വിജയകരമായ വിശ്വാസത്തിൽ അടിസ്ഥാനമുള്ള ക്രിസ്തീയ ജീവിതം ഓരോ ക്രിസ്ത്യാനിയുടെയും അവകാശമാണ്. എന്താണു വിജയകരമായ ക്രിസ്തീയ ജീവിതം? വിജയം എന്ന പദം ഇന്നത്തെ ക്രിസ്തീയ വിശ്വാസികള്‍ക്കു വളരെ പ്രിയപ്പെട്ടതാണ്.

എന്നാല്‍ വിജയത്തിന് ഈ ലോകം നല്‍കുന്ന സമ്പത്തും, അധികാരങ്ങളും, ഉയർന്ന ഭാവി ചിന്തകളുമാണ് പല വ്യക്തികളുടെയും മനസ്സിലുള്ളത്. വിജയകരമായ ക്രിസ്തീയ വിശ്വാസ ജീവിതം എന്നത് ബോധപൂര്‍വമായ എല്ലാ പാപത്തിന്മേലും ജയമുള്ള ജീവിതമാണത്. എന്നാല്‍ അങ്ങനെയൊരു ജീവിതം സാധ്യമാണെന്നു ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരില്‍ തന്നെ ഭൂരിഭാഗവും വിശ്വസിക്കുന്നില്ല.

വിജയകരമായ ജീവിതം നാം ലക്ഷ്യം വയ്ക്കുമ്പോള്‍ അതിനു നമുക്കു മാതൃകയും മുന്നോടിയും യേശുവാണ്. കാരണം യേശു സകലത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടെങ്കിലും പാപം ചെയ്തില്ല (എബ്രായര്‍. 4: 15). യേശു പൂര്‍ണദൈവവും പൂര്‍ണമനുഷ്യനുമായിരുന്നു. എന്നാൽ യേശു ദൈവത്വത്തിന്റെ അവകാശങ്ങൾ വേണ്ടെന്നു വെച്ച് , മനുഷ്യനായി ഭൂമിയിൽ അവതരിച്ചു. ഭൂമിയിൽ യേശുവിനുണ്ടായ പ്രലോഭനങ്ങള്‍ യഥാര്‍ത്ഥമായിരുന്നു.

പ്രലോഭനവും പാപത്തില്‍ വീഴുന്നതും രണ്ടാണ്. വാസ്തവത്തില്‍ നാം ഏതു പ്രലോഭനത്തെ നേരിടുമ്പോഴും അവിടെ അഭിമുഖീകരിക്കുന്ന ചോദ്യം നാം അവിടെ സ്വന്തം ഇഷ്ടം ചെയ്യുമോ അതോ പിതാവിന്റെ ഇഷ്ടം ചെയ്യുമോ എന്നതാണ്. സ്വന്തം ഇഷ്ടം ചെയ്താല്‍ പാപമാകുന്നു. സ്വർഗ്ഗീയ പിതാവിന്റെ ഇഷ്ടം ചെയ്താല്‍ ലോകത്തിന്റെ മോഹങ്ങളെ ജയിക്കുകയും, ദൈവഹിതത്തിന് അനുസ്യതമായ വിശ്വാസത്തിൽ നില നിൽക്കുകയും ചെയ്യുന്നു.

യേശു പിതാവിന്റെ ഇഷ്ടം മാത്രം ചെയ്യാന്‍ പ്രോഗ്രാം ചെയ്തുവിട്ട യന്ത്ര മനുഷ്യനെ പോലെയല്ല ഭൂമിയിലേക്കു വന്നത്. അവിടുത്തേക്കും നമ്മളെപ്പോലെ സ്വന്ത ഇഷ്ടവും പിതാവിന്റെ ഇഷ്ടവും തമ്മിലുള്ള തിരഞ്ഞെടുപ്പിനു സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പിതാവിന്റെ ഇഷ്ടം ചെയ്യുന്നത് യേശുവിനും എളുപ്പമായിരുന്നില്ല എന്നിട്ടും അവിടുന്നു നിമിഷ നേരത്തേക്കു പോലും സ്വന്തം ഇഷ്ടത്തിനു വഴങ്ങിയില്ല. നമുക്കും യേശുവിന്റെ പാതയെ അനുഗമിക്കുകയും, ദൈവഹിതത്തിന് അനുസൃതമായി വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കുകയും ചെയ്യുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

🧡

ആമ്മേൻ

നിങ്ങൾ വിട്ടുപോയത്