക് വേണ്ടി ജീവൻ ബലികഴിച്ചവരെ നമ്മൾ ഇത്രയധികം ഓർക്കുന്നുണ്ടെങ്കിൽ, ആരുടെ മരണത്തിൽ നിന്നാണോ എല്ലാ ത്യാഗങ്ങൾക്കും ഇത്രയും അംഗീകാരവും ശ്രേഷ്ഠപ്രചോദനവും ലഭിച്ചത്, അവനെ നമ്മൾ എത്രയധികം ഓർക്കണം? ഒരിക്കലും നഷ്ടപ്പെടാൻ പാടില്ലാത്ത അത്രക്ക് മനോഹരമാണ് കാൽവരി ! ഒരിക്കലും മറവി മൂടാൻ പാടില്ലാത്തത്ര വിശുദ്ധമാണ് എല്ലാവരുടെയും രക്ഷകനായവന്റെ ഭാരം വഹിക്കുന്ന കുരിശ്!

‘സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹം ഇല്ല’. അത്തരം സ്നേഹത്തിന് ചിരപ്രതിഷ്ഠ ലഭിക്കാനുള്ള അർഹതയുണ്ട്. ആരും അത് മറക്കാതിരിക്കാൻ – പക്ഷേ വളരെ പെട്ടെന്ന് നമ്മൾ മറക്കുന്നു – നമ്മുടെ കർത്താവ് തൻ്റെ ത്യാഗത്തിൻ്റെ ഒരു സ്മാരകം സ്ഥാപിക്കാൻ തീരുമാനിച്ചു. മരണം അടുത്തെത്തി എന്ന് തോന്നുമ്പോൾ മിക്കവരും, അവരുടെ വസ്തുവകകൾ, സ്വത്തവകാശം എന്നിവയൊക്കെ ആരാണ് ഇനി വിനിയോഗിക്കേണ്ടത് എന്ന് വ്യക്തമാക്കുന്ന വിൽപ്പത്രങ്ങളും ഇഷ്ടദാനകുറിപ്പുകളും തയ്യാറാക്കുന്നു. നമ്മുടെ കർത്താവും അവൻ്റെ മരണത്തിൻ്റെ തലേദിവസം തൻ്റെ മരണപത്രവും ഇച്ഛയും വെളിപ്പെടുത്തി, എന്നാൽ മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി, മരിക്കുമ്പോൾ ഒരാൾക്കും ഇവിടെ വിട്ടുപോകാൻ കഴിയാത്തത് അവൻ വിട്ടിട്ടു പോയി : അവനെത്തന്നെ!

അവനത് ചെയ്യാൻ കഴിയും, കാരണം അവൻ ദൈവമാണ്. അവൻ അവനെത്തന്നെ ഇവിടെ വിട്ടുപോയത് നിസ്സംഗഭാവത്തോടെയല്ല പിന്നെയോ, സ്നേഹം അതിൻ്റെ പാരമ്യത്തിലെത്തിയ ദുഃഖവെള്ളിയാഴ്ചയിലെ ത്യാഗത്തിന്റെ ആ പരമോന്നത പ്രവൃത്തിയിലൂടെയാണ്. കുരിശിലെ അതിഭീകര സഹനങ്ങളിലൂടെ അവൻ്റെ രക്തം ശരീരത്തിൽ നിന്ന് വേറിട്ട്‌ മാറിയതിനെ സൂചിപ്പിക്കാൻ അവൻ തിരഞ്ഞെടുത്തത് അപ്പത്തിൻ്റെയും വീഞ്ഞിന്റെയും പ്രതീകമാണ്. അപ്പോൾ മുതൽ വിശുദ്ധ വ്യാഴം എന്നറിയപ്പെട്ട ആ രാത്രിയിൽ, സജ്ജീകരിക്കപ്പെട്ട മാളിക മുറിയിൽ അപ്പസ്തോലൻമാരെയെല്ലാം ഒന്നിച്ചു കൂട്ടിയിരിക്കുമ്പോൾ, പതിനെട്ടു മണിക്കൂറുകൾക്കകം നടക്കാനിരിക്കുന്ന കുരിശിലെ ബലിയെ മുൻകൂട്ടി കാണുകയായിരുന്നു അവൻ.

ആദ്യം അപ്പത്തിൻ്റെയും പിന്നെ വീഞ്ഞിൻ്റെയും ഒറ്റക്കുള്ള ആശിർവ്വാദത്തിലൂടെ ഈശോ പ്രതീകാത്മകമായി, വേഗം തന്നെ നടക്കാൻ പോകുന്ന ക്രൂശീകരണത്തെ, ഈലോകരക്ഷക്കായി ഒന്നിൽ നിന്ന് മറ്റൊന്ന് വേർതിരിക്കപ്പെടാൻ പോകുന്ന തന്റെ ശരീരത്തെയും രക്തത്തെയും സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ അപ്പമായും ജീവൻ നൽകുന്ന വീഞ്ഞുമായും സൂചിപ്പിച്ചു. അങ്ങനെ, അവനായി ഒരുക്കി വെച്ചിരിക്കുന്നത് അവൻ സമർപ്പിക്കുകയായിരുന്നു, തൻ്റെ പിതാവിൻ്റെയും മനുഷ്യവംശത്തിൻ്റെയും മുമ്പാകെ മരണത്തിലേക്കുള്ള തൻ്റെ രക്തസ്നാനത്തെ. അന്ന് സായാഹ്നത്തിൽ അവിടെ നടന്നത് എല്ലാവർക്കും അറിയാം. ‘അവര്‍ ഭക്‌ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത്‌ ആശീര്‍വദിച്ചു മുറിച്ച്‌ ശിഷ്യന്‍മാര്‍ക്കു കൊടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു: “വാങ്ങി ഭക്‌ഷിക്കുവിന്‍; ഇത്‌ എന്റെ ശരീരമാണ്‌.” അനന്തരം പാനപാത്രമെടുത്ത്‌ കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്‌ അവര്‍ക്കുകൊടുത്തുകൊണ്ടു പറഞ്ഞു: “നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്‌തമാണ്‌’’.

എന്നിട്ട്, എല്ലായിടത്തേക്കും എല്ലാ കാലങ്ങളിലേക്കും, നമുക്ക് നിത്യജീവൻ സമ്മാനിച്ച മരണത്തിൻ്റെ സ്മരണ ആഗ്രഹിക്കുന്ന എല്ലാ ഹൃദയങ്ങളിലേക്കും നോക്കി, അവൻ പറഞ്ഞു, “എൻ്റെ ഓർമ്മയ്ക്കായി നിങ്ങൾ ഇത് ചെയ്യുവിൻ”.

പിറ്റേന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്, അന്ത്യ അത്താഴവേളയിൽ ഈശോ മുൻകൂട്ടി കണ്ടതും മുൻകൂട്ടി സൂചിപ്പിച്ചതും രഹസ്യമാത്മകമായി കാണിച്ചുതന്നതുമായത് സംഭവിച്ചു : അവൻ്റെ ശരീരം പീഡകർക്ക് ഏൽപ്പിച്ചു കൊടുക്കപ്പെട്ടു, അവൻ്റെ രക്തം ധാരയായി ഒഴുകി.

ഇപ്പോൾ ഇതാ നമ്മൾ, ആ അന്ത്യ അത്താഴത്തിൽ നിന്നും ഗാഗുൽത്ത കടും ചുവപ്പായതിൽ നിന്നും രണ്ടായിരം വർഷങ്ങൾക്കിപ്പുറം , അത് രണ്ടും മനസ്സിൽ കണ്ടുകൊണ്ട്, അവൻ- മനുഷ്യനായ ദൈവം- തന്റെ മരണപത്രവും അവസാനത്തെ ആഗ്രഹവും ഓർമ്മയിൽ സൂക്ഷിക്കാൻ നമ്മളോട് യാചിച്ചു എന്ന സത്യം ഓർത്തുകൊണ്ട്, ലോകത്തെ നോക്കി നമ്മളോട് തന്നെ ഈ ചോദ്യങ്ങൾ ചോദിക്കാം :

അവന്റെ ഓർമ്മക്കായി അന്ത്യ അത്താഴവേളയിൽ അവൻ നമ്മളോട് ചെയ്യാൻ ആവശ്യപ്പെട്ടത് ആരാണ് ചെയ്യുന്നത്?

ആഴത്തിലാഴ്ന്നു പോയ സ്നേഹം ബലിയായി തെളിഞ്ഞുയർന്ന കുരിശിലേതു പോലെ, അപ്പവും വീഞ്ഞും കയ്യിലെടുത്ത് നിഗൂഢവാളാകുന്ന കൂദാശവചനങ്ങളാൽ, അവന്റെ ശരീരവും രക്തവും അന്ന് വേർതിരിഞ്ഞത് പുനരവതരിപ്പിക്കുന്നത് ആര്?

കാൽവരിയിലെ ബലി രക്തരഹിതമായ രീതിയിൽ പുനരാവിഷ്‌ക്കരിക്കുന്ന അനുസ്മരണ ചടങ്ങുകൾ ഓരോ ദിനവും ചെയ്യുന്നതാര്?

ഉത്തരത്തിനായി ലോകത്തിലെ ഏതെങ്കിലും ഒരു കത്തോലിക്കാ പള്ളിയിൽ അതിരാവിലെ പ്രവേശിക്കാം. മാളികമുറിയിലുണ്ടായിരുന്നവരുടെ പാരമ്പര്യവുമായി ഒത്തുപോകുന്ന വിധത്തിൽ, അൾത്താരയിൽ കയറി, അപ്പവും വീഞ്ഞും കയ്യിലെടുത്ത് നമ്മുടെ കർത്താവിൻ്റെ തന്നെ വാക്കുകൾ പുരോഹിതൻ അതിൽ നിശ്വസിക്കേ, മണി മുഴങ്ങുന്നു, പള്ളിയിലുള്ള എല്ലാ ശിരസ്സുകളും പ്രാർത്ഥനയിൽ കുമ്പിടുമ്പോൾ, പുരോഹിതൻ നമ്മുടെ കർത്താവും രക്ഷകനുമായവന്റെ ശരീരമായ അപ്പത്തിനേയും രക്തമായ വീഞ്ഞിനേയും ആരാധിച്ചുകൊണ്ട് മുട്ടുകുത്തി നിൽക്കുന്നത് നിങ്ങൾ കാണും. കുരിശ് ഭൂമിക്ക് മുകളിൽ അന്ന് ഉയർന്ന പോലെ, ഇവ രണ്ടും പുരോഹിതന്റെ തലയ്ക്ക് മുകളിൽ ഉയരുമ്പോൾ, സ്നേഹിക്കുന്ന ഹൃദയങ്ങൾക്കിടയിലൂടെ, ക്രൂശിക്കുന്ന കരങ്ങൾക്കിടയിലൂടെ, എങ്ങനെയാണ് അതേ കർത്താവ് കാൽവരിയെ ഉയർത്തി നാട്ടുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും.

ആരൊക്കെയോ അവൻ്റെ വാക്കുകൾ ഇന്നും ഓർക്കുന്നുണ്ട്. “എൻ്റെ ഓർമ്മയ്ക്കായി നിങ്ങൾ ഇത് ചെയ്യുവിൻ”, ഇത് വീണത് ബധിരരുടെ ചെവികളിലല്ല. കാൽവരി ഒരിക്കലും മറക്കാനാവാത്ത വിധം മനോഹരമാണ്. അത് ഓർമ്മിക്കപ്പെടുന്നു! അനുസ്മരിക്കപ്പെടുന്നു! പുനരവതരിപ്പിക്കപ്പെടുന്നു! പുനരാവർത്തിക്കപ്പെടുന്നു! സ്ഥലത്തിലൂടെയും കാലങ്ങളിലൂടെയും അത് തുടർന്നുപോകുന്നു.. അതിന്റെ സ്മാരകമാണ് പരിശുദ്ധ കുർബ്ബാന.

വീര സൈനികരുടെ അനുസ്മരണ ദിനത്തിലെന്ന പോലെ, പരിശുദ്ധ കുർബ്ബാന നമുക്ക് ഒരു അനുസ്മരണ ചടങ്ങ് മാത്രമാണെങ്കിൽ ; അല്ലെങ്കിൽ അന്ത്യ അത്താഴത്തെ അനുകരിച്ച് അൾത്താരയാകുന്ന സ്റ്റേജിൽ ശുശ്രൂഷ നടക്കുമ്പോൾ നമ്മൾ നിഷ്‌ക്രിയരായ കാഴ്ചക്കാരായി നിൽക്കുകയാണെങ്കിൽ ; അതുമല്ലെങ്കിൽ അന്ത്യ അത്താഴത്തിലെ മനോഹരവചനങ്ങളുടെ വെറും ആവർത്തനം മാത്രമായി ആ പ്രാർത്ഥനകൾ മാറുന്നുവെങ്കിൽ; അതിൽ വലിയ അപകടമുണ്ട്…

അല്ല…ഇതൊന്നുമല്ല പരിശുദ്ധ കുർബ്ബാന.

ക്രിസ്തുവിൻ്റെ ഭൗതികശരീരം ബലിയർപ്പിക്കപ്പെട്ട കാൽവരിയോട് ഒന്നായി ചേർന്ന് ക്രിസ്തുവിന്റെ മൗതികശരീരത്തിന്റെ ബലിയാണ് വിശുദ്ധ കുർബ്ബാന.

മറ്റൊരു തരത്തിൽ പറഞ്ഞാൽ, പരിശുദ്ധ കുർബ്ബാന എന്ന് പറയുന്നത് ലൗകികയാഥാർത്ഥ്യത്തിനപ്പുറം, സ്വർഗ്ഗത്തിലുള്ള മഹത്വീകരിക്കപ്പെട്ട ക്രിസ്തു അവന്റെ കുരിശിലെ ബലി നമ്മളിലൂടെ നീട്ടിക്കൊണ്ട് പോകുന്നതാണ്. പുരോഹിതനും ബലിമൃഗവും അവിടുന്ന് തന്നെ ആണെങ്കിലും കുരിശിലെയും കുർബ്ബാനയിലെയും അർപ്പണം ഒന്നുപോലെയല്ല. കുരിശിൽ അവൻ തനിച്ചായിരുന്നു ; വിശുദ്ധ ബലിയിൽ അവൻ നമ്മളോട് കൂടെയാണ്. ഒരിക്കൽ തന്റെ മൗതിക ശരീരത്തോട് ചേരാനുള്ള എല്ലാവർക്കും വേണ്ടി കുരിശിൽ അവൻ തന്റെ ജീവൻ അർപ്പിച്ചു. തന്റെ മൗതികശരീരത്തിൽ ഉൾചേർന്ന എല്ലാവർക്കും വേണ്ടി പരിശുദ്ധ കുർബ്ബാനയിൽ ബലി വീണ്ടും പുതുക്കപ്പെടുകയാണ്. കുരിശിൽ സ്വയം അർപ്പിച്ചത് ചരിത്രപരനായ ക്രിസ്തുവാണ്. എന്നാൽ പരിശുദ്ധ കുർബ്ബാനയിൽ മൗതികനായ ക്രിസ്തുവാണ് ( ക്രിസ്തുവും നമ്മളും ) സ്വയം അർപ്പിക്കുന്നത്. കുരിശ് ജറുസലേമിൽ രണ്ടായിരത്തിൽ പരം വർഷങ്ങൾക്ക് മുൻപായിരുന്നു നാട്ടപ്പെട്ടത്. കുർബ്ബാന എന്നത് സ്ഥലങ്ങളിലൂടെയും സമയങ്ങളിലൂടെയും യാഥാർഥ്യമാകുന്ന അതേ കുരിശാണ്. കാൽവരിക്കും ഇന്നിനുമിടയിൽ സമയമോ സ്ഥലമോ ഇല്ല. കുരിശിൽ ഈശോയുടെ മനുഷ്യസ്വഭാവം ഏറെ സഹിക്കേണ്ടി വന്നു. കുർബ്ബാനയിൽ അവന്റെ മനുഷ്യസ്വഭാവം മഹത്വീകൃതമായിരിക്കുന്നതുകൊണ്ട് , അവന്റെ മൗതികശരീരത്തിൽ ഉൾപ്പെടുന്നവരുടെ മനുഷ്യസ്വഭാവം വഴിയല്ലാതെ ഇനിയവന് ശരീരത്താൽ സഹിക്കേണ്ടി വരികയില്ല. രക്ഷ കൊണ്ടുവരുന്നത് കുരിശാണ്. അത് പ്രയോഗിക്കപ്പെടുന്നത് പരിശുദ്ധ കുർബ്ബാനയിലാണ്. കുർബ്ബാന എന്ന് പറയുന്നത് ക്ഷമയും സ്നേഹവും ശക്തിയും പാപമോചനവും അടങ്ങിയ, അതെല്ലാം ഈ സമയം വരേയ്ക്കും നീട്ടിത്തന്നിരിക്കുന്ന ഗാഗുൽത്താ എന്ന യാഥാർഥ്യത്തിന്റെ മഹത്തായ അനുഭവമാണ്.

ഞാൻ പറയുന്നത്, കുർബ്ബാന കാൽവരിയുടെ വെറും ശൂന്യമായ പ്രതീകമല്ല അവന്റെ മൗതിക ശരീരത്തിന്റെ, സഭയുടെ, ബലിയാണ് എന്നാണ് . കർത്താവ് തന്റെ അമ്മയിൽ നിന്ന് സ്വീകരിച്ച മനുഷ്യ സ്വഭാവം, അവന്റെ തന്നെ വ്യക്തിത്വത്തോട് ചേർത്തും കുരിശിലെ പുരോഹിതനായും , മനുഷ്യരാശിയുടെ പാപങ്ങൾക്ക് പരിഹാരമായി പിതാവിന് സമർപ്പിച്ചു. പുനരുത്ഥാനത്തിനും സ്വർഗ്ഗാരോഹണത്തിനും ശേഷം ആ മാനുഷിക സ്വഭാവം സ്വർഗത്തിൻ്റെ മഹത്വത്തിലേക്ക് ഉയർത്തപ്പെട്ടു. യേശുവിൻ്റെ മാനുഷിക സ്വഭാവം ഇനിയൊരിക്കലും പീഡിപ്പിക്കപ്പെടുകയില്ല. കുരിശുമരണത്തിനും ഉത്ഥാനത്തിനും അപ്പുറത്തുള്ള അതിന്റെ പ്രതിഫലത്തിലേക്ക് അത് പ്രവേശിച്ചിരിക്കുന്നു. “മരിച്ചവരില്‍നിന്ന്‌ ഉത്‌ഥാനം ചെയ്‌ത ക്രിസ്‌തു ഇനി ഒരിക്കലും മരിക്കുകയില്ലെന്നു നമുക്കറിയാം. മരണത്തിന്‌ അവന്റെ മേല്‍ ഇനി അധികാരമില്ല”.

നമ്മൾ മുഖേന അല്ലാതെ യേശുവിന് തൻ്റെ പൗരോഹിത്യ പദവിയിലേക്ക് ഒന്നും ഇനി കൂട്ടിചേർക്കാൻ കഴിയില്ല. ഇതാണ് അവൻ തനിക്കായി തിരഞ്ഞെടുത്തത്. തന്റെ അമ്മയിൽ നിന്ന് സ്വീകരിച്ച തന്റെ മനുഷ്യസ്വഭാവത്തിൽ എന്താണോ ചെയ്തത് അതുപോലെ, ലോകമെമ്പാടും ചിതറിക്കിടക്കുന്ന മറ്റ് മനുഷ്യസ്വഭാവങ്ങളുമായി ചേർന്ന് അവൻ ചെയ്യാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് സ്വർഗ്ഗത്തിലെ മൗതികശരീരത്തിന്റെ ശിരസ്സ് എന്ന നിലയിൽ മറ്റുള്ളവരെയെല്ലാം തന്നിലേക്ക് വിളിക്കുന്നു. അവന്റെ പുതിയ മൗതികശരീരമായി, മറ്റ് പീറ്റർമാരെ, പോളുമാരെ, യോഹന്നാൻമാരെ, മർത്താമാരെ, മേരിമാരെ, തെരേസമാരെ, അഗസ്റ്റിൻമാരെ, സിറിലുമാരെ, ബോസ്കോമാരെ, ചെറുപുഷ്പങ്ങളെ – ഒറ്റവാക്കിൽ പറഞ്ഞാൽ മാമോദീസയിലൂടെ അവനോട് സംയോജിക്കപ്പെട്ട ദശലക്ഷക്കണക്കിന് പുരുഷന്മാരെയും സ്ത്രീകളെയും. തന്റെ രക്ഷാകര പൗരോഹിത്യം അവരാലും അവരിലൂടെയും തുടരാനായി, അവരുടെ മനുഷ്യസ്വഭാവങ്ങളെ സ്നേഹത്തോടെ തനിക്ക് തരാൻ അവൻ അവരോട് പറയുന്നു, അപ്പോൾ അവന്റെ മാനുഷികസ്വഭാവത്തിൽ കൂടി മാത്രമല്ല നമ്മുടേതിൽ കൂടിയും പുതുതായി തന്റെ സ്വർഗീയ പിതാവിന് ഒരിക്കലും അവസാനിക്കാത്ത പൗരോഹിത്യബലി അവന് അർപ്പിക്കാനാകും.

പ്രതിസന്ധി ഘട്ടത്തിൽ, മഹാനായ ദേശസ്നേഹി തൻ്റെ രാജ്യത്തിനുവേണ്ടി സ്വന്തജീവൻ അർപ്പിക്കാൻ മാത്രമല്ല, മറ്റുള്ളവരെ തന്നിലേക്ക് അണിനിരത്താനും ശ്രമിക്കുന്നു, അവരുടെ നിസ്വാർത്ഥപ്രവൃത്തിയിലൂടെ മുഴുവൻ രാഷ്ട്രവും സംരക്ഷിക്കപ്പെടുന്നു, അതുപോലെ സ്വർഗ്ഗത്തിലെ മഹത്വീകൃതനായ ക്രിസ്തു, തന്റെ നേതൃത്വത്തിൽ കീഴിൽ എന്റെയും നിങ്ങളുടെയും -നമ്മളെല്ലാവരുടെയും -പേര് ചേർക്കാനായി ഉത്സാഹിക്കുന്നു , അവൻ ചെയ്തതുപോലെ സ്നേഹം നിറയേണ്ട മറ്റ് കാൽവരികളിലെയും വിജയങ്ങൾ നേടിയെടുക്കാനായി അവന്റെ കുരിശിലെ അർപ്പണത്തിനൊപ്പം നമ്മളും സ്വയം അർപ്പിക്കാൻ.

ഈ പേര് ചേർക്കൽ നടക്കുന്നത് അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും രൂപത്തിൽ നമ്മൾ അർപ്പിക്കപ്പെടുന്ന കാഴ്ചസമർപ്പണ നേരത്താണ്. അനേകം ഗോതമ്പുമണികളിൽ നിന്നെടുത്ത അപ്പം ഒന്നായിരിക്കുന്നതുപോലെ ; അനേകം മുന്തിരിപ്പഴങ്ങളിൽ നിന്ന് എടുത്തതാണെങ്കിലും വീഞ്ഞ് ഒന്നാണെന്ന പോലെ, അവന്റെ മൗതികശരീരത്തിൽ അനേകകോശങ്ങളുണ്ടെങ്കിലും നമ്മളെല്ലാം ക്രിസ്തുവിൽ ഒന്നാണ്…

…ബലിപീഠത്തിലേക്ക് അപ്പവും വീഞ്ഞും കൊണ്ടുവരുന്നവർ തങ്ങളെത്തന്നെയാണ്‌ കൊണ്ടുവരുന്നത്.

വിശുദ്ധ കുർബ്ബാനയിൽ , കാഴ്ച അർപ്പണസമയത്ത് വിശ്വാസികളുടെ പങ്കിനെ മതിയായ രീതിയിൽ വിവരിക്കുന്ന എന്തെങ്കിലും ഭാഗം ഉണ്ടെങ്കിൽ, അത് നമ്മുടെ കർത്താവ് കാൽവരി കുന്നിൽ തൻ്റെ വലിയ കുരിശിന് മുന്നിൽ നിൽക്കുന്ന ചിത്രമാണ്. അതേ കുന്നിൽ തിക്കിതിരക്കിക്കൊണ്ട് നമ്മുടെ ചെറിയ കുരിശുകൾ നീട്ടിപ്പിടിച്ച്, നമ്മൾ അവൻ്റെ വലിയ കുരിശിനരികിൽ അവൻ്റെ ചുറ്റുമായി നിൽക്കുന്നു. നമ്മോടുള്ള അവന്റെ സ്നേഹം മരണത്തെക്കാൾ ശക്തമാണെന്ന് തെളിയിച്ചു കൊണ്ട്, കുരിശിനടുത്തേക്ക് നടന്ന് അവന്റെ ജീവിതം അവൻ അർപ്പിക്കുന്ന നിമിഷം, പുണ്യത്തോടുള്ള നമ്മുടെ സ്നേഹവും നീതി, സത്യം, സ്നേഹം, വേഗം തീർന്നുപോകുന്ന ഈ ജീവിതത്തോടുള്ള സ്നേഹത്തേക്കാൾ വലുതാണ് ദൈവത്തോടുള്ള നമ്മുടെ സ്നേഹം എന്നൊക്കെ തെളിയിക്കാൻ നമ്മുടെ ചെറുകുരിശുകളുടെ അടുത്തേക്ക് നടന്ന് നമ്മളും നമ്മുടെ ജീവിതത്തെ സമർപ്പിക്കുന്നു. കുർബാനയിലെ കാഴ്ചയർപ്പണം ക്രിസ്തുവിൻ്റെയും നമ്മുടെയും അർപ്പണമായതു പോലെ, കുർബാനയുടെ സമർപ്പണം ക്രിസ്തുവിൻ്റെയും നമ്മുടെയും ഒന്നിച്ചുള്ള ബലിയാണ്. മുന്തിരിചെടി കുരിശിൽ അന്ന് സ്വയം ബലിയർപ്പിച്ചു. മുന്തിരിവള്ളിയും ശാഖകളും ഇപ്പോൾ വിശുദ്ധ ബലിയിൽ സ്വയം ബലിയർപ്പിക്കുന്നു. അനാഫൊറ സമയത്തെ വാക്കുകളുടെ ഒന്നാമത്തെ അർത്ഥം കാൽവരി ബലിയെ പുതുതാക്കി കൊണ്ട് മുന്തിരിചെടിയോട് ചേർന്നുള്ളതാണ് . ‘ഇത് എന്റെ ശരീരമാകുന്നു’, ‘ഇത് എന്റെ രക്തമാകുന്നു’ എന്ന് പറഞ്ഞുകൊണ്ട്. പിന്നെയുള്ള അർത്ഥം, നിങ്ങളും ഞാനും സഭയിലെ എല്ലാ അംഗങ്ങളും അടങ്ങുന്ന സഭ എന്ന മൗതിക ശരീരം രൂപീകരിക്കുന്നതിനായി മുന്തിരിവള്ളിയുമായി ഒന്നിച്ച ശാഖകളെ സൂചിപ്പിച്ചു കൊണ്ട് ഇങ്ങനെ പറയുന്നതാണ് :

ഇത് എൻ്റെ ശരീരമാകുന്നു , ഇതെൻ്റെ രക്തമാകുന്നു. കാഴ്ചയർപ്പണത്തിൽ ഞാൻ നിങ്ങളോടൊപ്പം എന്നെ സമർപ്പിച്ചു; ഇപ്പോൾ അനാഫൊറ വേളയിൽ ഞാൻ നിങ്ങളോടൊപ്പം ബലിയാക്കപ്പെടുന്നു. എൻ്റെ ശരീരവും രക്തവും നിങ്ങളോടൊപ്പം കുരിശിലേക്ക് കൊണ്ടുപോകുക; എല്ലാ വേദനകളോടും സങ്കടങ്ങളോടും സഹനങ്ങളോടുമൊപ്പം, സ്നേഹത്തിനും സേവനങ്ങൾക്കും മാനസാന്തരത്തിനുമുള്ള കഴിവുകൾക്കൊപ്പം; നിങ്ങളുടെ സ്വർഗീയ പിതാവിന് അവയെല്ലാം സ്വീകാര്യമാകുന്നതിനായി നിങ്ങളുടെ ബലിയോട് ചേർത്ത് അവയെല്ലാം ഒന്നാകേണ്ടതിന് എൻ്റെ ശരീരവും രക്തവും എടുത്ത് നിങ്ങളോടൊപ്പം കുരിശിലേക്ക് കൊണ്ടുപോകുക. കാൽവരിയിൽ പ്രത്യാശയാൽ നിങ്ങൾ എന്നെ വാങ്ങിയതുപോലെ അവ എന്നെ നിങ്ങൾക്കായി വിലയ്ക്കുവാങ്ങട്ടെ. എൻ്റെ വസ്തുവകകൾ, എൻ്റെ സ്ഥാനപ്പേരുകൾ, എൻ്റെ അപ്പോസ്തോലദൗത്യം, എൻ്റെ തീക്ഷ്ണത, എൻ്റെ ഊർജ്ജം എന്നിവ മാത്രമല്ല, ഞാൻ എന്താണോ അതെല്ലാം , എൻ്റെ ജീവരസം, എൻ്റെ ശരീരം, എൻ്റെ രക്തം എല്ലാം എടുക്കുക. അവയെ എടുത്ത് വെള്ളത്തുള്ളി വീഞ്ഞിൽ അലിഞ്ഞ് ഒന്നാകുന്നതുപോലെ നിങ്ങളുടെ ബലിയുമായി ഐക്യപെടുത്തുക, അവയെ സ്വന്തമാക്കുക, അങ്ങനെ എൻ്റേതെല്ലാം നിങ്ങളുടേതാകും അങ്ങനെ നവീകരിക്കപ്പെട്ട കാൽവരിയിലേക്ക് സ്വർഗ്ഗസ്ഥനായ പിതാവ് നോക്കുമ്പോൾ,, താൻ സംപ്രീതനായിരിക്കുന്ന തന്റെ പ്രിയ പുത്രനെ ഒരേ ശരീരവും ഒരേ രക്തവുമായി നിങ്ങളോടൊത്ത് കാണപ്പെടും.

അങ്ങനെ, കാൽവരി അനുസ്മരിക്കപ്പെടുകയും, പുതുക്കപ്പെടുകയും, പ്രയോഗിക്കപെടുകയും ചെയ്യുന്നതാണ് വിശുദ്ധ കുർബ്ബാന, “ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച്‌ തന്റെ കുരിശുമെടുത്ത്‌ എന്നെ അനുഗമിക്കട്ടെ” എന്ന കല്പന അനുസരിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ഈ ലോകത്തിലെ ഒരേയൊരു കാര്യം. അവന്റെ മൗതിക ജീവിതത്തിലെ മറ്റൊരു കാര്യം വഴിയും അവൻ നമ്മുടെ ഇത്ര അടുത്ത് വരുന്നില്ല. യഥാർത്ഥ സാന്നിധ്യമായി ബെത്‌ലഹേം നമ്മോടൊപ്പമുണ്ട്; ക്രിസ്തുവിൻ്റെ ശബ്ദം സഭയിൽ നമ്മോടൊപ്പമുണ്ട്; കൂദാശകളിൽ അവൻ്റെ കരങ്ങൾ നമ്മോടൊപ്പമുണ്ട്. എന്നാൽ അദ്ദേഹത്തിൻ്റെ സ്നേഹം മരിക്കുവോളം നിരന്തരമായി വിശുദ്ധ കുർബ്ബാന വഴി നമ്മോടൊപ്പമുണ്ട്.

വിവർത്തനം : ജിൽസ ജോയ്

നിങ്ങൾ വിട്ടുപോയത്