അനിയത്തിക്കുട്ടിയ്ക്ക് പണ്ടൊരു പൂച്ചയുണ്ടായിരുന്നു; മണിക്കുട്ടി.
സ്കൂൾവിട്ട് കുട്ടികൾ പോകുന്നതു കാണുമ്പോഴേ വഴിയോരത്ത് വന്ന്
അത് കാത്തുനിൽക്കും.
അവൾ അടുത്തെത്തുമ്പോൾ
അവളുടെ ദേഹത്ത് തൊട്ടുരുമി സന്തോഷത്തോടെ അവളെക്കൂട്ടി വീട്ടിലെത്തും.
ഒരുനാൾ പൂച്ചയെ കാണാതായി.
വീടാകെ ശോകമൂകം. അനിയത്തിയുടെ സ്വരം കേട്ടാൽ ഓടി വരുന്ന മണിക്കുട്ടി
എത്ര വിളിച്ചിട്ടും വിളി കേൾക്കുകയോ വീടണയുകയോ ചെയ്തില്ല.
ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ
എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് മണിക്കുട്ടി തിരിച്ചെത്തി;
കൂടെ നാല് കുഞ്ഞുങ്ങളും!
അത്രയും നാൾ അത് എവിടെയായിരുന്നുവെന്ന് ആർക്കുമറിയില്ല. എങ്കിലും,
കുഞ്ഞുങ്ങൾക്ക് ജന്മം നൽകി,
മക്കളെയും കൂട്ടി വീട്ടിലേക്കുള്ള
വഴി മറക്കാതെ മണിക്കുട്ടി വീട്ടിലെത്തി
എന്നത് സന്തോഷകരം.
പട്ടിയും പൂച്ചയുമെല്ലാം അങ്ങനെയാണ്, വീട്ടിലേക്കുള്ള വഴി മറക്കില്ല. എത്ര ദൂരെ ഉപേക്ഷിച്ചിട്ടും ദിവസങ്ങൾക്കു ശേഷം
അവ തിരിച്ചെത്തിയിട്ടുള്ള കഥകൾ
ധാരാളം കേട്ടിട്ടുണ്ടല്ലോ?
പലപ്പോഴും വഴിതെറ്റുന്നതും വന്നവഴി മറക്കുന്നതും മനുഷ്യർക്കല്ലേ?
അപ്പനെയും അമ്മയെയും മറക്കുന്നവർ, കൂടപ്പിറപ്പുകളെ ഓർക്കാത്തവർ,
ബന്ധങ്ങളെ തിരിച്ചറിയാത്തവർ
എന്നിങ്ങനെയുള്ളവർ”
“നമ്മുടെ കൺമുമ്പിൽ ധാരാളമുണ്ടല്ലോ?
ഇങ്ങനെയുള്ള നമ്മൾ ദൈവത്തെ മറക്കുന്നതിൽ ഒട്ടും അതിശയമില്ല.
“വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല”
(യോഹ 14 : 6) എന്ന ക്രിസ്തുവിൻ്റെ വാക്കുകൾ നമുക്ക് മറക്കാതിരിക്കാം.
നമ്മൾ ഓരോരുത്തരും നടന്നു നീങ്ങേണ്ട
വഴി തെളിച്ച ക്രിസ്തുവിനെ ഒപ്പം കൂട്ടാം.
നമ്മുടെ തകർച്ചകളിലും നൊമ്പരങ്ങളിലും വളർച്ചയിലും ഉയർച്ചയിലും താങ്ങും തണലുമായി കൂടെ നിന്നവരെയും മറക്കാതിരിക്കാം.

ഫാദർ ജെൻസൺ ലാസലെറ്റ്
ജനുവരി 04-2021.