പാതിരികളുടെ പാതിരി എന്നറിയപ്പെടുന്ന വിശുദ്ധ ജോസഫ് കഫാസ്സോയെ അറിയാമോ? വധശിക്ഷക്ക് വിധിക്കപ്പെട്ട അറുപത്തെട്ടോളം മനുഷ്യരുടെ കൂടെ നിന്ന് വിശുദ്ധമായ മരണത്തിന് അവരെ ഒരുക്കിയ പുരോഹിതൻ. ജയിലുകളെ സ്വർഗ്ഗമാക്കിയവൻ , എണ്ണമറ്റ യുവാക്കളെ പൗരോഹിത്യവഴിയിലേക്ക് നയിച്ചെന്നു മാത്രമല്ല വിശുദ്ധിയുള്ള പുരോഹിതരാക്കിയ റെക്ടർ …

തീർന്നില്ല..വിശുദ്ധ അലോഷ്യസിന്റെ നിഷ്കളങ്കത, വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ഉപവി ,വിശുദ്ധ ചാൾസ് ബൊറോമിയോയുടെ ലാളിത്യം, വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ സൗമ്യത .. ഇതെല്ലാം ഒരാളിൽ ഒത്തുചേരുക!! അതായിരുന്നു വിശുദ്ധ ജോൺ കഫാസ്സോ.

സ്വന്തം സമർപ്പിതജീവിതം വഴി പുരോഹിതർക്ക് നൽകിയ മാതൃകയും നൂറുകണക്കിന് വൈദികരെ വാർത്തെടുക്കുന്നതിൽ കാണിച്ച തീക്ഷ്ണതയും ഒക്കെ കൊണ്ട്, പീയൂസ് പതിനൊന്നാം പാപ്പ കഫാസ്സോയെ വിളിച്ചത് ‘ഇറ്റാലിയൻ പുരോഹിതരിലെ മുത്ത്’ എന്നാണ്.

ഡോൺ ബോസ്കോക്കൊപ്പമായിരുന്നവൻ !

“നന്നേ ചെറുപ്പമായ ഒരു സെമിനാരി വിദ്യാർത്ഥി …വണ്ണം കുറഞ്ഞ പ്രകൃതം, തിളങ്ങുന്ന കണ്ണുകൾ, സൗഹൃദപരമായ പെരുമാറ്റം , ഒരു മാലാഖയെ പോലുണ്ടാർന്നു കാണാൻ. ആളെക്കണ്ടപ്പോൾ ഞാൻ ആകെ വശീകരിക്കപ്പെട്ട പോലെയായി. എനിക്കപ്പോൾ 12 വയസ്സേ ഉണ്ടായിരുന്നുള്ളു എങ്കിലും ആളോട് പോയി സംസാരിക്കണമെന്ന് തോന്നി “, വിശുദ്ധ ഡോൺ ബോസ്കോ 1827ൽ താൻ ആദ്യമായി ജോസഫ് കഫാസോയെ കണ്ടത് വിവരിക്കുകയായിരുന്നു.

“ഇവിടെ നടന്നുകൊണ്ടിരിക്കുന്ന കുറച്ചു കളികൾ കാണണോ താങ്കൾക്ക് ? അതെല്ലാം ഞാൻ ചുറ്റിനും നടന്ന് കാണിക്കാം” കുഞ്ഞു ‘ജോൺ’ ബോസ്കോ പറഞ്ഞു.

“എന്റെ കുഞ്ഞു സുഹൃത്തേ”, ചെറുപ്പക്കാരനായ ആ പുരോഹിതൻ പറഞ്ഞു, “വൈദികരുടെ നേരമ്പോക്കും വിനോദവുമൊക്കെ പള്ളികാര്യങ്ങളിലാണ്. അതെത്ര നന്നായി ചെയ്യുന്നോ അത്രക്കും അവർ ആസ്വദിക്കുന്നു. ഒരാൾ പുരോഹിതനാകുമ്പോൾ തന്നെത്തന്നെ കർത്താവിന് നൽകുന്നു. ഈ ലോകത്തിൽ എന്തൊക്കെയുണ്ടായാലും ദൈവമഹത്വത്തിനായും ആത്മാക്കളുടെ രക്ഷക്കായും ചെയ്യുന്ന കാര്യങ്ങളേക്കാൾ കൂടുതൽ പ്രാധാന്യം വേറെ ഒന്നിനും അവൻ ഹൃദയത്തിൽ കൊടുക്കരുത്”.

ജോൺ അമ്മയോട് ഇതെല്ലാം പറയാൻ വീട്ടിലേക്കോടി : ” ഞാൻ അദ്ദേഹത്തെ കണ്ടു ! ഞാൻ സംസാരിച്ചു ! ജോസഫ് കഫാസ്സൊ. അദ്ദേഹം ഒരു വിശുദ്ധനാണ് ! ശരിക്കും !” ഉണ്ടായതെല്ലാം അവൻ അമ്മയോട് പറഞ്ഞു.

“ശ്രദ്ധിക്കു ജോൺ”, മമ്മ മാർഗരറ്റ് ഒരു ഉൾവിളി കിട്ടിയിട്ടെന്ന വണ്ണം പറഞ്ഞു , “അത്രക്കും തീക്ഷ്ണതയുള്ള യുവവൈദികൻ എന്തായാലും വിശുദ്ധനായ ഒരു പുരോഹിതനാകും. പാവങ്ങൾക്ക് അദ്ദേഹം പിതാവാകുകയും അനേകം പാപികളെ സത്യത്തിന്റെ പാതയിലേക്കു നയിക്കുകയും ചെയ്യും. അനേകർക്ക് നന്മ ചെയ്യാൻ പ്രചോദനമാവും, സ്വർഗത്തിനായി എണ്ണമറ്റ ആത്മാക്കളെ നേടുകയും ചെയ്യും” ഇതെല്ലാമാണ് അക്ഷരാർത്ഥത്തിൽ ജോസഫ് കഫാസ്സോ ആയിത്തീർന്നതും!

ജോസഫ് കഫാസ്സോ ജോൺ ബോസ്‌കോക്ക് ഒരു മാതൃക ആയെന്ന് മാത്രമല്ല, സെമിനാരിയിൽ വന്നുകഴിഞ്ഞുള്ള ഓരോ സ്റ്റെപ്പിനും ആത്മീയോപദേശകനായി കൂടെ തന്നെയുണ്ടായിരുന്നു, ഡോൺ ബോസ്‌കോയുടെ കുമ്പസാരക്കാരനായിരുന്നു, പണത്തിന് ആവശ്യമുള്ളപ്പോഴെല്ലാം അവന്റെ സഹായത്തിനെത്തി. “ഞാനെന്തെങ്കിലും നന്മ എന്റെ ജീവിതത്തിൽ ചെയ്തിട്ടുണ്ടെങ്കിൽ “ , ഡോൺ ബോസ്കോ സാക്ഷ്യപ്പെടുത്തി , “അതിനെല്ലാം.. ആരിലാണോ എന്റെ ഓരോ തീരുമാനവും ,ആലോചനയും ഓരോ പദ്ധതിയും എന്റെ എല്ലാ കാര്യവും ഞാൻ വിശ്വസിച്ചേല്പിച്ചത്…ആ യോഗ്യനായ പുരോഹിതനോട് ഞാൻ കടപ്പെട്ടിരിക്കുന്നു”.

ചെറുപ്പം തൊട്ടേയുള്ള പ്രതിബദ്ധത!

കുഞ്ഞുനാളിൽത്തന്നെ കഫാസ്സോ ദൈവസ്നേഹത്തിനും പരസ്നേഹത്തിനുമായി തന്നെത്തന്നെ സമർപ്പിച്ചിരുന്നു. ജനുവരി 15, 1811 ൽ ആണ് വടക്കൻ ഇറ്റലിയിൽ ടൂറിന് 30 km അകലെയുള്ള കാസിൽനുവോവോ ദ് ആസ്തി എന്നയിടത്ത് കഫാസ്സോ ജനിക്കുന്നത്. പാപത്തിന്റെ നിഴൽ പോലും ഉള്ള ഏന്തെങ്കിലും കഫാസ്സോ പറയുകയോ , ചെയ്തതോ ആയി ആർക്കും അറിവില്ല, പകരം അനുസരണം , പഠനത്തോടുള്ള ആഭിമുഖ്യം , ദൃഢമായ പ്രാർത്ഥനാജീവിതം ഇതൊക്കെ കൊണ്ട് സമ്പന്നമായിരുന്നു അവന്റെ ബാല്യകാലജീവിതം. “പള്ളിയിലേക്കും സ്‌കൂളിലേക്കുമുള്ള വഴിയല്ലാതെ വേറൊരു വഴിയും ആ കൊച്ചന് അറിയില്ലെന്ന് തോന്നുന്നു”..അവനെപ്പറ്റി കേട്ടതിലൊന്ന്.

10 വയസ്സാകുമ്പോഴേക്ക് ആ ടൗണിലെ ചെറിയൊരു അപ്പസ്തോലന്റെ പരിവേഷമായിരുന്നു അവന് . ആർക്കെങ്കിലും നല്ല ഉപദേശം കൊടുക്കാൻ സാധിച്ചാൽ , തിന്മ ചെയ്യുന്നതിൽ നിന്ന് ആരെയെങ്കിലും തടയാൻ കഴിഞ്ഞാൽ അവന്റെ സന്തോഷത്തിന് അതിരുണ്ടാവില്ല. വലുതാവും തോറും കൗമാരക്കാരെയും യുവാക്കളെയും പ്രത്യേക വാത്സല്യത്തോടെ നന്മയിലേക്ക് നയിച്ചു. മതത്തിന്റേതായ കാര്യങ്ങൾ പഠിപ്പിച്ചും ഭക്ഷണവും വസ്ത്രവും കൊടുത്തും ജോലി കിട്ടാൻ സഹായിച്ചും ഫീസ് കൊടുക്കാൻ താങ്ങായുമൊക്കെ , തൻറെ പതിനഞ്ചാം വയസ്സിൽ സെമിനാരിയിൽ ചേർന്നത് മുതൽ പുരോഹിതനായി കഴിഞ്ഞും യുവാക്കളെ കഫാസ്സോ നയിച്ചു.

വിസ്മയമായ പുരോഹിതൻ !

1833ൽ ആണ് ജോസഫ് കഫാസ്സോ പൗരോഹിത്യം സ്വീകരിച്ചത്. ഡോൺ ഗ്വാല എന്ന വിശുദ്ധനായൊരു പുരോഹിതൻ നടത്തിയിരുന്ന ‘കൊൺവിത്തോ എക്ലേസിയാസ്തിക്കോ’ എന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന്‌ യുവവൈദികർക്ക് പരിശീലനം കൊടുക്കുന്നത് അഭ്യസിച്ചു. മൂന്ന് കൊല്ലത്തിന് ശേഷം ഡോൺ ഗ്വാലയുടെ അപേക്ഷപ്രകാരം അവിടെ തന്നെ ദൈവശാസ്ത്രം പഠിപ്പിക്കുന്ന പ്രൊഫസർ ആയി, 1844 ൽ റെക്ടറും ആയി.

വൈദികർ അദ്ദേഹത്തിന്റെ സമ്മേളനങ്ങളിലേക്കും ധ്യാനശുശ്രൂഷകളിലേക്കും ഒഴുകിയെത്തി. കുമ്പസാരക്കൂടിൽ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ തേടി.

ആവശ്യമായ പുസ്തകങ്ങൾ കൊടുത്തും പഠിത്തം മുഴുവനാക്കാനുള്ള പണം കൊടുത്തും കഫാസ്സോ സഹായിച്ച വൈദികർ ഏറെയാണ്. ‘പാതിരിമാരുടെ പാതിരി’ ( The Priest’s Priest) എന്ന് അദ്ദേഹം വിളിക്കപ്പെടുന്നത് ഇതൊക്കെകൊണ്ടാണ്.

നല്ല വൈദികരെ വാർത്തെടുക്കുക എന്നതായിരുന്നു കഫാസ്സോ സ്വയം ഏറ്റെടുത്ത പ്രധാന ദൗത്യമെങ്കിലും അല്മായരുടെ ആവശ്യങ്ങളിലും അദ്ദേഹം മടി കാണിച്ചില്ല. മണിക്കൂറുകളോളം ഓരോ ദിവസവും കുമ്പസാരക്കൂട്ടിലിരുന്നു. ഉപദേശവും സഹായവും ചോദിച്ചുവരുന്നവർക്ക് കഫാസ്സോയുടെ മുറി എപ്പോഴും തുറന്നുകിടന്നു. രോഗികൾക്ക് വേണ്ടിയും മരിക്കുന്നവർക്ക് വേണ്ടിയുമുള്ള ശുശ്രൂഷകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.

അനേകവർഷങ്ങളായി കുമ്പസാരിക്കാൻ കൂട്ടാക്കാത്ത ഒരു രോഗിയെ സന്ദർശിക്കുകയായിരുന്നു ജോസഫ് കഫാസ്സോ . “എന്താണ് നിങ്ങളുടെ പേര് ?” കഫാസ്സോ ചോദിച്ചു. “ജെയിംസ് ” അയാൾ പറഞ്ഞു. “ശരി, പക്ഷെ ജെയിംസ്‌ എന്ന് പേരുള്ള എല്ലാവരും കൂടെക്കൂടെ കുമ്പസാരിക്കാറുണ്ടല്ലോ , അതറിയില്ലേ ?അതുകൊണ്ട് താങ്കളും കുമ്പസാരിക്കണം കേട്ടോ എന്തായാലും ” കണ്ണടച്ചുകാണിച്ചുകൊണ്ട് കഫാസ്സോ പറഞ്ഞു.തൻറെ ഉദ്യമത്തിൽ വിജയിക്കുകയും ചെയ്തു.

അന്ത്യനിമിഷങ്ങളിൽ ഡോൺ കഫാസ്സോയാൽ മരണത്തിനൊരുക്കപ്പെടുക എന്നുവെച്ചാൽ നിത്യരക്ഷ ലഭിക്കുന്നതിന്റെ അടയാളമായി പോലും കരുതപ്പെട്ടിരുന്നു. പലരും ഇങ്ങനെ പറയുന്നത് സാധാരണമായിരുന്നു, ” എന്നെ സഹായിക്കാൻ കഫാസ്സോ ഇവിടെയുണ്ടെങ്കിൽ ഈ നിമിഷം മരിക്കാൻ എനിക്ക് സന്തോഷമേയുള്ളൂ”!!

കഴുമരത്തിന്റെ പുരോഹിതൻ !

ടൂറിനിലെ നാല് ജയിലുകളിലെ ചാപ്ലൈനച്ചൻ ആയിരുന്നു ഡോൺ കഫാസ്സോ. ഈയൊരു അപ്പസ്തോലികദൗത്യത്തോടുണ്ടായിരുന്ന താല്പര്യം.. എല്ലാറ്റിലുമുപരിയായി ഈ പുരോഹിതനിലുണ്ടായിരുന്ന ധൈര്യം , കാരുണ്യം, ഹൃദയത്തിൽ ജ്വലിച്ചിരുന്ന ദിവ്യസ്നേഹാഗ്നി ഇതെല്ലാം കാണിക്കുന്നു. ഒന്നിനും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല ; ആയുധം ധരിച്ച ഗാർഡുകൾക്കോ, ഇരുമ്പുവാതിലുകൾക്കോ, ഇരുട്ടിനോ, പരിസരത്തെ അഴുക്കിനോ, ചില കുറ്റവാളികളുടെ പേടിപ്പെടുത്തുന്ന ആകാരത്തിനോ.. ഒന്നിനും. “പതിവായി പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു, തടവുകാരുടെ കുമ്പസാരം കേട്ടു , വളരെ പെട്ടെന്നുതന്നെ, നരകത്തിലെ തടവറ എന്ന് തോന്നിയിരുന്ന ആ ജയിലറകൾ മനുഷ്യരുടെ വാസസ്ഥലമാണെന്ന് തോന്നാൻ തുടങ്ങി, ക്രിസ്ത്യാനി ആവേണ്ടതെങ്ങനെ എന്നറിഞ്ഞ ആ മനുഷ്യർ പരസ്പരം സ്നേഹിക്കാനും സൃഷ്ടാവായ ദൈവത്തെ സേവിക്കാനും ഈശോയുടെ തിരുനാമത്തിന് സ്തുതിഗീതങ്ങൾ പാടാനും തുടങ്ങി”!

ഡോൺ കഫാസ്സോയുടെ പൗരോഹിത്യജീവിതത്തിനിടയിൽ , വധശിക്ഷക്ക് വിധിക്കപെട്ട 68 മനുഷ്യരെ എങ്ങനെ മരണത്തിനൊരുക്കിയെന്നത് വളരെ ഹൃദയസ്പര്ശിയായിരുന്നു. വിശുദ്ധരുടെ മരണമെന്ന പോലെയാണ് അദ്ദേഹം വഴി അവരോരോരുത്തരും മരണത്തെ അഭിമുഖീകരിച്ചത്. തനിക്ക് പ്രതിനന്ദിയായി, സ്വർഗ്ഗത്തിൽ കൊടുക്കാനായി ചെറിയ സന്ദേശങ്ങൾ അവർക്ക് പറഞ്ഞുകൊടുക്കുക പോലും ചെയ്തു അദ്ദേഹം ! വധശിക്ഷ വിധിച്ചുകഴിഞ്ഞാൽ കഫാസ്സോ അവരെ കൂടെക്കൂടെ സന്ദർശിക്കുമായിരുന്നു. അവരുടെ അവസാന രാത്രിയിൽ അദ്ദേഹം അവരുടെ കൂടെത്തന്നെ നിന്നു. പ്രഭാതത്തിൽ അവർക്കായി ദിവ്യബലി അർപ്പിച്ചു, വിശുദ്ധ കുർബ്ബാന നൽകി , നന്ദിപ്രകരണങ്ങൾ ചൊല്ലിച്ചു.

അവരെയും കൊണ്ട് വാഹനം വധശിക്ഷ നടത്തുന്നിടത്തേക്ക്, ദുഖകരമായ മരണമണി മുഴങ്ങുന്നിടത്തേക്ക് പോയിക്കൊണ്ടിരിക്കുമ്പോൾ കഫാസ്സോ അവരുടെ അരികിലിരുന്നു. ക്രൂശിതരൂപം കാണിച്ചുകൊണ്ട് പറയും, “നിങ്ങളെ ഭയപ്പെടുത്താത്ത, ഉപേക്ഷിക്കാത്ത സുഹൃത്താണിത് . അവനിൽ പ്രത്യാശയർപ്പിക്കൂ , പിന്നെ സ്വർഗ്ഗം നിങ്ങളുടേതാണ്. ( ഈ ക്രൂശിതരൂപം ഇപ്പോഴും ടൂറിനിലെ Little House of Divine Providence ൽ സൂക്ഷിച്ചിട്ടുണ്ട് ).

കാത്തുനിന്ന സ്വർഗ്ഗം !

ജോൺ കഫാസ്സോക്ക് പരിശുദ്ധ അമ്മയോട് അഗാധമായ ഭക്തിയുണ്ടായിരുന്നു, ശനിയാഴ്ചകൾ എല്ലാം പരിശുദ്ധ അമ്മക്ക് സമർപ്പിക്കപ്പെട്ടതായതുകൊണ്ട് അന്ന് ഉപവാസമെടുത്ത് , മാതാവിന്റെ വിമലഹൃദയത്തോടുള്ള പ്രാർത്ഥനകൾ ചൊല്ലിയിരുന്നു. ഒരിക്കൽ അദ്ദേഹം പറഞ്ഞു, “പരിശുദ്ധ അമ്മയോട് സ്നേഹത്തിലായിരിക്കെ മരിക്കാൻ കഴിയുന്നത് എത്ര മനോഹരമായിരിക്കും ? അവൾക്കായി സമർപ്പിച്ചിരിക്കുന്ന ദിവസത്തിൽ മരിക്കാൻ സാധിക്കുന്നത് ! അവളുടെ ഒപ്പം സ്വർഗ്ഗത്തിലേക്ക് കരേറാൻ സാധിക്കുന്നത് ! നിത്യകാലം മുഴുവൻ അവളോടൊത്ത് അവളോടൊത്തായിരിക്കുന്ന സന്തോഷം അനുഭവിക്കുന്നത് ! “

കഫാസ്സോയുടെ അവസാനത്തെ അസുഖം ശ്വാസകോശത്തിലെ അണുബാധയായിരുന്നു ഒപ്പം ഉദരത്തിൽ രക്തസ്രാവവും. മരിക്കുന്നതിനുമുന്പ് എല്ലാ കാര്യങ്ങളും ക്രമപ്പെടുത്തി മരണത്തിനൊരുങ്ങി. ജൂൺ 23, 1860 ൽ , അനേകരുടെ മരണത്തിന് തുണയായ കഫാസ്സോ മരിക്കുന്നതിന് മുൻപ് അന്ത്യകൂദാശയും ക്രിസ്ത്യൻ മതാചാരപ്രകാരം മരണത്തിനുവേണ്ട എല്ലാവിധ ഒരുക്കങ്ങളും ആശ്വാസങ്ങളും ലഭിച്ചിരുന്നു. ആഗ്രഹം പോലെ തന്നെ അത് ഒരു ശനിയാഴ്ചയായിരുന്നു !

1925ൽ വാഴ്ത്തപ്പെട്ടവനായ ജോസഫ് കഫാസ്സോ 1947ൽ കത്തോലിക്കാസഭയുടെ വിശുദ്ധരിലൊരാളായി ഉയർത്തപ്പെട്ടു. തടവുപുള്ളികളുടെ മധ്യസ്ഥൻ ആണ് ജോസഫ് കഫാസ്സോ.

Feast Day – June 23

ജിൽസ ജോയ് ✍️