വന്ദ്യ പിതാക്കന്മാരെ, സഹോദര വൈദികരെ, സഹോദരി സഹോദരന്മാരെ,

സീറോ മലബാർ സഭയെ അന്തരികമായും ബാഹ്യമായും ആരാധനയിലും അനുഷ്ഠാനത്തിലും ആത്മീയതയിലും ജീവിത ചൈതന്യത്തിലും ഒന്നാക്കാൻ സഭാപിതാക്കന്മാരും സഭയുടെ ഔദ്യോഗിക പ്രബോധന അധികാരവും നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്ന ആരാധനക്രമ ഐക്യത്തെയും നവീകരണത്തെയും ലക്ഷ്യമാക്കി 1999 മുതൽ സഭാസിനഡിലും അസംബ്ലിയിലും വിവിധ അല്മായ, പുരോഹിത, സന്യാസ തലങ്ങളിലും ആലോചിച്ച് എടുത്ത ഒരു തീരുമാനം ഇന്ന് സഭയെ കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലേക്കും ഭിന്നതകളിലേക്കും ആക്ഷേപാർഹവും അപലപനീയവും ആയ അവസ്ഥയിലേക്കും തള്ളിവിട്ടിരിക്കുകയാണ്.
ആലോചനകൾ ഇല്ലായിരുന്നു എന്ന് പറഞ്ഞാൽ അത് സത്യവിരുദ്ധവും ചരിത്ര തെളിവുകൾക്ക് വിരുദ്ധവുമാണ്. ഇതിനുള്ള തെളിവുകൾ വയ്ക്കുവാൻ സാധിക്കുമെന്നതിനാൽ ചർച്ച ചെയ്യുന്നില്ല.

ഇതിന് ഉത്തരവാദികൾ ആര് എന്ന ചോദ്യത്തിന് ഇനി അർത്ഥമില്ല. തിരുത്തപ്പെടാനോ ക്ഷമ ചോദിച്ചു പുനർമിക്കാനോ പറ്റാത്തവിധമുള്ള മുറിപ്പാടുകൾ സഭയിലും സമൂഹത്തിലും വരുത്തിക്കഴിഞ്ഞു. മറക്കാനും ക്ഷമിക്കാനും സ്നേഹിക്കാനും എന്നും ഉദ്ബോധിപ്പിക്കുന്ന സഭയുടെ നേതൃത്വവും പുരോഹിതരുംമാത്രം ശ്രമിച്ചാൽ, പ്രസംഗിക്കുന്നത് പ്രായോഗികമാക്കിയാൽ ഒരു പുതുയുഗത്തിന് നമുക്ക് തുടക്കം കുറിക്കാൻ ആവും.
വിശ്വാസതലത്തിൽ ജയതോൽവികൾ ഇല്ല. തെറ്റും ശരിയും, സത്യവും മിഥ്യവും മാത്രമേയുള്ളൂ. തെറ്റിനെ ശരി കൊണ്ടും മിഥ്യയെ സത്യം കൊണ്ടും നമുക്ക് തിരുത്താൻ ആവും. അതിനു നമ്മേ തയ്യാറാക്കാൻ സാധിക്കുമോ. വിനയപ്പെടാനും ചെറുതാകാനും കഴിയുമോ? എന്നും നമ്മുടെ കരങ്ങളാൽ, ദൈവകൃപയിൽ വാഴ്ത്തുകയും മുറിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന പരിശുദ്ധ കുർബാനയായി നമുക്കൊന്ന് ചെറുതാകാൻ ശ്രമിക്കാം. അൾത്താരയിൽ ഒന്നിക്കാതെ, സ്നേഹിക്കാൻ, ഒന്നാകാൻ കഴിയുമോ? ആദ്യ അൾത്താരയിൽ നിന്നിറങ്ങിപ്പോയ യൂദാസ് നമുക്ക് നൽകുന്ന പാഠം എന്താണ്? ഇറങ്ങിപ്പോയ ശേഷവും ജീവൻ അപഹരിച്ച പ്രവർത്തിയിലേക്ക് പോകാൻ കാരണം അവന്റെ അഹന്തയും, ധനമോഹവും, അൾത്താരയിൽ നിന്നുള്ള അകൽച്ചയും അല്ലേ?

പ്രിയപ്പെട്ടവരെ, ബോധ്യങ്ങൾ നല്ലതാകാം, എന്നാൽ സത്യം ഒന്നുമാത്രം. സത്യത്തെ ബലി കഴിക്കരുത്. “Compromise is always sacrifice of Truth” എന്ന ബനഡിക്ട് പാപ്പായുടെ വാക്കുകൾ സ്മരിക്കാം. കോംപ്രമൈസസ് എന്തിനു വേണ്ടിയാണ്? നമ്മുടെ സ്വാർത്ഥതയ്ക്ക്, അഹങ്കാരത്തിന്, ചെറുതാകാനുള്ള മനസ്സിലായില്ലായ്മയ്ക്ക് നാം പറയുന്ന പേരല്ലേ കോംപ്രമൈസ്?
പ്രിയരേ നാം ആരുടെ നന്മയാണ് ലക്ഷ്യം വയ്ക്കുന്നത്? എന്തിനു വേണ്ടിയാണ് പോരാടുന്നത്?

അകലുന്ന യുവതലമുറ, വേദനിക്കുന്ന സഭാ സ്നേഹികളായ മാതാപിതാക്കന്മാർ, ഇവരെ നാം ഓർക്കുന്നുണ്ടോ? സഭയിൽ എന്നും വിഭജനം സൃഷ്ടിച്ചത് പുരോഹിതരും നേതൃത്വവും അല്ലേ? ഇതിന് സാധാരണ ജനത്തിന്റെ പേര് പറയുന്നതിൽ അർത്ഥമുണ്ടോ? ജനഹിതമനുസരിച്ച് സഭയുടെ പ്രബോധനവും ധാർമികതയും വിശ്വാസ സത്യങ്ങളും തിരുത്തുവാൻ സാധിക്കുമോ?
നവീകരണത്തിൽ വരുത്തിയ മാറ്റത്തിൽ നാലാം ഗ്ഹാന്താ പ്രാർത്ഥനയിലെ വിട്ടുകളയാവുന്ന ഭാഗമായി നൽകിയിരിക്കുന്ന “എളിയവരും ബലഹീനരും ക്ലേശിതരുമായ ഈ ദാസരും അങ്ങു നൽകിയ മാതൃക പരമ്പരാഗതമായി സ്വീകരിച്ച് അങ്ങയുടെ നാമത്തിൽ ഒരുമിച്ചു കൂടി ഇപ്പോൾ തിരുസന്നിധിയിൽ നിൽക്കുന്നു” എന്ന പ്രാർത്ഥനയോടൊപ്പം അതിന്റെ സന്ദേശവും വിട്ടുകളഞ്ഞോ? നാം ആരെന്നും, നാം ആരുടെ മുമ്പിലാണെന്നും, നാം ചെയ്യുന്നത് എന്തെന്നും, നമുക്ക് അത് എവിടെ നിന്ന് ലഭിച്ചു എന്നും ഇവിടെ വ്യക്തമാക്കുന്നത് പാടെ നാം ഉപേക്ഷിച്ചു കളഞ്ഞു. വിശുദ്ധ കുർബാനയുടെ പ്രാരംഭ പ്രാർത്ഥനകളിൽ വ്യക്തമായി സൂചിപ്പിക്കുന്നതുപോലെയും, മറ്റു പ്രാർത്ഥനകളിൽ ആവർത്തിച്ച് പറയുന്നതുപോലെയും, ഇത് നമുക്ക് ദാനമായി ലഭിച്ച ഒന്നാണ് എന്ന സത്യം നാം മറക്കുകയാണോ? പ്രിയരേ ഇത് നമുക്ക് ‘ആസ്വാദ്യകരമായി’ നിർമ്മിച്ച് എടുക്കാവുന്ന ഒന്നല്ല. നാമല്ല ഇതിന്റെ സൃഷ്ടികർത്താക്കൾ. നമുക്ക് ഇതിൽ പങ്കാളികളാകാൻ മാത്രമേ കഴിയൂ. നാമല്ല ഇതിന്റെ അധ്യക്ഷർ.

ലോകത്തിൽ ഏതെങ്കിലും മതവിഭാഗങ്ങളിൽ ദൈവമുഖമല്ലാതെ, ബലി വേദിയിലേക്കല്ലാതെ ബലിയർപ്പകർ നിൽക്കാറുണ്ടോ? ഹൈന്ദവ മതങ്ങളിൽ എവിടെങ്കിലും ശ്രീകോവിലിനു പുറംതിരിഞ്ഞ് ഏതെങ്കിലും പൂജാരി നിൽക്കാറുണ്ടോ? ഭാരതവൽക്കരണത്തിനായി യജ്ഞിക്കുന്ന നമുക്ക് ഭാരത സംസ്കാരം – ഗുരുവന് മുമ്പിൽ തിരിഞ്ഞു നിൽക്കാത്ത, വിശുദ്ധിയുടെ ഇടങ്ങൾക്ക് പുറം തിരിയാത്ത, അധ്യക്ഷന്റെ മുമ്പിൽ പുറംതിരിയാത്ത- സംസ്കാരമുൾക്കൊള്ളാൻ ആവില്ലേ?

വിഭജനത്തിന്റെ ചരിത്രത്തിന് ഇനിയും ആവർത്തനം നമ്മിലൂടെ കുറിക്കുകയാണോ?
നാം പറയുന്നത് സത്യവും നീതിയും ധർമ്മവുമാണ് എങ്കിൽ നാം ഉപയോഗിക്കുന്ന വാക്കുകളും അപരനെ വിശേഷിപ്പിക്കുന്ന വാക്കുകളും നല്ലതു മാത്രമായിരിക്കും. ഹൃദയത്തിന്റെ തികവിൽ നിന്നാണ് അധരങ്ങൾ സംസാരിക്കുന്നത്. നിന്നിൽ നിന്നും പുറപ്പെടുന്നത് നിന്നെ വെളിവാക്കുന്നു. എങ്കിൽ നാം നമ്മുടെ ശത്രുപക്ഷത്തുനിർത്തുന്നവരെക്കുറിച്ചും നാം എന്തിനുവേണ്ടി വാദിക്കുന്നുവോ ആ ദിവരഹസ്യത്തെക്കുറിച്ചും പ്രയോഗിക്കുന്ന വാക്കുകൾ ഏതുതരത്തിലുള്ളവ എന്ന് പരിശോധനാവിധേയമാക്കേണ്ടതല്ലേ? രാഷ്ട്രീയത്തിൽ പോലും പ്രതിയോഗികളോട് ചില നേതാക്കന്മാരുടെയെങ്കിലും പ്രതികരണവും ബന്ധവും നമ്മുടെ കണ്ണുകൾക്ക് വെളിച്ചം തരേണ്ടതല്ലേ?
വന്ദ്യ പിതാക്കന്മാരെ, സഭയുടെ ഇന്നത്തെ അവസ്ഥയ്ക്ക് നിങ്ങളും കാരണമല്ലേ? ശ്ലൈഹിക ശുശ്രൂഷ അവകാശപ്പെടുന്ന നിങ്ങൾക്ക് വെറും മാനുഷികമായി വിശ്വാസ സത്യങ്ങളെ കൈകാര്യം ചെയ്യുവാനും ദൈവികരഹസ്യങ്ങളുടെ കാര്യസ്ഥൻമാരായ നിങ്ങൾക്ക് അതിന്റെ സംരക്ഷകരാകാതിരിക്കാനും സാധിക്കുമോ? ഇവിടെ തിരുത്തപ്പെടാൻ ഒന്നും ഇല്ലേ? തിരുത്തപ്പെടേണ്ടതിനെ തിരുത്തണമെന്ന് നിങ്ങൾക്ക് ഒന്നിച്ച് പറയാനുള്ള ധാർമിക ഉത്തരവാദിത്തമില്ലേ? എഴുതുന്ന ലേഖനങ്ങളോടും നൽകുന്ന ഉപദേശങ്ങളോടും ലഭിക്കുന്ന സ്വീകരണങ്ങളോടും അണിയുന്ന അടയാളങ്ങളോടും വിശ്വാസവും വിശ്വസ്തതയും ഇത്രയും മതിയോ?

സാധാരണ മനുഷ്യർ നിങ്ങളിൽ നിന്നും അകന്നു എന്ന സത്യം അറിയുന്നുണ്ടോ? നിങ്ങളുടെ പ്രബോധനങ്ങൾക്ക് സാധാരണ ജനം എത്ര വില കൊടുക്കുന്നു എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? കഷ്ടം കഷ്ടം.
ഞാനിത് നിങ്ങളെ കുറ്റപ്പെടുത്താൻ പറയുകയല്ല. ജനത്തിന്റെ നേർമുഖം കണ്ടുകൊണ്ട് അവരുടെ ഇടയിൽ നിന്നുകൊണ്ട് അവരുടെ വേദന ഏവരുടെയും മുമ്പിൽ അവതരിപ്പിക്കുക മാത്രമാണ്. ഇവിടെ വെറുപ്പ് അല്ല വിദ്വേഷമല്ല കോപം അല്ല പിന്നെയോ ആത്മരോദനവും ഹൃദയവേദനയും സഹതാപവും മാത്രമാണ് പ്രകാശിപ്പിക്കുക.

ആത്മാർത്ഥമായി സഭയ്ക്ക്വേണ്ടി, സഭാനേതൃത്വത്തിന് വേണ്ടി, പുരോഹിതർക്ക്വേണ്ടി പ്രാർത്ഥിക്കുകയും സഭാസമൂഹത്തെകൊണ്ട് പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഇനിയും പ്രാർത്ഥന തുടരും.
സ്നേഹപൂർവ്വം
പൂവത്താനിക്കുന്നേലച്ചൻ
