വിലപിച്ചവർ സന്തോഷിച്ച ദിനം !
ഒരു പക്ഷേ പത്രമാധ്യമങ്ങളിൽ നിന്ന് നിങ്ങളാ വാർത്ത അറിഞ്ഞിരിക്കും.2005-ലാണ് സംഭവം.മെക്സിക്കോയിലെ സാൻബ്ലാസ് എന്ന സ്ഥലത്തു നിന്നും മത്സ്യബന്ധനത്തിനായി ഒരുമൂവർ സംഘം യാത്രയായി. ഉൾക്കടലിലെത്തി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അവരുടെ ബോട്ട് തകരാറിലായത്.എഞ്ചിൻ നന്നാക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല.
നട്ടുച്ചയ്ക്കു പോലും അവരുടെ മിഴികളിൽ ഇരുട്ട്. ‘രക്ഷിക്കണേ…’ എന്ന നിലവിളി കേൾക്കാൻ പോലും ആരുമില്ല. ദിവസങ്ങൾ കഴിയുന്തോറും ഭക്ഷണ സാധനങ്ങളും തീർന്നു തുടങ്ങി. പട്ടിണിയുടെ ദിവസങ്ങളിൽ പച്ചമീനും കടൽ പക്ഷിയും അവർക്ക് ഭക്ഷണമായി. ഉപ്പുവെളളം കൂടെക്കൂടെ കുടിച്ച് അവർ ഛർദിച്ചു.
ഈ പ്രതികൂലങ്ങൾക്കു നടുവിലുംക്രിസ്തുവിൽ വിശ്വസിച്ചിരുന്ന അവർ പരസ്പരം പറഞ്ഞു:”ഇരുപത്തേഴടി ഉയരമുള്ളഈ ഫൈബർ ബോട്ടിനു മുകളിൽ ആകാശത്തേയും ഭൂമിയേയും സൃഷ്ടിച്ചഒരു ദൈവമുണ്ടെങ്കിൽ നമ്മൾ രക്ഷപ്പെടും. നമ്മെ രക്ഷിക്കാൻദൈവം ആളെ അയക്കും.”തുടർന്നുള്ള ദിവസങ്ങളിൽ അവർ പ്രാർത്ഥിച്ചും ബൈബിൾ വായിച്ചും പ്രതീക്ഷയോടെ കാത്തിരുന്നു.
അവർ മരിച്ചു വീഴുന്നതും നോക്കി കഴുകന്മാർ വട്ടമിട്ട് പറന്നിട്ടും ഉണങ്ങിയ ശരീരവും ഉണർവുള്ള മനസുമായ് അവർ ദിവസങ്ങൾ തള്ളി നീക്കി.അവസാനം പതിനൊന്നു മാസത്തെ കടൽ ജീവിതത്തിന് വിരാമം കുറിച്ചുകൊണ്ട് 2006 ആഗസ്റ്റ് 9 – ന് തായ്ലൻഡിൽ നിന്നുള്ള ഒരു മത്സ്യബന്ധന യാനം അവരുടെ രക്ഷയ്ക്കെത്തി.
സന്തോഷത്തോടെ അവർ പറഞ്ഞു:”ഹല്ലേലൂയാ……നമ്മുടെ ദൈവം ഇന്നും ജീവിക്കുന്നു.
“ജീവിത പ്രതിസന്ധികളെ വിശ്വാസത്തോടെ എതിരേൽക്കുന്നവർ ഭാഗ്യവാന്മാർ!കണ്ണീരും വിലാപവുമല്ല പ്രാർത്ഥനയുടെ തിരിവെട്ടങ്ങളാണ് നമുക്കാവശ്യം.കരഞ്ഞുകൊണ്ട് കല്ലറയിലേയ്ക്കോടിയ മഗ്ദലനയോട് “സ്ത്രീയെ നീ എന്തിനാണ് കരയുന്നത്?” എന്ന് ഉത്ഥിതൻ ചോദിക്കുന്നുണ്ട് (Ref യോഹ 20:15)
ജീവിത ദു:ഖവെള്ളികളിൽ വിലപിച്ചവരുടെ മിഴിനീർ തുടയ്ക്കപ്പെടുന്നദിനമാണ് ഈസ്റ്റർ!ദു:ഖവെള്ളിയിൽ ആനന്ദിച്ചവർവിലപിച്ച ദിനവും ഈസ്റ്റർ തന്നെ.
നമ്മുടെ കുരിശുമരണത്തിനു മുമ്പിൽ മൂന്നാം ദിനം പ്രത്യാശയുടെ തിരിവെട്ടം തെളിയും. ആ മൂന്നാം ദിനം ചിലപ്പോൾ നാളെയോ, മറ്റന്നാളോ, ഒരു മാസത്തിനു ശേഷമോ, വർഷത്തിനു ശേഷമോ…. ചിലപ്പോൾ നമ്മുടെ മരണശേഷമോ ആകാം.എന്തു തന്നെയായാലും ആ തിരിവെട്ടം നമുക്ക് മുകളിൽ പ്രകാശമായ് തെളിയട്ടെ.
ഏവർക്കും ഈസ്റ്ററിൻ്റെപ്രത്യാശാ മംഗളങ്ങൾ!