മെക്സിക്കോയിലെ ആദ്യവിശുദ്ധൻ ജുവാൻ ഡിയെഗോ ജനിച്ചത് 1474 ൽ ആസ്ടെക് വംശത്തിലായിരുന്നു.
ഈ വിശുദ്ധന്റെ ഓർമ്മദിവസമായ ഡിസംബർ 9 വരുന്നത് പരിശുദ്ധ അമ്മയുടെ അമലോൽഭവതിരുന്നാളിനും (ഡിസംബർ , ഗ്വാഡലൂപ്പേ മാതാവിന്റെ തിരുന്നാളിനും ( ഡിസംബർ 12) ഇടക്ക് ആയാണ്.
ഹെർണാൻഡെസ് കോർട്ടസ് ആസ്ടെക്ക് സാമ്രാജ്യം പിടിച്ചടക്കിയതിനു ശേഷം 1521ൽ ആണ് മെക്സിക്കോയിൽ ക്രിസ്ത്യാനികളുണ്ടാകാൻ തുടങ്ങിയത്. ആദ്യമായൊരു ക്രിസ്ത്യൻ പള്ളി ‘സാന്റിയാഗോ’ പണിയപ്പെട്ടു. ക്രിസ്ത്യാനികളായ ആദ്യത്തെ കുറച്ചു പേരിൽ പെട്ട ജുവാൻ ഡിയെഗോയും ഭാര്യ മരിയയും ആ പള്ളിയിൽ വെച്ചാണ് മാമോദീസ സ്വീകരിച്ചത്.
ഉത്ഥിതനായ ക്രിസ്തുവിന്റെ രക്ഷയുടെ പ്രകാശം അവിടേക്ക് കൊണ്ടുവരാൻ അക്ഷീണം പരിശ്രമിച്ച, സ്പെയിനിൽ നിന്നുള്ള ഫ്രാൻസിസ്കൻ മിഷനറിമാർക്ക് നരബലിയിലും ക്രൂരതകളിലും തൽപ്പരരായിരുന്ന ആസ്ടെക്ക് ജനതകളുടെ ഇടയിലാണ് പ്രവർത്തിക്കേണ്ടി വന്നത്. സൂര്യദൈവത്തെ പ്രസാദിപ്പിക്കാൻ എന്ന പേരിൽ ചില ദിവസങ്ങളിൽ അനേകം ആളുകളെ ബലി നൽകിയിരുന്നു. ഈ വിധ ഭീകരആചാരങ്ങൾ കാണേണ്ടി വന്ന മിഷനറിമാരുടെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതാണ്.ആദ്യം വളരെ കുറച്ചു പേരേ ക്രിസ്തുവിന്റെ സുവിശേഷത്തെ പുൽകാൻ സന്നദ്ധരായുള്ളു. പക്ഷേ 1531ൽ ഉണ്ടായ അസാധാരണ സംഭവം എല്ലാം മാറ്റിമറിച്ചു.
ഡിസംബർ 9, 1531
ആ കാലഘട്ടത്തിൽ അമലോൽഭവമാതാവിന്റെ തിരുന്നാൾ ആഘോഷിച്ചിരുന്നത് ഡിസംബർ 9ന് ആയിരുന്നു. 1531ൽ, അതൊരു ശനിയാഴ്ച ദിവസമായിരുന്നു വന്നത് . റ്റ്ലാൽറ്റെലോൽക്കോ ടൗണിൽ പോയി വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാനായി ജുവാൻ ഡിയെഗോ വേഗം നടക്കുകയായിരുന്നു.
ആ 22 കിലോമീറ്റർ ദൂരം ആരോഗ്യദൃഡഗാത്രനായ ജുവാന് ഒരു പ്രശ്നമായി തോന്നിയില്ല, മാത്രമല്ല അവന്റെ വിശ്വാസവും അതേപോലെ ദൃഡമായിരുന്നു. ദൈവത്തോടും പരിശുദ്ധ അമ്മയോടുമുള്ള ഭക്തിയിൽ അവന്റെ ഹൃദയം എരിഞ്ഞിരുന്നു. പരിശുദ്ധ അമ്മയെക്കുറിച്ച് ചിന്തിച്ചു കൊണ്ടായിരുന്നു അവൻ നടന്നിരുന്നത്.
ഡിസംബർ 9, 1531ആ കാലഘട്ടത്തിൽ അമലോൽഭവമാതാവിന്റെ തിരുന്നാൾ ആഘോഷിച്ചിരുന്നത് ഡിസംബർ 9ന് ആയിരുന്നു. 1531ൽ, അതൊരു ശനിയാഴ്ച ദിവസമായിരുന്നു വന്നത് . റ്റ്ലാൽറ്റെലോൽക്കോ ടൗണിൽ പോയി വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാനായി ജുവാൻ ഡിയെഗോ വേഗം നടക്കുകയായിരുന്നു. ആ 22 കിലോമീറ്റർ ദൂരം ആരോഗ്യദൃഡഗാത്രനായ ജുവാന് ഒരു പ്രശ്നമായി തോന്നിയില്ല, മാത്രമല്ല അവന്റെ വിശ്വാസവും അതേപോലെ ദൃഡമായിരുന്നു. ദൈവത്തോടും പരിശുദ്ധ അമ്മയോടുമുള്ള ഭക്തിയിൽ അവന്റെ ഹൃദയം എരിഞ്ഞിരുന്നു. പരിശുദ്ധ അമ്മയെക്കുറിച്ച് ചിന്തിച്ചു കൊണ്ടായിരുന്നു അവൻ നടന്നിരുന്നത്.
അവന്റെ ആകാംക്ഷ ആ ചരിവിലൂടെയുള്ള അവന്റെ നടത്തത്തിന്റെ വേഗം കൂട്ടി. കുറച്ചു മുകളിലെത്തിയപ്പോൾ ആ പർവ്വതശൃംഗത്തിൽ, കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യമുള്ള ഒരു സ്ത്രീ, സൂര്യരശ്മികളെന്നു തോന്നിക്കുന്ന തിളങ്ങുന്ന ഉടയാടയോടെ കാണപ്പെട്ടു. പതിനാല് വയസ്സുള്ള പെൺകുട്ടിയെപ്പോലെ തോന്നും. അവൾ വിളിച്ചപ്പോൾ അടുത്തേക്ക് പോയ ജുവാൻ ആ സ്വർഗീയകാഴ്ച കണ്ട് മുട്ടിൽ വീണു വണങ്ങി.
“ജുവാനിറ്റോ, എന്റെ മകനെ, നീ എങ്ങോട്ടാണ് പോകുന്നത് ?”ആ സ്ത്രീ ചോദിച്ചു. ” ഞാൻ റ്റ്ലാൽറ്റെലോൽക്കോയിൽ കുർബ്ബാന കൂടാൻ പോവുകയാണ് ” ആ സ്ത്രീ പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു “സംശയമൊന്നും വേണ്ട പ്രിയ മകനെ, ഞാൻ നിത്യകന്യകാമറിയമാണ്, എല്ലാവർക്കും ജീവൻ നൽകുന്ന, എല്ലാത്തിന്റെയും കർത്താവായ, സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ സത്യദൈവത്തിന്റെ അമ്മ. എന്റെ സ്നേഹവും കരുണയും സംരക്ഷണവും ഈ ജനത്തിന്റെ മേൽ ഉണ്ടാവും വിധം ഇവിടെ എനിക്കായി ഒരു പള്ളി പണിയണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. കാരണം ഞാൻ നിന്റെ കരുണയുള്ള അമ്മയാണ്…. ഇവിടെ, ഞാൻ അവരുടെ കണ്ണീരും ദുഖങ്ങളും ശ്രവിച്ച്,അവരുടെ കഷ്ടപ്പാടിനും ആപത്തുകൾക്കും പരിഹാരം കാണും”. അവിടത്തെ ബിഷപ്പിനോട് ഈ സന്ദേശം പറയാൻ ജുവാനിനെ മാതാവ് ഏൽപ്പിച്ചു.
ബിഷപ്പ് സുമാരാഗ ജുവാൻ പറഞ്ഞതൊക്കെ കേട്ടു, പക്ഷേ തിടുക്കത്തിൽ എടുത്തുചാടി ഒന്നും ചെയ്യേണ്ടെന്ന് തീരുമാനിച്ചു. പ്രത്യേകിച്ച് മറുപടി ഒന്നും പറയാതെ അവനെ പറഞ്ഞയച്ചു. അവൻ തിരിച്ചുപോകുമ്പോൾ മനോഹരിയായ അമ്മ വീണ്ടും പ്രത്യക്ഷപ്പെട്ടു. ബിഷപ്പിനെ വിവരം ധരിപ്പിക്കുന്നതിൽ താൻ പരാജയപ്പെട്ടു എന്ന് അവന് അമ്മയോട് പറഞ്ഞു. അവൻ യാചിച്ചു, ” എന്റെ പ്രിയപ്പെട്ട സ്ത്രീയെ, ഞാൻ അങ്ങയോടപേക്ഷിക്കുകയാണ്, കുറച്ചു കൂടി അറിയപ്പെടുന്ന,എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ഏതെങ്കിലും പ്രധാനപ്പെട്ട ഒരാൾക്ക് ഈ ദൗത്യം കൊടുത്തേൽപ്പിക്കാമോ? അപ്പോൾ അവർ അയാളെ വിശ്വസിക്കും. നിനക്കറിയാമല്ലോ ഞാൻ ഒരു ഭീരുവും ഒന്നിനും കൊള്ളാത്തവനുമല്ലാതെ ആരുമല്ലെന്ന്. എനിക്ക് ഒട്ടും ചേരാത്ത സ്ഥലത്തെക്കാണ് നീ എന്നെ പറഞ്ഞയച്ചത്. എനിക്ക് മാപ്പ് തരണം, എന്നോട് ദേഷ്യമൊന്നും തോന്നല്ലേ തമ്പ്രാട്ടി ” അവനെ ആശ്വസിപ്പിച്ച അമ്മ, അടുത്ത ദിവസം വീണ്ടും മെത്രാനെ കാണാൻ അവനോട് പറഞ്ഞു.
ജുവാൻ ഡിസംബർ 10 ന് വീണ്ടും മെത്രാനെ കാണാൻ പോയി. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടലിനെകുറിച്ച് വീണ്ടും കേട്ട ബിഷപ്പ് അത് സത്യമാണെന്നുറപ്പാക്കാൻ ഒരു അടയാളം ചോദിക്കാൻ ആവശ്യപ്പെട്ടു. തിരിച്ചുപോകുമ്പോൾ മാതാവിനെകണ്ട ജുവാൻ നടന്നതെല്ലാം പറഞ്ഞു. ” ശരി മോനെ ” അമ്മ പറഞ്ഞു, ” നാളെ കാലത്ത് വരൂ, നീ ചോദിച്ച അടയാളം ഞാൻ തരാം”.
വീട്ടിൽ പോകുന്ന വഴിക്ക് ജുവാൻ, സുഖമില്ലാതെ കിടക്കുന്ന അവന്റെ അമ്മാവൻ ജുവാൻ ബെർണാർഡിനോയെ കാണാൻ പോയി. വളരെ അത്യാസന്നനിലയിൽ കിടക്കുന്ന അമ്മാവനെ ആണ് അവൻ കണ്ടത്. ആളെ പരിചരിക്കാൻ നിന്നതുകൊണ്ട് ഡിസംബർ 11 ന് അവന് അമ്മയെ കാണാൻ പോവാൻ പറ്റിയില്ല.
അടുത്ത ദിവസം ഡിസംബർ 12 ന്, മരിച്ചുകൊണ്ടിരിക്കുന്ന അമ്മാവന് അന്ത്യകൂദാശ നൽകാൻ ഒരു വൈദികനെ വിളിക്കാൻ അവൻ ഓടുകയായിരുന്നു. പരിശുദ്ധ അമ്മയെ കാണാതിരിക്കാൻ വേണ്ടി മനഃപൂർവ്വം അവൻ വേറെ ഒരു വഴിയിലൂടെയാണ് പോയത്. ആശ്ചര്യമെന്നു പറയട്ടെ, ആ വഴിയിൽ കാത്തുനിന്ന അമ്മ അവൻ എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചു. വിഷയം മാറ്റാൻ ആഗ്രഹിച്ചുകൊണ്ട് ജുവാൻ അമ്മയോട്, ആ പ്രഭാതത്തിൽ എങ്ങനെയുണ്ട് അവൾക്ക് എന്നൊക്കെ ചോദിച്ചതിന് ശേഷം അവൻ തിരക്കിലാണെന്നും മരിക്കാറായ അമ്മാവന് വേണ്ടി ഒരു പുരോഹിതനെ വിളിക്കാൻ പോവുകയാണെന്നും പറഞ്ഞു.
അമ്മ മാതൃസ്നേഹത്താൽ നിറഞ്ഞ് അവനോട് പറഞ്ഞു, ” ഒന്നിലും വിഷമിക്കേണ്ട, എന്റെ പ്രിയപ്പെട്ട കുഞ്ഞു മകനെ, ഞാനിവിടെയില്ലേ, നിന്റെ അമ്മ? അമ്മാവനെക്കുറിച്ച് വിഷമിക്കണ്ട ഈ നിമിഷം അയാൾ സുഖപ്പെട്ടുകഴിഞ്ഞു. നീ എന്നെ ആദ്യം കണ്ട കുന്നിൻചെരിവിലേക്ക് പോകൂ, അവിടെ കുറച്ചു പൂക്കൾ നീ കാണും. അത് ശ്രദ്ധയോടെ പറിച്ച് ഇവിടെ എന്റെ അടുത്തേക്ക് കൊണ്ടുവരൂ “.
അത് പൂക്കൾ ഉണ്ടാകുന്ന കാലമായിരുന്നില്ല. മാത്രമല്ല കുറച്ചു കള്ളിചെടികളും മുൾചെടികളുമല്ലാതെ ആ മലയിൽ വേറെ ഒരു പൂവും ആരും കണ്ടിട്ടും ഇല്ല. എന്തായാലും ജുവാൻ മടിച്ചു നിന്നില്ല. ഒറ്റ ഓട്ടം കൊടുത്ത അവൻ ചെന്ന് നിന്നത് മലമുകളിലായിരുന്നു. എന്തൊരു വിസ്മയം!! മഞ്ഞുമൂടിയ പാറപ്പുറത്ത് പലതരം ഭംഗിയാർന്ന പൂക്കൾ സമൃദ്ധിയായി വിരിഞ്ഞു നിൽക്കുന്നു. സമയം കളയാതെ, അവന്റെ ഏപ്രണിൽ ( tilma) നിറക്കാവുന്ന അത്രയും പൂക്കൾ അവൻ പൊട്ടിച്ചു കുത്തിനിറച്ചു. തിരിച്ചു അമ്മയുടെയടുത്ത് ചെന്നപ്പോൾ അവൾ അത് ശ്രദ്ധയോടെ നിരയായി ഒരുക്കിയതിനു ശേഷം ബിഷപ്പിനെ കാണിക്കാൻ പറഞ്ഞു, അടയാളമായി.
ബിഷപ്പിനടുത്തേക്ക് ഓടിച്ചെന്ന ജുവാൻ ഒറ്റശ്വാസത്തിൽ എല്ലാം പറഞ്ഞു. എന്നിട്ട് അവന്റെ ഏപ്രൺ തുറന്ന് സുന്ദരമായ പൂക്കൾ ബിഷപ്പിന്റെ കാൽക്കലേക്ക് കുടഞ്ഞിട്ടു. പ്രൗഢിയായതും സുഗന്ധം പരത്തുന്നതുമായ ആ പൂക്കളുടെ ഇടക്ക്, ബിഷപ്പ് സുമാരാഗ ഒരു കാര്യം ശ്രദ്ധിച്ചു, കാസ്റ്റിൽ റോസപ്പൂക്കൾ!!! താൻ മനസ്സിൽ വിചാരിച്ചിരുന്ന അടയാളം! അടുത്ത് നിന്നിരുന്നവർ പെട്ടെന്ന് മറ്റൊരു കാര്യം ശ്രദ്ധിച്ചു, ജുവാനിന്റെ ഏപ്രണിൽ പരിശുദ്ധ അമ്മയുടെ മനോഹരചിത്രം പതിഞ്ഞിരിക്കുന്നു. ഒരു കരച്ചിലോടു കൂടി അവരെല്ലാം കൈകൂപ്പിക്കൊണ്ട് മുട്ടിൽ വീണു.
ബിഷപ്പിന്റെ അനുമതിയോടുകൂടി ജുവാൻ ഒരു സന്യാസിയെപ്പോലെ പിന്നീടങ്ങോട്ട് താമസിച്ചത്, അത്ഭുതചിത്രത്തിന്റെ വണക്കത്തിനായി അത് സ്ഥാപിച്ച ചാപ്പലിനടുത്തുള്ള ഒരു ചെറിയ ഭവനത്തിലാണ്. താമസിയാതെ, ദിനവും പെരുകിവന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് മാമോദീസ കൊടുക്കാനുള്ളത്ര വൈദികരും മിഷനറിമാറും അവിടെ തികയാതെ വന്നു. കുറച്ചു കൊല്ലങ്ങൾക്കുള്ളിൽ ഒൻപത് മില്യണിൽ അധികം ആസ്ടെക്കുകൾ ക്രിസ്ത്യാനികളായി മാറി, സഭയുടെ ചരിത്രത്തിൽ കേട്ടിട്ടില്ലാത്ത പോലെ.
മനുഷ്യവൈദഗ്ദ്യത്തിന്റെ ഉൽപ്പന്നമല്ലാത്ത ആ ചിത്രം ഒരിക്കലും മങ്ങിയില്ല. പരുക്കൻ തുണി കൊണ്ടുള്ള ആ ഏപ്രൺ ( tilma ) കുറച്ചു ദശാബ്ദങ്ങൾ കൊണ്ട് ചുരുങ്ങിപോവേണ്ടതായിരുന്നു. പക്ഷെ അഞ്ചു നൂറ്റാണ്ടുകൾക്കിപ്പുറവും, മെക്സിക്കോയിൽ, തേപ്പെയാക് മലയാടിവാരത്ത്, Our Lady of Guadalupe ബസിലിക്കയിൽ അത് ഒരു മാറ്റവുമില്ലാതെ കാണാം.
മരിയൻ പ്രത്യക്ഷീകരണം ശരിക്കും മെക്സിക്കൻ ജനതയുടെ ഉദയമായിരുന്നു – സ്പാനിഷ് ജനതയും തദ്ദേശിയരും കൂടിക്കലർന്നവർ. മെക്സിക്കോയിലെ സ്ത്രീകളെ പോലെ കുറച്ചു ഇരുണ്ട നിറവും രീതികളുമാണ് ചിത്രത്തിലെ സ്ത്രീക്ക്. അവളുടെ വസ്ത്രത്തിന്റെ നിറവും രീതിയും, സ്വർണ്ണനക്ഷത്രങ്ങൾ നിറഞ്ഞ നീല മേലങ്കി, ഒരു മാലാഖ ഉയർത്തിപിടിച്ച രീതിയിൽ അർദ്ധചന്ദ്രക്കലയിൽ ഉള്ള നിൽപ്പ്, ഇതിനെല്ലാം ആസ്ടെക്ക് ജനങ്ങളുടെ മതവും സംസ്കാരവുമായി ബന്ധപ്പെട്ട അർത്ഥങ്ങളുണ്ട്.
അവൾ ജുവാനോട് സംസാരിച്ചത് സ്പാനിഷ് ഭാഷ ആയിരുന്നില്ല, അവരുടെ സ്വന്തം ഭാഷ ആയ നാവാട്ടിൽ ( nahuatl) ആയിരുന്നു. അവളുടെ ശക്തി വെളിപ്പെടുത്തുന്ന രീതിയിൽ അല്ല, പാവങ്ങളോടുള്ള കരുണയും സ്നേഹവും വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു പ്രത്യക്ഷപ്പെട്ടത്.
അരക്കെട്ടിലെ കറുത്ത വസ്ത്രം സൂചിപ്പിച്ചത് അവൾ ഗർഭിണിയാണെന്നായിരുന്നു. അങ്ങനെ, ആ ചിത്രം സൂചിപ്പിച്ചത് പുതിയ ലോകത്തിന് പ്രത്യാശയായി, ക്രിസ്തു വീണ്ടും പിറക്കാൻ പോകുന്നെന്നായിരുന്നു.
ഗ്വാഡലൂപ്പേ ചിത്രം, അടിച്ചമർത്തപ്പെടുന്നവരോടുള്ള, പീഡിപ്പിക്കപ്പെടുന്നവരോടുള്ള, ദൈവത്തിന്റെ കരുതലിന്റെയും, പരിശുദ്ധ അമ്മയുടെ സ്നേഹം നിറഞ്ഞ നോട്ടത്തിലൂടെ വെളിവാക്കപ്പെട്ട അവന്റെ സ്നേഹത്തിന്റെയും പ്രതീകമായി നമുക്ക് മുന്നിൽ നിലകൊള്ളുന്നു.
വിശുദ്ധ ജോൺ ഡിയാഗോ മരണമടഞ്ഞത് മെയ് 30, 1548 ലാണ്. മെയ് 6, 1990ൽ ജോൺ പോൾ രണ്ടാമൻ പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി ഉയർത്തി, പാപ്പ തന്നെ ജൂലൈ 31, 2002 ൽ ജുവാനിനെ വിശുദ്ധപദവിയിലേക്ക് ഉയർത്തി.
ജിൽസ ജോയ്