അണക്കര: സീറോ മലബാർ യൂത്ത് മൂവ്മെന്റ് കാഞ്ഞിരപ്പള്ളി രൂപത യുവജന സംഗമം – നസ്രാണി യുവശക്തി മഹാസംഗമം അണക്കരയിൽ നടത്തി. നൂറ്റിനാൽപത് ഇടവകകളിൽ നിന്നായി അയ്യായിരത്തോളം യുവജനങ്ങൾ സംഗമത്തിൽ പങ്കെടുത്തു.ഷംഷാബാദ് രൂപത മെത്രാൻ മാർ റാഫേൽ തട്ടിൽ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപത വിവിധ കാലങ്ങളിലായി സമൂഹത്തിന്റെ ഉന്നമനത്തിനായി ചെയ്ത പ വർത്തനങ്ങളെക്കുറിച്ചും ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കേണ്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മാർ റാഫേൽ തട്ടിൽ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം നിർവഹിച്ചു. വർദ്ധിച്ചു വരുന്ന വിദ്യാർഥി കുടിയേറ്റങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച മാർ ജോസ് പുളിക്കൽ നാട്ടിലുണ്ടാവുന്ന തൊഴിലവസരങ്ങളും സംവരണ സംവിധാനങ്ങളും പരമാവധി ഉപയോഗിക്കുന്നതിൽ യുവജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആഹ്വാനം ചെയ്തു. സഭയുടെ ഭാവി യുവജനങ്ങളിലാണെന്ന് സന്ദേശം നൽകിയ സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പറഞ്ഞു. സിനിമ സംവിധായകൻ ലാൽ ജോസ്, ചാനൽ അവതാരകൻ ടോം കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
ആൽമരം മ്യൂസിക് ബാൻഡ്, യുവജനങ്ങളുടെ കലാപരിപാടികൾ എന്നിവയും നടത്തി. രൂപത എസ്എംവൈഎം ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, അണക്കര ഫൊറോന ഡയറക്ടർ ഫാ. ജോസ് ചവറപ്പുഴ, ജോപ്പു ഫിലിപ്പ്, ഡിലൻ കോഴിമല, മുൻ കാല രൂപത ഭാരവാഹികൾ, വിവിധ ഫൊറോന, ഇടവക ഡയറക്ടർമാർ, ആനിമേറ്റേ ഴ്സ്, രൂപത – ഫൊറോന എക്സിക്യൂട്ടീവ്സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.