|| ഒന്ന് |

|ഒരു സാധകന്റെ സഞ്ചാരം – പുരാതനനായ അജ്ഞാത മൂലഗ്രന്ഥകാരന്റെ അനുഭവക്കുറിപ്പുകളുടെ ഈ അക്ഷരനിധി അനേകം ലോകഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ സിദ്ധിനാഥാനന്ദസ്വാമി വിവർത്തനം ചെയ്‌തു ശ്രീരാമകൃഷ്ണമഠം പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പുസ്‌തകം പത്തു-പതിനഞ്ചു വർഷങ്ങൾക്കുമുമ്പേ എന്നെ വളരെ സ്വാധീനിക്കുകയും എന്റെ പുസ്‌തക ശേഖരത്തിൽ ഇടയ്ക്കിടെ ഞാൻ മറിച്ചുനോക്കുന്നതുമായ പ്രിയപ്പെട്ട ഗ്രന്ഥമാണ്.

കുറച്ച് ഉണക്ക റൊട്ടിയും, ഉപയോഗിച്ചു പഴകിയ ഒരു ബൈബിളുമായി അലഞ്ഞുനടക്കുന്ന ഒരു ദരിദ്ര സഞ്ചാരിയാണ് സാധകൻ. “ഇടവിടാതെ പ്രാർത്ഥിക്കുവിൻ” എന്ന പൗലോസ് അപ്പസ്തോലൻ തെസലോനിക്കാക്കാർക്കു എഴുതിയ ഒന്നാം ലേഖനത്തിൽ 5,17-ൽ പറയുന്ന ഒരു വാക്യം ഹൃദയത്തിലുടക്കിയ സഞ്ചാരി, ഇത് എങ്ങനെ സാധ്യമാകും എന്ന അന്വേഷണവും അലച്ചിലുമാണ് ഇതിവൃത്തം.

അന്വേഷണം എത്തിച്ചേരുന്നത് “കർത്താവായ യേശുവേ, ദൈവപുത്രാ, പാപിയായ എന്നിൽ കനിയേണമേ” എന്ന പ്രാർത്ഥനയിലാണ് . “യേശുവേ, ദൈവപുത്രാ” എന്ന് ഉച്ചരിക്കുമ്പോൾ ഗാഢവിശ്വാസത്താൽ ഉദ്ദീപ്തനാകുകയും ആനന്ദനിർവൃതി അനുഭവിക്കുന്നതായും, “പാപിയായ എന്നിൽ കനിയേണമേ” എന്ന് ഉച്ചരിക്കുമ്പോൾ പശ്ചാത്താപപരിതപ്തനും നിർമാനനമ്രനായിത്തീരുകയും ചെയ്യുന്നതായും സാധകൻ സാക്ഷ്യപ്പെടുത്തുന്നു.

|| രണ്ട് |

|എന്നത്തേതുമെന്നപോലെ ഇന്നും ഞാനെഴുന്നേറ്റത്‌ “എന്റെ ഈശോയെ ഷാജി മോൻ എഴുന്നേൽക്കുന്നു” എന്ന പതിവു പ്രാർത്ഥനയോടെയാണ്. കുഞ്ഞുന്നാളിൽ അമ്മച്ചി ചൊല്ലിത്തന്ന ആ മൊഴിമുത്തുകൾ അമ്പത്തേഴു കഴിഞ്ഞിട്ടും എനിക്ക് ഇന്നും മധുരമുള്ള ഒന്നാണ്. എൺപത്തിനാല് പിന്നിട്ട അമ്മച്ചിയും 2000 വർഷം മുമ്പു മുപ്പത്തിമൂന്നാം വയസിൽ ക്രൂശിതനായ യേശുവിന്റെ മുന്നിൽ മകളായിട്ടാണ് നിൽക്കുന്നത്.

ദുഖവെള്ളിയാഴ്‌ചയിൽ പോലും കള്ളുകുടിച്ചു കൂത്താടി പള്ളിയിൽ കേറാതെ സിനിമാ തിയറ്ററിലും മറ്റും പോയിരുന്ന ഒരു യുവത്വം അതിനിടെ എനിക്കുണ്ടായിരുന്നു. മാതാപിതാക്കളുടെയും ചില നല്ല സ്നേഹിതരുടെയും പ്രാർത്ഥനയുടെയൊക്കെ ഫലമായി മദ്യ ലഹരിയിലെ ഒരു രാത്രിയിൽ പെരുവഴിയിൽ വച്ചാണ് യേശുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്‌ച (Personal encounter with Jesus) എനിക്കുണ്ടാകുന്നത്.

അന്ന് ഞാനൊരു കൊൽക്കത്ത ബേസ്‌ഡ് കമ്പനിയിൽ സീനിയർ വിഷ്വലൈസർ ആയിരുന്നു. ദൈവാന്വേഷണത്തിനുള്ള ഒരാഴ്ചത്തെ ലീവിനപേക്ഷിച്ചപ്പോൾ അതു നിരസിക്കപ്പെട്ടു. റെസിഗ്‌നേഷൻ എഴുതിക്കൊടുത്തു കിട്ടാനുണ്ടായ ശമ്പളത്തിനുപോലും കാത്തുനിൽക്കാതെയാണ് ഒരു വിശുദ്ധ സ്ഥലത്തുപോയി എന്നെ സ്വയം കണ്ടെത്തുകയും ദൈവത്തെ അറിയുകയും ചെയ്‌തത്‌. അന്നുമുതൽ ഈശോ എന്റെ നാഥനും രക്ഷകനും ദൈവവുമാണ്.

എന്റെ ദൈവാനുഭവം പങ്കുവയ്ക്കുകയല്ലാതെ ഈ നിമിഷംവരെ ഒരാളിൽപോലും എന്റെ ദൈവത്തെ ഞാൻ അടിച്ചേൽപ്പിച്ചിട്ടില്ല. ഇതര മതസ്ഥരായ ആരുടെയും വിശ്വാസത്തെയോ ആചാരങ്ങളെയോ നുള്ളിനോവിക്കുകപോലും ചെയ്‌തിട്ടില്ല. അതൊക്കെ സാക്ഷ്യപ്പെടുത്തേണ്ടത് എന്നോടൊപ്പം ജീവിച്ചിട്ടുള്ള സുഹൃത്തുക്കളും സഹപ്രവർത്തകരും നാട്ടുകാരുമൊക്കെയാണ്.

ചിത്രം: ഞാൻ പണികഴിപ്പിച്ച വീട്ടിൽ പ്രതിഷ്ഠിക്കാനായി എണ്ണച്ചായത്തിൽ വരപ്പിച്ചതാണ്. ജോൺ എന്ന പ്രിയ ചിത്രകാരൻ ഇന്നു ജീവിച്ചിരിപ്പില്ല. ആ നല്ല ആത്മാവിനുവേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു.

Shaji Joseph Arakkal

നിങ്ങൾ വിട്ടുപോയത്