തിരക്കഥകൾ മാറിമറിയുന്നു; ലക്‌ഷ്യം ഒന്നുമാത്രം – സഭയെ ധിക്കരിക്കുക
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭരണസംവിധാനങ്ങളെയും ദൈനംദിന നടപടിക്രമങ്ങളെയും സ്തംഭിപ്പിച്ച് അതിരൂപതാ ആസ്ഥാനം കയ്യേറിയവരെ ഒഴിപ്പിച്ച് വിശ്വാസികളുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കാൻ ശ്രമിച്ചതിന്റെ പേരിൽ തികച്ചും അക്രൈസ്തവവും മനുഷ്യത്വരഹിതവുമായ പകപോക്കലാണ് ഫാ. ജോസ് വൈലിക്കോടത്തിന്റേതായി പ്രചരിക്കുന്ന കുറിപ്പിൽ തെളിഞ്ഞുകാണുന്നത്.
അതിരൂപതയിലെ ഭൂമിയിടപാട് അന്വേഷിച്ച കമ്മീഷനുകളും ഏജൻസികളുമെല്ലാം കണ്ടെത്തിയത് അതിൽ ഒരു വ്യക്തിപോലും സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ല എന്നാണ്. വത്തിക്കാൻ നല്കിയ അന്തിമ വിധിതീർപ്പിലും വ്യക്തിപരമായി ആരും ക്രമക്കേട് നടത്തിയിട്ടില്ല എന്നു കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച രേഖകളെല്ലാം നീതിന്യായ കോടതി പരിശോധിച്ചു വിധിപറയാനിരിക്കുകയാണ്. അപ്പോഴാണ്, ഏതുവിധേനയും സഭാസംവിധാനങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവർ സമരത്തിന്റെ തിരക്കഥ മാറ്റിയെഴുതുന്നത്. എല്ലാ രേഖകളും അന്വേഷണ സംഘത്തിന്റെ പക്കൽ ഉള്ളപ്പോൾ ഇല്ലാത്തതെന്തോ തിരുത്താനാണ് പുതിയ കൂരിയാ അംഗങ്ങളെ എറണാകുളം-അങ്കമാലി അതിരൂപതയിൽ നിയമിച്ചിരിക്കുന്നത് എന്നതാണ് പുതിയ തിരക്കഥ. കുറേക്കാലം സഭയെയും സഭാധ്യക്ഷനെയും അപമാനിക്കാൻ വിഷയമായ ഭൂമിയിടപാടിന്റെ പേരിൽ വീണ്ടും വിദ്വേഷ പ്രചരണം നടത്തി സഭയെ പൊതുമധ്യത്തിൽ ആക്ഷേപിക്കാനായിരിക്കും അതിരൂപതാ നശീകരണ സമിതിയുടെ പദ്ധതി.
ഭൂമിയിടപാടും ഡീക്കന്മാരുടെ പട്ടവും തമ്മിൽ ഒരു ബന്ധവുമില്ലെന്നിരിക്കെ അവതമ്മിൽ വിചിത്രമായ ബന്ധം ആരോപിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ് ഫാ. വൈലിക്കോടത്തിന്റെ പുതിയ പരിശ്രമം. പച്ചക്കള്ളം ചമച്ചുണ്ടാക്കി ഗീബൽസിയൻ തന്ത്രം പോലെ ആവർത്തിച്ചു പറഞ്ഞും പ്രചരിപ്പിച്ചും സാധാരണ ജനങ്ങളെ വിശ്വസിപ്പിച്ച് ഒരു വിഭാഗത്തിന്റെ അജണ്ട നടപ്പാക്കുമ്പോൾ ഒരു കാര്യം മറക്കരുത്: നിങ്ങൾക്കു ജയിക്കാൻവേണ്ടി നമ്മുടെ കർത്താവിന്റെ സഭയെയാണ് നിങ്ങൾ തോൽപ്പിക്കുന്നത്.