വിശ്വാസത്തിൻ്റേയും സുവിശേഷത്തിൻ്റേയും ആത്മീയതയുടേയും ഏറ്റവും നല്ല അടിത്തറയാണ് പാലാ രൂപതയ്ക്കുള്ളത്.
ആത്മീയതുടെ നിരവധി പച്ചത്തുരുത്തുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ഥലമാണിത്.ഭരണങ്ങാനവും രാമപുരവും കണ്ണാടിയുറുമ്പും മണിയംകുന്നും കുര്യനാടും ചില ഉദാഹരണങ്ങൾ മാത്രം.
വിശുദ്ധ അൽഫോൻസാമ്മ, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ, ധന്യൻ കദളിക്കാട്ടിൽ മത്തായിയച്ചൻ,ദൈവദാസി സിസ്റ്റർ മേരി കൊളേത്തമ്മ,ദൈവദാസൻ ഫാ. ബ്രൂണോ കണിയാരകത്ത് തുടങ്ങിയ വിശുദ്ധ ജീവിതങ്ങൾ ഈ രൂപതയുടെ അദ്ധ്യാത്മിക ജീവിതത്തിന് സാക്ഷ്യങ്ങളാണ്.
വി.ജോൺപോൾ രണ്ടാമൻ പാപ്പാ 1994 ഫെബ്രുവരി 2 -ന് കുടുംബങ്ങൾക്കെഴുതിയ കത്തിൽ ഇപ്രകാരം എഴുതി: “ഒരു നല്ല പുരോഹിതൻ തീർച്ചയായും നന്നായി വളർന്ന ഒരാളാണ്. തീർച്ചയായും, കർത്താവിന് ഒന്നും അസാധ്യമല്ല. അപൂർണ്ണതകൾ ഉള്ളവർക്കും അവിടുത്തെ കൃപ ലഭിക്കും. മരുഭൂമിയിലെ മണലിൽ നിന്ന് ഉത്ഭവിക്കുന്ന മനോഹരമായ പൂക്കൾ പോലെയാണ് അവ. നല്ല മണ്ണ് മികച്ച വിളവെടുപ്പ് നൽകുന്നു. ദൈവം തന്റെ വിത്തുകൾ നട്ടുപിടിപ്പിക്കുന്നു, നാമാണ് മണ്ണ് ഒരുക്കുന്നത്.നല്ലതുപോലെ ഒരുക്കിയ നിലത്തെ ഫലം നൂറ് മേനിയായിരിക്കും.” ദൈവവിളിയുടെ ഫലം നൂറ് മേനിയാകണമെങ്കിൽ നിലം നന്നായി ഒരുക്കുക.അതിനായി അദ്ധ്വാനിക്കുക. ആത്മീയമായ വളർച്ച പ്രാപിച്ചെങ്കിൽ മാത്രമേ നല്ല ഫലം പുറപ്പെടുവിക്കാന്‍ സാധിക്കുകയുള്ളൂ. ആ ഒരു ബോധ്യവും ഒരുക്കവുമാണ് പാലാ രൂപതാ നേതൃത്വം വിശ്വാസികൾക്ക് നൽകുന്നത്.
കേരള കത്തോലിക്കാ സഭയില്‍ ഏറ്റവും കൂടുതല്‍ വൈദികരെയും സന്യസ്തരെയും മെത്രാന്മാരെയും സംഭാവന ചെയ്തിട്ടുള്ളത് പാലാ രൂപതയാണ്. 1663 ല്‍ മലബാറിന്റെ ‘വികാരി അപ്പസ്തോലിക്ക്’ പദം അലങ്കരിച്ച പറമ്പില്‍ ചാണ്ടി (മാര്‍ അലക്സാണ്ടര്‍ പറമ്പില്‍) മെത്രാന് മുതല്‍ കൊടുങ്ങലൂര്‍ ആര്‍ച്ച് ബിഷപ്പ് ഗോവര്‍ണ്ണദോര്‍ മാര്‍ തോമസ് പാറേന്മക്കാന് (1786 1798), ദൈവദാസന് മാര്‍ മാത്യു കാവുകാട്ട്, മലബാര്‍ കുടിയേറ്റ ജനതയുടെ വീര നായകന് മാര്‍ സെബാസ്ററ്യന് വള്ളോപ്പള്ളി,മാർ വയലിൽ തുടങ്ങി ഒട്ടേറെ മഹാന്മാരാണ് പാലായുടെ മണ്ണില്‍ നിന്നും പിറവിയെടുത്തത്.അതിലെ ഇപ്പോഴുള്ള കണ്ണിയാണ് മാർ കല്ലറങ്ങാട്ട്.
പാലാ രൂപതയിലെ വൈദിക സമ്മേളനങ്ങള്‍ ആത്മീയ കൂടിച്ചേരലുകളാണ്.ആയിരക്കണക്കിന് വിശുദ്ധബലി അര്‍പ്പിക്കുന്ന വൈദികരുടെ സംഗമങ്ങൾ വിശുദ്ധിയുടെ തലങ്ങളാണ് വിശ്വാസികൾക്ക് പകർന്നു നൽകുന്നത്.സ്ഥിരോൽസാഹവും, ക്ഷമയും, ശാന്തതയും, സന്തോഷവും,തുടങ്ങി അപ്പസ്തോലികമായ ധൈര്യവും,സമൂഹ ജീവിതവും, നിരന്തരമായ പ്രാർത്ഥനയും വിശുദ്ധിയുടെ പ്രകടഭാവങ്ങളായി രൂപതയിൽ നിലനിൽക്കുന്നു.എന്തൊക്കെ സംഭവിച്ചാലും നന്മയിൽ നിലനില്ക്കും എന്ന മനസ്സിന്റെ ഉറപ്പ് വിശ്വാസികളിൽ സംജാതമാക്കാൻ വൈദികർ കൂട്ടായ്മയിലൂടെ ശ്രദ്ധിക്കുന്നു.
കുടുംബങ്ങളുടെ പിതാവ്: മാർ ജോസഫ് കല്ലറങ്ങാട്ട്
കുടുംബങ്ങളുടെ പിതാവ് ‘എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാർ ജോസഫ് കല്ലറങ്ങാട്ട് എന്ന ആത്മീയ ഇടയന്റെ ആദ്ധ്യാത്മിക നേതൃത്വം നൽകിയ ഊർജം എത്രമാത്രം പാലാ രൂപതയെ മുന്നോട്ട് കൊണ്ടുപോയിട്ടുണ്ടെന്ന് മേൽപ്പറഞ്ഞ വിശുദ്ധ ജീവിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.തന്റെ മുൻഗാമികളുടെ ആത്മീയതേജസ്സ് സാധാരണക്കാര്‍ക്കിടയിലും പട്ടിണിപ്പാവങ്ങള്‍ക്കിടയിലും പ്രവർത്തിക്കാൻ മാർ കല്ലറങ്ങാട്ടിനെ പ്രാപ്തനാക്കുന്നു.സഭാത്മകമായ ആത്മീയ വിജ്ഞാനവും വിശ്വാസികള്‍ക്ക് ലഭിച്ചിരിക്കണം എന്ന തിരിച്ചറിവാണ് കല്ലറങ്ങാട്ട് പിതാവിന്റെ മതബോധനശ്രമങ്ങളുടെയെല്ലാം അടിത്തറ.ഒരു രൂപതയുടെ വളർച്ച നിശ്ചയമായും രൂപതാ മെത്രാന്റെ ഹൃദയത്തിൽ നിന്നുള്ള ചിന്തകളിൽ അധിഷ്ഠിതമാണ്.
ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആത്മീയാചാര്യന്മാരുടെ ഇടയിൽ തന്റേതായ സാന്നിധ്യം എപ്പോഴും അറിയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിത്വമാണ്.വിശ്വാസ സമൂഹത്തെ സത്യങ്ങൾ ബോധ്യപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ധൈര്യവും സാമൂഹികവും പൊതുപരവുമായ നിരവധി വിഷയങ്ങളിൽ വ്യക്തതയോടെ സംസാരിക്കുന്നതിനുള്ള കഴിവും പ്രശസ്തമാണ്.ദൈവശാസ്ത്ര കാല്പനികതയും സഭാപിതാക്കന്മാരുടെ വിശ്വാസ ഗാംഭീര്യവും സത്യപ്രബോധകരുടെ പ്രേഷിത തീക്ഷ്ണതയും സമന്വയിച്ച വ്യക്തിത്വം ഉള്‍ക്കരുത്താക്കി സത്യവിശ്വാസ പ്രചരണത്തിനായി അദ്ദേഹം നില കൊള്ളുന്നു.
ആഗോളതലത്തിൽ അറിയപ്പെടുന്ന ബൈബിൾ പണ്ഡിതനും സ്വന്തം നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ദൈവശാസ്ത്രജ്ഞനുമായ മാർ കല്ലറങ്ങാട്ട് റോമിലെ ബിഷപ്പ്സ് സിനഡിന്റെ സമയത്ത്, സിനഡിന്റെ ചർച്ചകൾക്കിടയിലുള്ള തർക്കത്തിന്റെ ദൈവശാസ്ത്രപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാർപ്പാപ്പ നിയമിച്ച മൂന്നംഗ ട്രിബ്യൂണലിൽ അംഗമായിരുന്നു. പരിചയസമ്പന്നരായ കർദ്ദിനാൾമാരുടെ മാത്രം സംഘത്തിൽ , ഒരു ബിഷപ്പ് അതിന്റെ ഭാഗമാകുന്നത് ആദ്യമായിട്ടായിരുന്നു, അതും അദ്ദേഹത്തെപ്പോലെ താരതമ്യേന ചെറുപ്പമായ ഒരു ബിഷപ്പ്.എന്നാൽ ദൈവശാസ്ത്ര വിഷയങ്ങളിൽ ആധികാരികമായ ധാരണയ്ക്കും പിടിപാടിനും പേരുകേട്ട വ്യക്തിയായതിനാലും, റോമൻ നിയമങ്ങളും നടപടിക്രമങ്ങളുടെ മാനദണ്ഡങ്ങളും വ്യക്തമായി അറിയാവുന്ന മെത്രാനായിരുന്നതിനാലുമാണ് ആ നിയോഗം മാർ കല്ലറങ്ങാട്ടിൽ വന്നുചേർന്നതെന്ന് എല്ലാവർക്കുമറിയാം.
വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്നോ സഭാ ചരിത്രത്തിന്റെ പേജുകളിൽ നിന്നോ യഹൂദ കഥകളിൽ നിന്നോ മുൻ കാലത്തെ ലോക നേതാക്കളുടെ ജീവിതത്തിൽ നിന്നുള്ള പ്രൊഫൈലുകളിൽ നിന്നോ ഉള്ള ഏതൊരു ഭാഗവും അദ്ദേഹത്തിന്റെ അത്ഭുതകരമായ ഓർമ്മയിൽ നിന്ന് ഉദ്ധരിക്കാനുള്ള കഴിവ് വ്യാപകമായി വായിക്കുകയും ആഴത്തിൽ പഠിക്കുകയും ചെയ്യുന്നതിന്റെ ഫലമാണ്. വിട്ടുവീഴ്ചയില്ലാത്ത വിശ്വാസ ബോധ്യങ്ങള്‍, ആഴമേറിയ ഉള്‍ക്കാഴ്ച, കഠിനാദ്ധ്വാനശീലം, ഉന്നതമായ ചിന്താശൈലി,സമഭാവന, ആര്‍ദ്രത, ജീവിത ലാളിത്യം,വീക്ഷണങ്ങളിലെ വ്യക്തത,പൗരാണികതയിലൂന്നിയ നവീനത എന്നിവയെല്ലാം ചേര്‍ന്ന് ഇഴപാകിയ സംസ്ക്കാര വൈജാത്യമുള്ള സഭാ പിതാവായി പാലാ രൂപതയെ അദ്ദേഹം വിശുദ്ധമായ വഴികളിൽക്കൂടി നയിക്കുന്നു.
സഭയിലെ വിഖ്യാത ദൈവശാസ്ത്രജ്ഞൻ എന്ന് പേരെടുത്തിട്ടുള്ള അദ്ദേഹം സഭയ്ക്കുള്ളിലെ ദൈവശാസ്ത്ര വിഷയങ്ങളിൽ അവസാന വാക്കായും വിദഗ്ദ്ധനായും കണക്കാക്കപ്പെടുന്നു.40 -ലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.നിലവിൽ കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ ചെയർമാനായും സഭയ്ക്കുള്ളിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.
സീറോ മലബാർ സഭയുടെ കുടുംബ അജപാലന ശുശ്രൂഷയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്ന മെത്രാനാണ് മാർ കല്ലറങ്ങാട്ട്. പ്രോത്സാഹനത്തിന്റെയും ആശ്വസിപ്പിക്കലിന്റെയും കരുതലിന്റെയും ആദ്ധ്യാ ത്മികത കുടുംബങ്ങളിൽ വേണമെന്ന് അദ്ദേഹം നിഷ്കർഷിക്കുന്നു.വിശുദ്ധ കുർബാന കേന്ദ്രിതമായ കുടുംബങ്ങൾ രൂപപ്പെടുത്തി കരുണയുടെ സുവിശേഷം ജീവിതത്തിൽ പകർത്താൻ മാർ കല്ലറങ്ങാട്ട് ലക്ഷ്യമിടുന്നു.സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ ജീവന്റെ സംരക്ഷണത്തിന്റെയും കുടുംബ ശാക്തീകരണ ശുശ്രൂഷകളുടെയും പിറകിലുള്ള ഊർജസ്രോതസ്സ് ആയ പിതാവ് മഹനീയ മാതൃത്വവും കെട്ടുറപ്പുള്ള കുടുംബങ്ങളും ഇന്നത്തെ സമൂഹത്തിന് ആവശ്യമാണെന്ന് കരുതുന്നു.
ദൈവവിളികളുടെ മണ്ണ്
ഏറ്റവും സമ്പന്ന രൂപതയെന്നും ഇന്ത്യയിലെ വത്തിക്കാനെന്നുമറിയപ്പെടുന്ന പാലാ രൂപതയിലാണ് ഇന്ത്യയിലെ ആദ്യ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ പിറവിയുണ്ടായത്.പാലാ രൂപതയ്ക്ക്
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വൈദികരും സന്യസ്തരുമുള്ള രൂപതയെന്ന ഖ്യാതിയും സ്വന്തം.480 വൈദികരാണ് രൂപതയിൽ സേവനം ചെയ്യുന്നത്.വിവിധ രൂപതകളിലായി 29 ബിഷപ്പുമാർക്ക് ജന്മം നൽകാൻ രൂപതയ്ക്ക് കഴിഞ്ഞു.
വെറും 1166 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള രൂപതയിൽ രണ്ടായിരത്തോളം വൈദികരും പതിനായിരത്തോളം കന്യാസ്ത്രീകളും കേരളത്തിനകത്തും പുറത്തും വിദേശത്തുമായി സേവനംചെയ്യുന്നു.1950 ജൂലൈ 25നാണ് പന്ത്രണ്ടാം പീയൂസ് മാര്‍പ്പയുടെ തിരുവെഴുത്ത് വഴിയാണ് പാലാരൂപത സ്ഥാപിതമായത്.ലോകമെമ്പാടും സേവനം ചെയ്യുന്ന പ്രേഷിതരാണ് ഈ രൂപതയുടെ ഏറ്റവും വലിയ സംഭാവന. മതസാഹോദര്യത്തിൻ്റെ വിളഭൂമി എന്ന നിലയിൽ പാലായ്ക്ക് പ്രമുഖമായ സ്ഥാനമാണുള്ളത്.പഠിപ്പും പ്രാഗത്ഭ്യവുമുള്ള വൈദികരുടെ ഒരു നീണ്ട നിര തന്നെയുള്ള രൂപതയാണു പാലാ. പാലാ കേരളസഭയുടെ ദൈവവിളികളുടെ പിള്ളത്തൊട്ടിലായിരുന്നു.
ഉത്തരേന്ത്യയിലേയ്ക്കു വളരെ പ്രഗത്ഭരായ വൈദികരും കന്യാസ്ത്രീകളും പാലായില്‍ നിന്നാണു പോയിട്ടുള്ളത്.പാലാ രൂപതയില്‍ നിന്നു ദൈവവിളി സ്വീകരിച്ചു നൂറിലേറെ രാജ്യങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന ആറായിരം സമര്പ്പിതരാണുള്ളത് .” ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളില്‍” എന്ന ലിയോ പതിമ്മൂന്നാമന് മാര്‍പാപ്പയുടെ വാക്കുകള്‍ അതേ അര്‍ഥത്തില്‍ നിറവേറ്റാന്‍ കഴിഞ്ഞ കൂട്ടായ്മയാണു പാലാ രൂപത.”പാലാ രൂപതയിലെ ഓരോ കുടുംബവും ദൈവത്തിന്റെ കൃപ നിറഞ്ഞ കുടുംബങ്ങളാണെന്ന്” സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെടുന്നു.
പാലാ രൂപതയുടെ മിഷനറി പ്രവര്‍ത്തനങ്ങൾ
സാര്‍വത്രിക സഭയുടെ രൂപഭാവങ്ങള്‍ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന പാലാ രൂപത ദൈവത്തിന്റെ രക്ഷാകര പദ്ധതിയില്‍ ഇടം നേടിയിരിക്കുകയാണ്. പുരോഹിതരിലൂടെയും സന്യസ്തരിലൂടെയും അല്മായരിലൂടെയും പാലാ രൂപതാ തനയര്‍ യേശുക്രിസ്തുവിനെ അനേകര്‍ക്കു കാണിച്ചുകൊടുക്കുകയാണു ചെയ്യുന്നത്.പുനരൈക്യ കാലത്ത് മലങ്കരസഭയിലേക്കു നിരവധി വൈ ദികരേയും സന്യസ്തരേയും പാലാ രൂപത നല്കി.
പാലായിലെ തനയര്‍ മിഷനറി പ്രവര്‍ത്തനവുമായി എത്തിച്ചേരാത്ത രാജ്യങ്ങളില്ല.ഇന്ത്യയിലെ എല്ലാ കത്തോലിക്കാ രൂപതയിലും പാല രൂപതയില്‍ നിന്നുള്ള ഒരു മിഷനറിയെങ്കിലും സേവനം ചെയ്യുന്നുണ്ട്. “നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുകയെന്ന” വചനം അതേപടി പാലിച്ചവരാണ് പാലാ രൂപതക്കാര്.പാലാ രൂപത ആഗോളസഭയ്ക്കുതന്നെ മാതൃകയാണ്. ഒരു കുടുംബത്തില്‍ കുറഞ്ഞത് ഒരാളെങ്കിലും സഭാശുശ്രൂഷ ചെയ്യുന്ന വിശ്വാസസമൂഹം വേറെയുണ്ടാവില്ല. യേശുവിനെ സ്പര്‍ശിച്ച് വിശ്വാസം ഏറ്റുവാങ്ങിയ വിശുദ്ധ തോമാശ്ളീഹായില്‍ നിന്ന് നേരിട്ട് വിശ്വാസം സ്വീകരിച്ച സമൂഹമാണിത്. തോമാശ്ളീഹായുടെ ജ്വലിക്കുന്ന വിശ്വാസ ചൈതന്യം ഇവിടെ നിന്നുള്ള മിഷനറിമാരില്‍ നേരിട്ടു കാണാന്‍ ഇടയായിട്ടുണ്ട്.
സഭ സ്വഭാവത്താലേ മിഷനറിയാണെന്ന വത്തിക്കാന്‍ കൌണ്‍സില്‍ പ്രബോധനത്തിന്റെ തെളിവാണ് പാലാ രൂപതയുടെ സന്യസ്തസ്വത്ത്. ലോകത്തില്‍ ഏറെക്കുറെ എല്ലാ ഭാഷകളിലും സുവിശേഷം പ്രസംഗിക്കുന്നവര്‍ ഈ രൂപതക്കാരായ വൈദികരായിരിക്കും.ഏഴു പതിറ്റാണ്ടിനിടെ സ്ലീവാ മെഡിസിറ്റി ആശുപത്രിയും സെന്റ് ജോസഫ് എൻജിനീയറിങ് കോളജും മറ്റു കോളജുകളും സ്കൂളുകളും ഉൾപ്പെടെ 500 ലേറെ സ്ഥാപനങ്ങളും രൂപതയ്ക്കുണ്ട്.പാലായുടെ അഭിമാനമായി മാറിയ മെഡിസിറ്റി ഹോസ്പിറ്റൽ കത്തോലിക്കാ സഭയുടെ പഴയ മിഷനറി ചൈതന്യം ഓർമ്മിപ്പിക്കുന്നു.
പാലാ സഭയ്ക്കു എന്ത് നല്കി എന്നൊരു ചോദ്യം ഉണ്ടായാൽ പാറേമാക്കല്‍ ഗോവര്‍ണദോർ,നിധീരിക്കൽ മാണിക്കത്തനാർ, കടവിൽ ചാണ്ടി കത്തനാർ, കട്ടക്കയം പാലാമല്പാന്‍,പാറേമ്മാക്കല്‍ പാണ്ടിമല്പാന്‍
പള്ളിവീട്ടില്‍ അര്ക്കദിയാക്കോന്,ബഹു.അന്ത്രയോസ് മല്പാനച്ചന്,മാർ സെബാസ്റ്റ്യൻ വയലിൽ തുടങ്ങിയ സഭാ പിതാക്കന്മാർ മുതൽ ആർ.വി. തോമസ്,എഴുത്തുകാരന് സക്കറിയ, കലാഭവന്‍ സ്ഥാപിച്ച ആബേലച്ചന്, ഡോ.സിറിയക് തോമസ് ഒക്കെ പാലാക്കാരാണ്. രാഷ്ട്രീയത്തില്‍ ആണെങ്കില്‍ കെ എം ചാണ്ടി തൊട്ട് ചെറിയാന് ജെ. കാപ്പൻ, കെ.എം മാണി, പിസി ജോര്‍ജ്, തുടങ്ങി ഒരു നീണ്ട നിര തന്നെ ഉണ്ട്.
സ്പോര്‍ട്സില്‍ ആണെങ്കില്‍ അഭിനവ് ബിന്ദ്രക്ക് സ്വര്‍ണമെഡല്‍ വാങ്ങിക്കൊടുത്ത കോച്ച് സണ്ണി തോമസ് വരെയുണ്ട് .ജിമ്മി ജോർജിൽ അവസാനിക്കുന്നില്ല പാലായുടെ വോളിബോൾ പെരുമ,ജോസ് ജോർജ്, അലക്സ് എം. വർക്കി തുടങ്ങിയവർ കഴിവ് തെളിയിച്ചവർ.സിനിമയില്‍ ആണെങ്കില്‍ ലാലേട്ടനെ ആട് തോമ ആക്കിയ ഭദ്രന്, അസിന് തോട്ടുങ്കല്‍ തൊട്ട് മിയ ജോര്‍ജ് വരെ, പിന്നെ ഡോകടര്‍ ഐസക് തോമസ് കൊട്ടുകാപ്പള്ളി, റിമി ടോമി, ലിസ്ടിന് സ്റ്റീഫന്‍ എല്ലാവരും പാലായുടെ സന്താനങ്ങൾ ആണ്.
ആധുനിക യുഗത്തിൽ ലോകത്തിന്റെ നേട്ടങ്ങൾക്കായി അധികം വ്യഗ്രതപ്പെടാതെ ദൈവഹിതം അന്വേഷിച്ചു മുൻപോട്ടു പോകുന്ന ആത്മീയ നേതൃത്വങ്ങളാണ് പാലാ രൂപതയെ വിശുദ്ധ ജീവിതങ്ങളുടെ ഭൂമിയാക്കി മാറ്റുന്നത്.അതെ,പാലായിലെ കാറ്റിനുമുണ്ട് വിശുദ്ധിയുടെ പരിമളം.
ടോണി ചിറ്റിലപ്പിള്ളി