Each tree is known by its own fruit. For figs are not gathered from thornbushes, nor are grapes picked from a bramble bush. (Luke 6:44)

ഇസ്രയേൽ ജനതയുടെ ജീവിതത്തോട് കെട്ടുപിണഞ്ഞു കിടക്കുന്ന ഫലസസ്യങ്ങളാണ് അത്തിവൃക്ഷവും മുന്തിരിച്ചെടിയും. അത്തിമരം സമാധാനത്തിന്റെയും സമൃദ്ധിയുടെയും, മുന്തിരി സന്തോഷത്തിന്റെയും പ്രതീകങ്ങളായിരുന്നു. എന്നാൽ മുൾച്ചെടികളും ഞെരിഞ്ഞിലും കൂട്ടിയിട്ടു തീകത്തിക്കാൻ മാത്രം ഉതകുന്നവയായിരുന്നു. ഒരേ മണ്ണിൽ വളരുന്നതെങ്കിലും മുൾചെടികളിൽനിന്നും ഞെരിഞ്ഞിലിൽനിന്നും അത്തിവൃക്ഷങ്ങളിലേക്കും മുന്തിരിചെടികളിലേക്കുമുള്ള അന്തരം വളരെ വലുതായിരുന്നു. ഈ അന്തരത്തിനു പ്രധാന കാരണം അവ പുറപ്പെടുവിച്ചിരുന്ന ഫലങ്ങൾ തന്നെയാണ്. അഥവാ ഫലത്തിന്റെ മേന്മകൾ നോക്കിയാണ് വൃക്ഷം നല്ലതോ ചീത്തയോ എന്ന് തീരുമാനിച്ചിരുന്നത്.

മനുഷ്യരുടെ കാര്യവും ഇതിൽനിന്നും ഒട്ടേറെ വ്യത്യസ്തമല്ല. ആദിയിൽ ദൈവം സൃഷ്ടിച്ചതെല്ലാം നല്ലതായിരുന്നു. നല്ല ഫലങ്ങൾ പുറപ്പെടുവിച്ചു അവിടുത്തെ മഹത്വപ്പെടുത്തുവാനായി ദൈവം നട്ട നല്ല വൃക്ഷങ്ങളാണ് നാമെല്ലാവരും. എന്നാൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന നല്ല വൃക്ഷങ്ങളാണോ നാമിന്ന്? പിശാചിന്റെ പ്രലോഭനങ്ങളിലൂടെ മനുഷ്യനിൽ അഹങ്കാരവും സ്വാർത്ഥതയും അത്യാഗ്രഹവും അസൂയയും ഒക്കെ ഉടലെടുത്തു. അവയെല്ലാം ക്രമേണ പല തരത്തിലുള്ള പാപങ്ങളായി, ലോകത്തെ ഞെരുക്കുകയും മനുഷ്യനെ വേദനിപ്പിക്കുകയും ചെയ്യുന്ന, ചീത്ത ഫലങ്ങളായി രൂപാന്തരം പ്രാപിച്ചു.

നല്ലതു പറയുകയും നന്മ ചെയ്യുകയും ചെയ്യുന്ന അതേ നാവും കരങ്ങളും ഉപയോഗിച്ച് ദൂഷണം പറയുവാനും തിന്മ പ്രവർത്തിക്കുവാനും നമുക്കാവുന്നു. നമ്മുടെ ഹൃദയത്തിൽ പാപാസക്തികൾക്ക് വേരുപാകാൻ അവസരം നൽകുന്പോൾ നമ്മുടെ പ്രവർത്തികൾ ചീത്ത ഫലം പുറപ്പെടുവിച്ചു തുടങ്ങും. നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന മനുഷ്യർ അവരുടെ ജീവിതത്തെ സത്യത്തിലും നീതിയിലും വളർത്തിയെടുത്തവരാണ്. നാം ഓരോരുത്തർക്കും നല്ല ഫലം പുറപ്പെടുവിക്കുന്നവരാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.ആമ്മേൻ

Phone 9446329343