“Lie not in wait as a wicked man against the dwelling of the righteous
‭‭(Proverbs‬ ‭24‬:‭15‬) ✝️

ലോകം അധികാരത്തിനാലും സമ്പത്തിനാലും ആണ് നയിക്കപ്പെടുന്നത്. എന്നാൽ നീതിമാന്റെ വഴികൾ സത്യവും നന്മയും നിറഞ്ഞതും ദൈവത്തിൽ ആശ്രയിച്ചുമാണ് അവൻ ജീവിക്കുന്നത്. എന്നാൽ പലപ്പോഴും നീതിമാന്റെ നേരായ വഴിയിലൂടെ ഉള്ള യാത്ര ദുഷ്ടന് ബുദ്ധിമുട്ടായി മാറും. അപ്പോൾ ദുഷ്ടൻ നീതിമാനെ പതിയിരുന്ന് നശിപ്പിക്കാനോ, അപായപ്പെടുത്താനോ ശ്രമിക്കും. ദുഷ്ടൻ നീതിമാന്റെ പാർപ്പിടത്തിനെതിരെ പതിയിരിക്കുന്നത് സാഹചര്യം മുതലാക്കി നീതിമാനെ അപായപ്പെടുത്താനും നശിപ്പിക്കാനും ആണ്

ഇന്നത്തെ കാലഘട്ടത്തിൽ ദുഷ്ടൻ പല മേഘലകളിലും പതിയിരിക്കുന്നു. അതായത് ജോലിമേഖലകളിലും, വ്യവസായ മേഘലകളിലും, വിദ്യാഭ്യാസ മേഘലകളിലും പലവിധ ലക്ഷ്യത്തോടെ നീതിമാൻമാരെ നശിപ്പിക്കാൻ കാത്തിരിക്കുന്നു. ഒരോ ദുഷ്ടനും നയിക്കപ്പെടുന്നത് സാത്താനിക ശക്തിയിലാണ്. ദുഷ്ടൻ ശക്തി പ്രാപിക്കുന്നത് നിമിഷ നേരത്തേയ്ക്ക് ആണ്, ഒരു കാലം കഴിയുമ്പോൾ ദുഷ്ടന്റെ ശക്തി നശിക്കുന്നു. എന്നാൽ നീതിമാന് ലഭിക്കുന്ന അനുഗ്രഹവും അഭിവൃദ്ധിയും നീതിമാന്റെ ഏഴ് തലമുറകൾ വരെ നില നിൽക്കുന്നു. നീതിമാരായ ധാരാളം വ്യക്തികളെയും ദുഷ്ടൻമാരായ വ്യക്തികളെയും വചനത്തിൽ കാണുവാൻ കഴിയും.

തിരുവചനം നോക്കിയാൽ അബ്രാഹത്തെ നീതിമാൻമാരുടെ പിതാവ് എന്ന് വചനം വിളിക്കുന്നു. അതുപോലെ നീതിമാനായ മോശയോട് പലവിധത്തിൽ ദുഷ്ടത്തരം കാണിച്ച വ്യക്തിയാണ് ഈജിപ്ത് ഭരിച്ച ഫറവോ രാജാവ്. ഇസ്രായേൽ ജനതയെ കാനാൻ ദേശത്തേയ്ക്ക് വിട്ടയ്ക്കുന്നതിനായി പല പ്രാവശ്യം മോശ ഫറവോരാജാവിനെ ചെന്നു കണ്ടു. എന്നാൽ എല്ലാ സമയത്തും തന്റെ അധികാരത്താൽ മോശയെ ഫറവോ രാജാവ് ഉപദ്രവിച്ചു. എന്നാൽ മോശ ദൈവത്തിൽ ആശ്രയിക്കുകയും ദൈവത്തിന്റെ ശക്തി ഇറങ്ങി ഫറവോയെയും അനുചരൻമാരെയും ചെങ്കടലിൽ അപായപ്പെടുത്തുകയും ചെയ്തു. നീതിമാന് പലവിധ പ്രതിസന്ധികൾ ഉണ്ടാകും, എന്നാൽ കർത്താവിന്റെ കരങ്ങളിൽ നീതിമാൻ സുരക്ഷിതനാണ്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.