കോട്ടപ്പുറം : കോട്ടപ്പുറം രൂപതയെ 12 വർഷം നയിച്ച് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച ദ്വിതീയ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിക്ക് കോട്ടപ്പുറം രൂപതയുടെ യാത്രയയപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. അലക്സ് വടക്കും തലക്ക് സ്വീകരണവും ജൂൺ 11 ന് നൽകും .
ഇതോടനുബന്ധിച്ച് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ അങ്കണത്തിൽ വൈകീട്ട് 3.30 ന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി മുഖ്യ കാർമ്മികത്വം വഹിക്കും.
വരാപ്പുഴ ആർച്ച്ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ ആമുഖ സന്ദേശം നൽകും .
സിബിസിഐ പ്രസിഡൻറും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് വചനപ്രഘോഷണം നടത്തും.
കെസിബിസി വൈസ് പ്രസിഡന്റും ഇരിങ്ങാലക്കുട ബിഷപ്പുമായ മാർ പോളി കണ്ണൂക്കാടൻ, കെസിബിസി ജനറൽ സെക്രട്ടറിയും കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല എന്നിവർ മുഖ്യ സഹ കാർമ്മികരാകും.
കോട്ടപ്പുറം രൂപതയിലെ എല്ലാ വൈദികരും സഹകാർമികരാകും. തുടർന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
ബിഷപ്പ് ഡോ.അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എംപി മുഖ്യാതി ഥിയായിരിക്കും. ഹൈബി ഈഡൻ എംപി ഉപഹാര സമർപ്പണം നടത്തും.ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി മറുപടി പ്രസംഗം നടത്തും.വി.ആർ സുനിൽകുമാർ എംഎൽഎ , ഇ.ടി. ടൈസൻമാസ്റ്റർ എംഎൽഎ , കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ , കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സൺ ടി .കെ . ഗീത , യാത്രയയപ്പ് പരിപാടികളുടെ ജനറൽ കൺവീനർ മോൺ. ഡോ. ആന്റണി കുരിശിങ്കൽ, രൂപത ചാൻസലർ റവ. ഡോ.ബെന്നി വാഴക്കൂട്ടത്തിൽ,കോട്ടപ്പുറം രൂപത വൈദീക സൊസൈറ്റി പ്രസിഡൻറ് റവ.ഡോ.അംബ്രോസ് പുത്തൻവീട്ടിൽ, കെസിസി സെക്രട്ടറി ജെസ്സി ജെയിംസ് കെആർഎൽസിസി സെക്രട്ടറി പി .ജെ . തോമസ് എന്നിവർ പ്രസംഗിക്കും . തുടർന്ന് പള്ളിപ്പുറം സെന്റ് റോക്കീസ് നൃത്ത കലാഭ വൻ ചവിട്ടുനാടക സമിതി അവതരിപ്പിക്കുന്ന വിശുദ്ധ ദേവസഹായം എന്ന ചവിട്ടു നാടകവും അരങ്ങേറും. കോട്ടപ്പുറം രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി സന്യസ്തരും അല്മായരുമടക്കം ആയിരങ്ങൾ പങ്കെടുക്കും.
വരാപ്പുഴ അതിരൂപത വികാരി ജനറലായി സേവനം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് 2006 നവംബർ 25 ന് വരാപ്പുഴ അതിരൂപത സഹായ മെത്രാനുമായി മോൺ. ജോസഫ് കാരിക്കശ്ശേരിനിയമിതനായത്. വല്ലാർപാടം ബസിലിക്കയിൽ നടന്ന 2006 ഡിസംബർ 28 ന് ആർച്ച്ബിഷപ്പ് ഡോ. ഡാനിയൽ അച്ചാരുപറമ്പിലിൽ നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു. ആർച്ച്ബിഷപ്പ് ഡോ. ഡാനിയലിന്റെ ദേഹവിയോഗത്തെ തുടർന്ന് 2009 ഒക്ടോബർ 26 ന് വരാപ്പുഴഅതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി. കോട്ടപ്പുറo രൂപതയുടെ ദ്വിതീയമെത്രാനായി 2010 ഡിസംബർ 18 ന് നിയമിതനായി. 2011 ഫെബ്രുവരി 13 ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ നടന്ന തിരുകർമ്മ മദ്ധ്യേ കോട്ടപ്പുറം മെത്രാനായി ബിഷപ്പ് ഡോ. കാരിക്കശേരി സ്ഥാനാരോഹണം ചെയ്തു.
2018 ലെ പ്രളയകാലത്ത് ജാതി മത ഭേദമന്യേ എല്ലാവരെയും സഹായിക്കാൻ മുന്നിട്ടിറങ്ങുകയും പ്രളയത്തിൽ തകർന്ന നിരവധി ഭവനങ്ങൾ നിർമ്മിച്ചു നല്കുകയും ചെയ്തു. കൊവിഡ് 19 കാലത്ത് കൊവിഡ് ബാധിതരെയും അതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുന്നവരേയും സഹായിക്കാൻ നേതൃത്വം നല്കി.രൂപതയിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിനായി പ്രവേശനം ലഭിച്ചവരുടെ തുടർപഠനത്തിനായി പണം സമാഹരിക്കുകയും സ്കോളർഷിപ്പ് സ്ഥാപിക്കുകയും ചെയ്തു. രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കിഡ്സിന്റെ പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കി.2012 ൽ കോട്ടപ്പുറം രൂപതയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നല്കി.’സുവിശേഷത്തിൽ ജീവിച്ച് സദ്വാർത്ത ഏകുക’ എന്ന തന്റെ സ്ഥാനിക മുദ്രയിലെ ആപ്ത വാക്യം ജീവിതമാക്കി മാറ്റിയ വ്യക്തിയാണ് ബിഷപ്പ് ഡോ.കാരിക്കശേരി . കോട്ടപ്പുറം രൂപത ബിഷപ്പ് എന്ന നിലയിൽ രൂപതയുടെ ആന്മീയ- ഭൗതീക വളർച്ചക്ക് ശക്തമായ നേതൃത്വമാണ് അദ്ദേഹം നല്കിയത്.