കത്തോലിക്കാസഭയുടെ നിയമമനുസരിച്ച് ഏതു ശിക്ഷാനടപടിയും വ്യക്തിയുടെ അനുതാപത്തെയും മാനസാന്തരത്തെയുമാണ് ലക്ഷ്യം വയ്ക്കുന്നത്. അനുസരണ വ്രതം വാഗ്ദാനം ചെയ്തു പൗരോഹിത്യം സ്വീകരിച്ചവർ സാധാരണ ജനങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന അച്ചടക്കലംഘനങ്ങൾ നടത്തുമ്പോൾ അത് ആ വ്യക്തിയുടെ ആത്മരക്ഷയെ അപകടത്തിലാക്കുമെന്നു മാത്രമല്ല അനേകം വിശ്വാസികൾക്ക് ഉതപ്പു നൽകുകയും ചെയ്യും.
മഞ്ഞപ്ര മാർ സ്ലീവാ ഫൊറോന പള്ളിയിൽ പരിശുദ്ധ കുർബാന മദ്ധ്യേ നൂറുകണക്കിന് വിശ്വാസികളുടെ മുമ്പിൽ വികാരിയെ അപമാനിച്ച വൈദികനെ സസ്പെൻഡു ചെയ്തതിനെതിരെ ചില സഭാവിരുദ്ധ സംഘടനകളുടെ കൂട്ടുപിടിച്ച് വൈദികർ നടത്തുന്ന പ്രതിഷേധ പരിപാടികളെ യഥാർത്ഥ വിശ്വാസികൾ തള്ളിക്കളയുക തന്നെ ചെയ്യും. തെറ്റു ചെയ്യുന്നവരെ ശിക്ഷണ നടപടികളിലൂടെ തിരുത്തുന്നത് സർവ്വ സാധാരണമാണ്. സഭ ഇത്തരം നിയമപരമായ ശിക്ഷണ നടപടികൾ തുടരുകതന്നെ ചെയ്യും. അതിനാൽ, അനാവശ്യമായ പ്രതിഷേധങ്ങളിലൂടെ എറണാകുളം-അങ്കമാലി അതിരൂപതയെ പൊതുസമൂഹത്തിൽ ആവർത്തിച്ചാക്ഷേപിക്കുന്ന വൈദികരും സംഘടനകളും സഭാവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്നഭ്യർത്ഥിക്കുന്നു.
Syro-Malabar Media Commission