നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങള്ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി.
ജറെമിയാ 29: 11
മുന്പിലും പിന്പിലും അവിടുന്ന്എനിക്കു കാവല്നില്ക്കുന്നു;
അവിടുത്തെ കരം എന്റെ മേലുണ്ട്.
സങ്കീര്ത്തനങ്ങള് 139 : 5
ഇരുപത് വർഷത്തിലധികമായി ശ്രീ ജോസഫ് കെ ജെക്ക് പാലാരിവട്ടം ജംഗ്ഷനിൽ കരിക്ക് വിൽക്കുന്ന ജോലിയാണ്. ചങ്ങനാശ്ശേരി വടക്കേക്കര സ്വദേശിയായ അദ്ദേഹം ഇപ്പോൾ എറണാകുളംചക്കരപ്പറമ്പിൽ കുടുംബമായി താമസിക്കുന്നു.
ഇന്നലെ വൈകിട്ട് കരിക്ക് വാങ്ങിക്കുവാൻ പോയപ്പോൾ അദ്ദേഹത്തിന്റെ പെട്ടിയിൽ ഒരു സ്റ്റിക്കർ ശ്രദ്ധിച്ചു.
സേവ് ലൈഫ് എന്ന് എഴുതിയ സ്റ്റിക്കർ ജീവസമൃദ്ധി സന്ദേശ യാത്രയുടെ ഭാഗമായി തയ്യാറാക്കിയതാണ്. Choose Life -എന്ന വാക്കും ചുവന്ന റൗണ്ട് സ്റ്റിക്കറിൽ ഉണ്ട്.
അത് കിട്ടിയ കാര്യം പറഞ്ഞപ്പോൾ ആണ് 20 വർഷം മുമ്പ് ഉണ്ടായ ഒരു സംഭവത്തേക്കുറിച്ച് പറഞ്ഞത്. ഈ സ്റ്റിക്കർ നൽകിയ തൃപ്പുണിത്തറ സ്വദേശിയായ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ മകളുടെ ജീവൻ രക്ഷിച്ച അനുഭവം ആയിരുന്നു ശ്രീ ജോസഫ് വിശദികരിച്ചത്.ജീവസമൃദ്ധി സന്ദേശ യാത്രയുടെ ഭാഗമായി ലഭിച്ച സ്റ്റിക്കറിലൊന്നാണ് ജോസഫിന് സുഹൃത്ത് നൽകിയത് .
20-വർഷം മുമ്പ് മരപ്പണിക്കാരനായ സുഹൃത്ത് പതിവുപോലെ ജോലികഴിഞ്കരിക്ക്കുടിക്കാൻ വന്നപ്പോൾ ഒരു കാര്യം പറഞ്ഞു.
“ഭാര്യ മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഉദരത്തിലെ കുഞ്ഞിനെ ഉപേക്ഷിക്കാമെന്ന് വീട്ടിലുള്ളവർ പറയുന്നു. രണ്ട് മാസം കഴിഞ്ഞു. ഭാര്യയും വിഷമത്തിലാണ്.വലിയ സാമ്പത്തിക വിഷമം നേരിടുന്നു. ജോലിയില്ല, രോഗവസ്ഥ കാരണം ചികിത്സക്ക് വലിയ തുക കണ്ടെത്തണം…” ഇങ്ങനെ പോയി അദ്ദേഹത്തിന്റെ വിഷമങ്ങൾ.
എല്ലാം ശ്രദ്ധയോടെ കേട്ടശേഷം കരിക്ക് നൽകികൊണ്ട് ജോസഫ് പറഞ്ഞു.
“ദൈവം നൽകിയ കുഞ്ഞിനെ സന്തോഷത്തോടെ സ്വീകരിക്കുക. എല്ലാം നന്നായി നടക്കും. ദൈവത്തിൽ ആശ്രയിക്കുക. ഞാനും പ്രാർത്ഥിക്കാം “.
പിന്നീട് വന്നപ്പോൾ കുഞ്ഞിനെ സ്വീകരിക്കാൻ തീരുമാനിച്ചുവെന്നു സുഹൃത്ത് പറഞ്ഞു.പിന്നെ ഇടക്കിടക്ക് വരാറുണ്ട്.
കഴിഞ്ഞ ആഴ്ചയിൽ വന്നപ്പോൾ തന്നതാണ് അബോർഷന് എതിരെയുള്ള സ്റ്റിക്കർ. അത് ഇവിടെ വരുന്നവർക്ക് കാണുന്ന വിധത്തിൽ ഒട്ടിച്ചതാണ്. “-ജോസഫ് പറഞ്ഞു.
അന്ന് ഉപേക്ഷിക്കാൻ ആഗ്രഹിച്ച കുഞ്ഞ് ഇപ്പോൾ ഒരു സന്യാസ സഭയിൽ ചേർന്നു. ബാംഗ്ളൂരിലെ നൊവിഷ്യേറ്റിലെ പഠനം കഴിഞ്ഞ് അടുത്ത വർഷം സഭയിൽ അംഗമാകും. മൂത്ത മകൻ സന്യാസ സഭയിൽ ചേർന്നു. രണ്ട് വർഷത്തിനുള്ളിൽ വൈദികനാകും.രണ്ടാമത്തെ മകൻ MSW ന് എറണാകുളത്തെ പ്രശസ്തമായ കോളേജിൽ പഠിക്കുന്നു .
വളരെ സാധാരണകാരനായ തന്റെ സുഹൃത്ത് ദൈവത്തിൽ ആശ്രയിച്ച് മക്കളെ വളർത്തി. പല നല്ല മനുഷ്യരും അദ്ദേഹത്തെ സഹായിച്ചു. അബോർഷൻ അരുതെന്ന് പറയുവാൻ അദ്ദേഹം ഇപ്പോൾലഭിക്കുന്ന അവസരങ്ങൾ കണ്ടെത്തുന്നു.-ജോസഫ് പറഞ്ഞു.
അന്ന് അവിവാഹിതനായ ജോസഫിന് ഇപ്പോൾ രണ്ട് കുട്ടികൾ. ഭാര്യ ദീപയും ജീവന്റെ മഹത്വത്തിൽ വിശ്വസിക്കുന്നു. മക്കൾ അന്നയും മരിയയും നന്നായി പ്രാർത്ഥിക്കും.
എന്തുകൊണ്ടാണ് കുഞ്ഞിനെ കൊല്ലരുതെന്ന് അന്ന് പറഞ്ഞതെന്ന് ഞാൻ ചോദിച്ചപ്പോൾ, ഉത്തരം ഇങ്ങനെ ആയിരുന്നു.
“എന്റെ പിതാവ് കരിസ്മാറ്റിക് പ്രാർത്ഥനയിൽ സജീവമായിരുന്നു. 9-മക്കളെയും അദ്ദേഹം പ്രാർത്ഥനയ്ക്കും ധ്യാനത്തിനും കൊണ്ടുപോകുമായിരുന്നു. മനുഷ്യജീവനെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള സന്ദേശം പലപ്പോഴും കേട്ടിരുന്നു. അതുകൊണ്ടാണ് ഉദരത്തിലേ കുഞ്ഞിനെ കൊല്ലരുതെന്ന് പറഞ്ഞത്. ഇതുപോലെ മറ്റ് പലരോടും പറയേണ്ടിവന്നിട്ടുണ്ട്. നമ്മൾ ഉറച്ചബോദ്ധ്യത്തോടെ പറഞ്ഞാൽ കേൾക്കുന്നവരിൽ അത് സ്വാധിനിക്കും. നമുക്ക് ലഭിച്ച വെളിച്ചം പറയുടെ കീഴിൽ മറച്ചുവെക്കരുത്. വിശ്വാസം വെളിച്ചംപോലെ പ്രകാശിക്കണം.. ജോസഫ് പറഞ്ഞു.
ഉദരത്തിലെ കുഞ്ഞിനെ എന്തിന്റെ പേരിലായാലും ആരും കൊല്ലരുത്. അത് പാപം ആണ്. ശാപം വിളിച്ചുവരുത്തും.-
ജോസഫ് കരിക്ക് വെട്ടുന്നതിടയിൽ പറഞ്ഞു.
കരിക്ക് വെട്ടി വിൽക്കുന്ന ശ്രീ ജോസഫ് തന്റെ ബോദ്ധ്യങ്ങൾ പങ്കുവെക്കുന്നതിൽ സന്തോഷിക്കുന്നു., അഭിമാനിക്കുന്നു. അതിനായി സമയം കണ്ടെത്തുന്നു.
വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ എത്തിയ ജോസഫ് ആദ്യം കരിക്കുകൾ വാങ്ങിവിൽക്കുകയായിരുന്നു. ഇപ്പോൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെങ്ങ് പാട്ടത്തിനെടുത്ത് തെങ്ങിൽ കയറി തേങ്ങയും കരിക്കുകളും വിൽക്കുന്നു.
പാലാരിവട്ടം ജംഗ്ഷനിലെ കരിക്ക് കച്ചവടം പകൽ ഒരു ജോലിക്കാരനെ നിർത്തിയാണ് നടത്തുന്നത്. വൈകിട്ട് മാത്രമാണ് ജോസഫ് വിൽപ്പനയ്ക്ക് എത്തുന്നത്. അതിരാവിലേ നാലുമണിക്ക് എഴുനേറ്റ് ഭാര്യയുമൊത്ത് അദ്ദേഹം തെങ്ങ് പാട്ടത്തിന്റെടുത്ത സ്ഥലങ്ങളിലേയ്ക്ക് യാത്ര തിരിക്കും.
പൊതുമേഖല സ്ഥാപനങ്ങളിലെ തോട്ടം അടക്കം ഇപ്പോൾ ഇദ്ദേഹം പാട്ടത്തിന് എടുത്തിട്ടുണ്ട്. ദൈവം അനുഗ്രഹിക്കുന്നതിൽ അദ്ദേഹം നന്ദിയും സ്തുതിയും അർപ്പിക്കുന്നു.
കുടുംബ പ്രാർത്ഥനയാണ് തന്റെ ശക്തിയെന്ന് ജോസഫ് ശക്തപ്പെടുത്തുന്നു. ദൈവത്തിൽ ആശ്രയിക്കുമ്പോൾ എല്ലാം കർത്താവ് നമുക്ക് നന്മയായി നടത്തിതരും-ജോസഫ് പറയുന്നു.
ജോസഫിനെപ്പോലെ ജീവൻെറ മഹത്വം പ്രഘോഷിക്കുന്ന അനേകർ നമ്മുടെ സമൂഹത്തിലുണ്ട് .പ്രൊ ലൈഫ് ദർശനം മനസ്സിലേറ്റുന്ന സഹോദരങ്ങളെ അനുമോദിക്കുന്നു .
ഉദരത്തിലെ കുഞ്ഞിനെ വളർത്തുവാൻ ആരെങ്കിലും വിഷമിക്കുന്നുവെങ്കിൽ അവർക്ക് കുഞ്ഞിനെ
സ്വീകരിക്കുവാൻ ആവശ്യമായ പിന്തുണ , പ്രോത്സാഹനം , നൽകി സഹായിക്കുക .
പ്രാർത്ഥനയോടെ അവർക്ക് ശക്തി പകരുക .
അബോര്ഷന് അനുകൂലമായി ഒരു വാക്കുപോലും ഉണ്ടാകരുതേ .
ജീവൻ ദൈവത്തിന്റെ ദാനം, ജീവനെ സ്നേഹിക്കുക, ആദരിക്കുക, സംരക്ഷിക്കുക.. എന്ന് നമുക്ക് പറയുവാൻ, അങ്ങനെ ജീവനെ രക്ഷിക്കുവാൻ ആത്മാർഥമായി പരിശ്രമിക്കാം.
സാബു ജോസ്,എറണാകുളം .9446329343