കർദിനാൾ മാർ ജോർജ് കൂവക്കാടിന് സഭാസിനഡ് സ്വീകരണം നൽകി
കാക്കനാട്: ജനത്തിന്റെ പ്രശ്നങ്ങളും വേദനകളും ബുദ്ധിമുട്ടുകളും കാണാനുള്ള കണ്ണുകളും കേൾക്കാനുള്ള കാതുകളും എപ്പോഴും തുറന്നിരിക്കണമെന്നു കർദിനാൾ ജോർജ് കൂവക്കാട്. സീറോമലബാർ സഭാസിനഡ് നല്കിയ സ്വീകരണയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വരമില്ലാത്തവന്റെ സ്വരം ശ്രവിക്കാൻ തയ്യാറാകാതെ, പാർശ്വവൽക്കരിക്കപ്പെട്ടവനെ ചേർത്തുപിടിക്കാൻ മുന്നിട്ടിറങ്ങാതെ, ഒറ്റപ്പെട്ടവന്റെയും ഒറ്റപ്പെടുത്തപ്പെട്ടവന്റെയും സ്വരങ്ങൾ തിരിച്ചറിയാതെ സഭയ്ക്കു മുന്നോട്ടുപോകാനാകില്ലെന്നു കർദിനാൾ ചൂണ്ടിക്കാട്ടി. മുറിവുകളിൽ തൈലം പൂശുന്ന, മുറിവേറ്റവരെ വച്ചുകെട്ടുന്ന, യുദ്ധമുഖത്തെ ആശുപത്രിയായി തിരുസഭയെ കാണാൻ ആഗ്രഹിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ മനസ്സ് ഇതോടു ചേർത്തു വായിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സഭാസ്നേഹത്തിൽ വളരാൻ നമ്മുടെ ഇളം തലമുറയെ പ്രചോദിപ്പിക്കാനുള്ള ഉത്തരവാദിത്ത്വം നമുക്കുണ്ടെന്നും, അതിനാൽ സെമിനാരികളിലെ പൗരോഹിത്യ രൂപീകരണം ഏറെ പ്രാധാന്യം അർഹിക്കുന്നുവെന്നും കർദിനാൾ കൂട്ടിച്ചേർത്തു. സിനഡു തീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണം സാക്ഷ്യത്തിനുള്ള അനന്യമായ അവസരമാണ്. സിനഡിന്റെ കൂട്ടുത്തരവാദിത്വവും, കൂട്ടായ്മയുടെ മാതൃകയും അഭംഗുരം പരിപാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രൂപതകൾ തമ്മിലുള്ള സഹകരണം ശക്തമാക്കി വിദ്യാർത്ഥികളുടെ പഠനച്ചിലവിനെ ഉദാരമായി സഹായിച്ചും, പഠന-ജോലി സാധ്യതകളെ വിപുലമാക്കി കുട്ടികൾക്കും കുടുംബങ്ങൾക്കും സഭയോടുള്ള പ്രതിബദ്ധത വളർത്തണമെന്നും മാർ കൂവക്കാട് അഭിപ്രായപ്പെട്ടു. ഒരിക്കലും നമ്മെ നിരാശരാക്കാത്ത ക്രിസ്തീയ പ്രത്യാശയാൽ നയിക്കപ്പെട്ടും, അതേ പ്രത്യാശയിൽ സഭയെ നയിച്ചും പ്രത്യാശയുടെ തീർത്ഥാടകരായി ഈ ജൂബിലി വർഷത്തിലേക്ക് നമുക്കു പ്രവേശിക്കാമെന്നും കർദിനാൾ സന്ദേശത്തിൽ പറഞ്ഞു.
മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ ക്ഷണം സ്വീകരിച്ച് സിനഡുസമ്മേളനത്തോടനുബന്ധിച്ച് സഭാ ആസ്ഥാനത്തെത്തിയ കർദിനാൾ ജോർജ് കൂവക്കാട് പിതാവിനെ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്‌ക്കൽ പിതാവിന്റെ നേതൃത്വത്തിൽ കൂരിയയിൽ സേവനം ചെയ്യുന്ന വൈദികരും സിസ്റ്റേഴ്സും ചേർന്ന് സ്വീകരിച്ചു. പ്രത്യേകമായി ഒരുക്കിയ അനുമോദനസമ്മേളനത്തിൽ മാർ ആൻഡ്രൂസ് താഴത്ത് പിതാവും, മാർ കുര്യാക്കോസ് ഭരണികുളങ്ങര പിതാവും, മാർ ജോയ് ആലപ്പാട്ട് പിതാവും, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവും ആശംസകളറിയിച്ചു സംസാരിച്ചു. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തുകയും സിനഡിന്റെ ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു.
കർദിനാൾ ജോർജ് കൂവക്കാട് പിതാവിനോടൊപ്പം സിനഡുപിതാക്കന്മാരെല്ലാവരും ചേർന്ന് വിശുദ്ധ കുർബാനയർപ്പിക്കുകയും സഭയ്ക്കുലഭിച്ച ഈ മഹാദാനത്തിനു ദൈവത്തിനു കൃതജ്ഞതയർപ്പിക്കുകയും ചെയ്തു. തുടർന്ന് സഭയുടെ സിനഡുസമ്മേളനത്തെ കർദിനാൾ അഭിസംബോധന ചെയ്തു സംസാരിച്ചു.
ഫാ.ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഓ., സീറോമലബാർസഭ &
സെക്രട്ടറി, മീഡിയ കമ്മീഷൻ
ജനുവരി 8, 2025