You shall be satiated, upon my table
(Ezekiel 39:20) ✝️
നാം ഓരോരുത്തരെയും വളരെയധികം ശ്രദ്ധിക്കുന്ന ദൈവം ആണ് നമ്മുടെ ദൈവം. അതിനാൽ, നമ്മൾ എന്ത് കഴിക്കും?’ അല്ലെങ്കിൽ ‘ഞങ്ങൾ എന്ത് കുടിക്കും?’ അല്ലെങ്കിൽ ‘ഞങ്ങൾ എന്ത് ധരിക്കും?’ എന്ന് പറഞ്ഞ് വിഷമിക്കേണ്ട എന്ന് മത്തായി 6:31 പറയുന്നു. കർത്താവിൽ വിശ്വസിക്കുന്ന ഏവരും അവിടുത്തെ മേശയിൽ നിന്ന് ആൽമിയ പരമായും ഭൗതിക പരമായും ഭക്ഷിച്ചു തൃപ്തരാകും. ഈശോയെ സമീപിക്കുന്നവർ, ശാരീരികമായ വിശപ്പടക്കാൻ മാത്രമായിരിക്കരുത് അവിടുത്തെ സന്നിധിയിൽ അഭയം പ്രാപിക്കുന്നത്. ആത്മാവിന്റെ വിശപ്പടക്കാൻ കഴിവുള്ള അനശ്വരമായ അപ്പമാണ് അവിടുന്ന് എന്ന ബോധ്യത്തോടുകൂടി ആയിരിക്കണം ദൈവത്തെ അന്വേഷിക്കേണ്ടത്.
യോഹന്നാൻ ആറാം അദ്ധ്യായത്തിൽ, ജീവദായകമായ തന്റെ വചനങ്ങൾ ശ്രവിക്കുവാനുമായി എത്തിയ ജനക്കൂട്ടത്തിനു വേണ്ടിയാണ് ഈശോ അപ്പം വർധിപ്പിച്ചത്. ശരീരത്തിന്റെ വിശപ്പടക്കാനല്ലായിരുന്നു അവർ യേശുവിനെ സമീപിച്ചത്. എന്നാൽ കരുണാമയനായ യേശുവാകട്ടെ, തന്റെ വചനത്തിലൂടെ അവരുടെ ആത്മാവിന്റെ വിശപ്പടക്കിയതിനൊപ്പം, അവർ ചോദിക്കാതെ തന്നെ അവരുടെ ശരീരത്തിന്റെ വിശപ്പും അടക്കി. കേവലം ചില കാര്യങ്ങൾക്ക് മാത്രമായി യേശുവിനെ അന്വേഷിക്കാതെ, ദൈവസന്നിധിയിൽ നമ്മെ മുഴുവനായും സമർപ്പിക്കാൻ നമുക്കാവുന്നുണ്ടോ? ആത്മാവിനും ശരീരത്തിനും ഉണർവേകുന്ന സ്വർഗ്ഗീയഭോജ്യം തേടി അങ്ങയുടെ സന്നിധിയിൽ അണയുവാനുള്ള ഹൃദയഅഭിലാഷം അവിടുത്തെ ആത്മാവിലൂടെ എനിക്കും തരേണമേ എന്നു പ്രാർത്ഥിക്കാം
നാളെയെക്കുറിച്ച് ആകുലപ്പെട്ടുകൊണ്ട് “അന്നന്നത്തെ ആഹാരം തരേണമേ” എന്നു പ്രാർത്ഥിക്കാനല്ല ഈശോ നമ്മെ പഠിപ്പിച്ചത്. എന്നാൽ ഇതിനർത്ഥം നാളെയെക്കുറിച്ചു യാതൊരു കരുതലും ഇല്ലാതെ ഇന്നുള്ളതു മുഴുവൻ ഇന്നുതന്നെ ധൂർത്തടിച്ചു തീർത്തിട്ട് കിടന്നുറങ്ങാനുമല്ല. പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല (ഏശയ്യാ 49:15) എന്ന ദൈവത്തിന്റെ ഹൃദയസ്പർശിയായ വാഗ്ദാനത്തിൽ പ്രത്യാശ അർപ്പിച്ചു .നമ്മുടെ അനുദിന ജീവിതത്തിലെ ക്ലേശങ്ങളും കുരിശുകളും അതതു ദിവസം ഏറ്റെടുക്കുവാനും, അവയിലൂടെ ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കുവാനും നമുക്കാവണം. ദൈവം എല്ലാവരെയും പരിശുദ്ധാൽമാവിനാൽ അനുഗ്രഹിക്കട്ടെ.