കൊച്ചി: കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന സവിശേഷ സാഹചര്യത്തിലും നിരാശരാകാതെ നൂതന മാര്‍ഗങ്ങളിലൂടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ മുന്നേറണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. 2021ലെ സീറോ മലബാര്‍ പ്രേഷിത വാരാചരണത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ‘മിഷനെ അറിയുക, മിഷ്ണറിയാവുക’ എന്ന ആപ്തവാക്യവുമായാണു പ്രേഷിത വാരാചരണം . സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, വൈദികര്‍, സന്യസ്തര്‍, അല്മായ പ്രേഷിതര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. ജോര്‍ജ് പാനികുളമാണു ദീപം തെളിച്ചു പ്രേഷിതവാരം ഉദ്ഘാടനം ചെയ്തത്.

സീറോ മലബാര്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തങ്ങളെക്കുറിച്ചു വിശ്വാസികള്‍ കൂടുതല്‍ അറിയുന്നതിനും സഹകാരികളാകുന്നതിനുമുള്ള അവസരമൊരുക്കുന്നതിനുള്ള പ്രേഷിത വാരാചരണം എല്ലാവര്‍ഷവും ജനുവരി ആറുമുതല്‍ പന്ത്രണ്ടുവരെയാണ് നടത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളുടെ സാധ്യതകള്‍ കൂടുതല്‍ ഉപയോഗിച്ചാണു സഭാ, രൂപത, ഇടവക തലങ്ങളില്‍ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിനു സീറോ മലബാര്‍ മിഷന്‍ സെക്രട്ടറി ഫാ. സിജു അഴകത്ത്, കമ്മീഷന്‍ ഫോര്‍ ഇവാഞ്ചലൈസേഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, സിസ്റ്റര്‍ നമ്രത, സിസ്റ്റര്‍ റോസ്മിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നിങ്ങൾ വിട്ടുപോയത്