ഒന്നുമില്ലാത്തിടത്ത്, കാലം ഇല്ലാതിരുന്ന നേരത്ത് ദൈവം സൃഷ്ടി ആരംഭിച്ചു.
ആ സൃഷ്ടികർമ പരമ്പരയിൽ 1380 കോടി വർഷം മുമ്പ് അണ്ഡകടാഹത്തിന്റെ അണ്ഡം ഉണ്ടാവുന്നു. ശാസ്ത്രജ്ഞരിൽ ചിലർ അതിനെ ‘ദൈവകണം’ എന്നു വിളിക്കുന്നു.
അഞ്ഞൂറു കോടി വർഷം മുമ്പ് സൗരയൂഥം. നാനൂറ്ററുപതു കോടി വർഷം മുമ്പ് സൗരയൂഥത്തിൽ ഭൂമി. മുന്നൂറ്റെൺപതു കോടി വർഷം മുമ്പ് ഭൂമിയിൽ ജീവകോശം.
ഇരുപത്തഞ്ചു ലക്ഷം വർഷം മുമ്പ് ‘ഹോമോ’ എന്ന ജീവജാതി. രണ്ടര ലക്ഷം വർഷം മുമ്പുമുതൽ അതിൽ ‘ഹോമോ സാപ്പിയൻസ്’ എന്ന ഈ നമ്മൾ.
ദൈവത്തിന്റെ തനിച്ചുള്ള സൃഷ്ടികർമം അവിടെ പൂർത്തിയാവുന്നു. പിന്നീടങ്ങോട്ടു ദൈവവും മനുഷ്യരും ചേർന്നുള്ള സൃഷ്ടിയാണ്. അവിടെ, സ്രഷ്ടാവായ ദൈവത്തോടു ചേർന്നുനിൽക്കുന്ന മനുഷ്യർ, ദൈവമെന്ന പരമകാരുണ്യം അനുഭവിച്ച് സഹജീവികൾക്കു ദിവ്യമായ കാരുണ്യം ആകുന്ന മനുഷ്യർ, ദൈവത്തിന്റെ സഹസ്രഷ്ടാക്കൾ ആകുന്നു – Co-creators. സൃഷ്ടിക്കപ്പെട്ട സ്രഷ്ടാക്കൾ – Created Co-creators.
വേണമെങ്കിൽ, ഒരു ഞായർ മുതൽ വെള്ളി വരെയുള്ള കഥയായി കൊച്ചുകുഞ്ഞുങ്ങൾക്ക് ഇതു ചുരുക്കിപ്പറഞ്ഞു കൊടുക്കാം. വായിൽക്കൊള്ളാത്ത കോടികളും ദശലക്ഷങ്ങളും സഹസ്രാബ്ദങ്ങളും അവർക്കു വേണ്ടല്ലോ.
ശാസ്ത്രവിജ്ഞാനത്തിൽ (scientific knowledge) ശിശുക്കളായവർ അക്ഷരാർത്ഥത്തിൽ എടുക്കുന്നതാണ് ആറു ദിവസത്തെ സൃഷ്ടികഥ അല്ലെങ്കിൽ സൃഷ്ടിവിവരണം (story/narrative). വലിയ അക്കങ്ങൾ എണ്ണാനറിയാവുന്നവർക്കാവട്ടെ, അതായത് ‘ഒന്നേ, രണ്ടേ, മൂന്നേ… അനന്തം’ എന്ന് എണ്ണാനറിയാവുന്നവർക്ക്, അനന്തമായി നീളുന്നതാണു സൃഷ്ടിപ്രക്രിയ.
1 സൃഷ്ടി അവസാനിക്കുന്നില്ല; അതു പരിണാമംകൂടിയാണ്
സൃഷ്ടി അവസാനിക്കുന്നില്ല. സദാ സർഗനിരതനാണ്/സർഗനിരതയാണു ദൈവം.
കുഞ്ഞുമക്കൾക്കുള്ള ആഴ്ചക്കഥയിൽ, ഏഴാം ദിവസം ദൈവം വിശ്രമിച്ചു എന്നു കാണുന്നു. ആറാം ദിവസം മനുഷ്യരെ സൃഷ്ടിച്ചുകഴിയുമ്പോൾ, ദൈവം വിശ്രമ മൂഡിലാണ്: ഇനി മനുഷ്യർ സൃഷ്ടിക്കട്ടെ; സൃഷ്ടി തുടരട്ടെ.
ഇതു മനുഷ്യന് ഉത്തരവാദിത്വമാണ്. എന്നാൽ അതു ക്ലേശകരമാവേണ്ടതില്ല. സൃഷ്ടിച്ച ദൈവം വെളിച്ചമായി മനുഷ്യരുടെ ഉള്ളിലിരുന്നു പരിപാലന തുടരുന്നുണ്ട്. ആ വെളിച്ചം മനസ്സിൽ നല്ല ഭാവന വിടർത്തുന്നുണ്ട്. ഭാവന വിടരുമ്പോൾ സൃഷ്ടി നടക്കുന്നു. ദൈവം സൃഷ്ടിച്ച ഭൂമിയെ ഭാഷകൊണ്ട്, ശാസ്ത്ര-സാങ്കേതിക- സാമ്പത്തികത കൊണ്ട്, ആധ്യാത്മികതകൊണ്ട്, രാഷ്ട്രീയംകൊണ്ട്, കലകൊണ്ട് മനുഷ്യർ അനുനിമിഷം പുതുക്കിപ്പണിയുന്നു.
ഇതു ക്ലേശകരമാവേണ്ടതില്ല എന്നു പറഞ്ഞല്ലോ. നിരുപാധികസ്നേഹം (unconditional love) ആയി ദൈവം ഉള്ളിലുണ്ട്. ആ സ്നേഹത്തിലുള്ള വിശ്വാസത്തിൻ പാറമേൽ ദീപസ്തംഭം കൊളുത്താം; അപ്പോൾ അധ്വാനം ക്ലേശകരമല്ലാതാവും; വിയർപ്പു തൂകിയുള്ള ഹാർഡ് വർക്ക് വേണ്ടെന്നാവും. ഭൂമി മുൾപ്പടർപ്പു നിറഞ്ഞ മണ്ണായി അനുഭവപ്പെടാതാവും.
പഴയ യുഗം മാറിപ്പോകുന്ന ഈ യുഗസന്ധിയിൽ നിരുപാധികസ്നേഹത്തിൽ വേരുറപ്പിക്കപ്പെട്ടവരാണു പുതുതലമുറകൾ. അവർ സ്മാർട്ട് വർക്കിന്റെ ആനന്ദകരമായ ലോകത്തിലേക്കു പ്രവേശിച്ചു തുടങ്ങുകയാണ്.
പ്രായമായാലും ശിശുക്കളെപ്പോലെ തുടരുന്ന child-like adults ആണ് ഇനി വരിക. ലോകമെമ്പാടും അവർ ദൈവത്തെപ്പോലെ നിരുപാധികം സ്നേഹിക്കുന്നവരാകുകയാണ്; ‘ദൈവത്തെപ്പോലെ’ ആകുകയാണ്.
ദൈവരാജ്യം അവരുടേത്. അവരെ തടയേണ്ട.
സൃഷ്ടി പരിണാമംകൂടിയാണ്. ആദ്യം പദാർത്ഥം പരിണമിച്ചു. പിന്നെ പദാർത്ഥത്തിൽ ജീവൻ പരിണമിച്ചു. ജീവിപരിണാമത്തിനുശേഷം ഇപ്പോൾ മനുഷ്യർ പരിണമിക്കുന്നു – സാമൂഹികമായി അഥവാ സാംസ്കാരികമായി.
ഈ പരിണാമങ്ങളിലെല്ലാം സൃഷ്ടി നടന്നുകൊണ്ടിരിക്കുന്നു; തുടർന്നുകൊണ്ടേയിരിക്കുന്നു.
- പഴയ നിയമം പുതിയ തലമുറ എങ്ങനെ വായിക്കും
രണ്ടായിരത്തഞ്ഞൂറു കൊല്ലമെങ്കിലും മുമ്പ്, ഭൂമിയിൽ ഒരു പ്രത്യേക സ്ഥലത്ത് ഒരു നിശ്ചിത സംസ്കാരത്തിൽ വളർന്ന കുഞ്ഞുങ്ങൾ ചോദിച്ചു: “എല്ലാം എങ്ങനെ ഉണ്ടായി?”. അവരുടെ മാതാപിതാക്കൾ ദൈവത്തിന്റെ ആറു ദിവസത്തെ സൃഷ്ടിയുടെയും ഏഴാം ദിവസത്തെ വിശ്രമത്തിന്റെയും കഥ പറഞ്ഞുകൊടുത്തു. (ആഴ്ചയുടെ ഏഴാം ദിവസം കൂട്ടിലെ കുഞ്ഞാടു കിണറ്റിൽ വീണാൽ അതിനെ രക്ഷിക്കാൻപോലും പറ്റാത്തവിധം മതപരമായ വിലക്ക് ഉണ്ടായിരുന്ന സമൂഹമായിരുന്നൂ അവർ. ഏഴാം ദിവസമെന്നത്, ഒരു നെന്മണി അടർത്തുന്ന ‘വേല’ പോലും ചെയ്യരുതാത്ത വിശ്രമദിവസം).
ദൈവാലയത്തിൽ വരുന്ന മുതിർന്നവരോടും അന്നത്തെ അവരുടെ പുരോഹിതർ ഇതേ ഉൽപത്തിക്കഥ പറഞ്ഞു പ്രബോധനം നല്കി. പിന്നീടു പലർ പലതരത്തിൽ ഈ കഥയും അനുബന്ധകഥകളും രേഖപ്പെടുത്തി. ഒരേ കാര്യത്തിനുതന്നെ വ്യത്യസ്ത വിവരണങ്ങളുണ്ടായി. വീണ്ടും കുറേക്കഴിഞ്ഞ് വിവിധ വിവരണങ്ങൾ സംയോജിപ്പിച്ച് ചിലർ ഒരൊറ്റ ഉൽപത്തിപ്പുസ്തകമാക്കി.
പിന്നീട് അനേകനൂറ്റാണ്ടുകളിൽ അനേകം പുസ്തകങ്ങൾ ഉണ്ടായി. അവ കൈയെഴുത്തായി പലർ കോപ്പിയെടുത്തു. രേഖപ്പെടുത്തൽ, സംയോജിപ്പിക്കൽ, പകർപ്പെടുക്കൽ – ഇതെല്ലാം പച്ചമനുഷ്യരാണു ചെയ്തത്. മനുഷ്യഭാഷയിൽ.
എഴുതപ്പെട്ട തിരുവചനമായ ബൈബിളിന്റെ ആയിരം വർഷം നീണ്ടുനിന്ന രൂപീകരണചരിത്രത്തിൽ ഇതെല്ലാം സംഭവിച്ചിട്ടുണ്ടെന്ന്, കഴിഞ്ഞ യുഗത്തിൽ പണ്ഡിതരായ കുറെ വൈദികർക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. സ്വന്തം നിലയ്ക്ക് ഈ ചരിത്രം മനസ്സിലാക്കുന്നവരാണു ലോകമെമ്പാടും വളർന്നുവരുന്ന പുതിയ കുഞ്ഞുങ്ങൾ.
ഈ ചരിത്രം നിഷേധിക്കുന്ന വിധത്തിലാണോ, എഴുതപ്പെട്ട തിരുവചനത്തിന്റെ ദൈവനിവേശിതത്വത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ? അവർക്കതു കൈമാറാൻ ശ്രമിച്ചാൽ, അവർ ചെവികൊണ്ടു കേട്ടെന്നിരിക്കും. പക്ഷേ, അവരുടെ മനസ്സിലോ ഹൃദയത്തിലോ അതിനു സ്വീകാര്യതയില്ല.
- ബൈബിളിലുണ്ട് സാഹിത്യ രൂപവൈവിധ്യം
ബൈബിളിലെ വ്യത്യസ്ത പുസ്തകങ്ങളിൽ വ്യത്യസ്ത സാഹിത്യരൂപങ്ങളാണ് ഉള്ളത്. കവിതയും നാടകവും കൊട്ടാരചരിത്രരേഖകളും മുതൽ നാമിന്നു ‘നോവലറ്റ്’ എന്നു വിളിക്കുന്ന ആവിഷ്കാരരൂപങ്ങൾ വരെ. ഇനി, ഒരു പുസ്തകത്തിൽത്തന്നെ പല ഭാഗങ്ങളിലായി പല സാഹിത്യരൂപങ്ങൾ ഉണ്ടായെന്നും വരും.
ഇതൊന്നും ശ്രദ്ധിക്കാതെ ബൈബിൾ വായിച്ച് നമുക്കു കഴിഞ്ഞ യുഗത്തിൽ കഴിയാമായിരുന്നു. ജീവിതം ഓൺലൈനായ ഇന്ന് തിരുവചന പരിണാമചരിത്രത്തെക്കുറിച്ചും ദൈവവചനത്തിന്റെ മനുഷ്യഭാഷയെക്കുറിച്ചും സാഹിത്യശൈലികളെക്കുറിച്ചും അവബോധമില്ലാതെയും നല്ലൊരു സ്റ്റഡി ബൈബിൾ ഇല്ലാതെയും, പുതിയ അവബോധമുള്ള കുഞ്ഞുങ്ങളെ അനുയാത്ര ചെയ്യാൻ കഴിയില്ല.
തിരുവചനത്തെക്കുറിച്ച് ഈ യുഗത്തിന്റെ ബോധനിലവാരത്തിനനുസരിച്ച ചിന്താമാതൃകകൾ (paradigms) ആണ് ആവശ്യം. അതിനു കുഞ്ഞുങ്ങൾക്കല്ല നമുക്ക് Unlearning and Re-learning ആവശ്യമുണ്ട്.
ഉല്പത്തിയുടെ ആദ്യ അധ്യായങ്ങളിൽ ഇറ്റിയോളജി (aetiology)കൾ ഉണ്ട്. എന്നുവച്ചാൽ, the investigation or attribution of the cause or reason for something, often expressed in terms of historical or mythical explanation. എന്തിന്റെയെങ്കിലും കാരണം ചരിത്രപരമായ വിശദീകരണംകൊണ്ടോ മിത്തുകൾകൊണ്ടോ പ്രകാശിപ്പിക്കുന്ന സാഹിത്യരൂപം. ഭൂമി എങ്ങനെ ഉണ്ടായി, മനുഷ്യർ എങ്ങനെ ആണും പെണ്ണുമായി, അന്ന് ആണ് എന്തുകൊണ്ട് പെണ്ണിനെ ഭരിച്ചു, നാണം എങ്ങനെ ഉണ്ടായി, എന്തുകൊണ്ടു മനുഷ്യർ വസ്ത്രം ധരിക്കേണ്ടിവരുന്നു, എന്തുകൊണ്ടു കഠിനാധ്വാനം, എന്തുകൊണ്ടു പ്രസവവേദന, എന്തുകൊണ്ടു മരണം….. അങ്ങനെ നീളുന്നൂ ചോദ്യങ്ങൾ. കുഞ്ഞുങ്ങൾക്കും നിരക്ഷരർക്കും മനസ്സിലാകുന്ന ഒരു ശൈലിയിൽ മാതാപിതാക്കളും പുരോഹിതരും കൊടുത്ത മറുപടി ഉൽപത്തിപ്പുസ്തകത്തിലെ ഇറ്റിയോളജികളിലുണ്ട്.
മനുഷ്യബോധ വികാസത്തിന്റെ നീണ്ട ചരിത്രത്തിൽ, ഈ ചോദ്യങ്ങൾക്ക് ആഗോള സമൂഹം പുതിയ ഉത്തരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആ ഉത്തരങ്ങളെ അവഗണിക്കുന്ന ഒരു രീതിയിൽ ബൈബിൾ വായിക്കാൻ കുഞ്ഞുങ്ങളോടു പറയുമ്പോൾ അവർ കേട്ടില്ലെങ്കിൽ മുഷിയരുത്.
അതിവിശിഷ്ടമായ പ്രാചീന ആവിഷ്കാരരൂപമെന്ന നിലയിൽ ഇറ്റിയോളജികളിൽനിന്ന് ഇന്നും നമുക്കു മനോഹരമായ അർത്ഥങ്ങൾ തേടാം. എന്നാൽ പ്രപഞ്ചത്തെയും ഭൂമിയെയും സ്ത്രീപുരുഷ തുല്യതയെയും മരണത്തെയുമെല്ലാം സംബന്ധിച്ച് പുതിയ തലമുറകൾ നേടുന്ന അറിവിനു വിരുദ്ധമായതെന്തെങ്കിലും സ്ഥാപിച്ചെടുക്കാനുള്ള അക്ഷരാർത്ഥവായനാശ്രമമാണെങ്കിൽ (literal reading), അതു പാഴ്ശ്രമംതന്നെ.
അതെ, നിരുപാധിക ദയാർദ്ര സ്നേഹമാണു ദൈവമെന്ന അറിവിൽ നിൽക്കുന്ന കുഞ്ഞുങ്ങളിൽനിന്ന് മൊബൈൽവിദ്യ മാത്രമല്ല, “മനുഷ്യർ സഹസൃഷ്ടാക്കളാണ്” എന്നതുപോലുള്ള വേദപാഠവും നാം പഠിക്കേണ്ടതുണ്ട്.
- ദൈവം വിത്തു തരുന്നു
ബി.സി. എട്ടാം നൂറ്റാണ്ടിൽ പ്രണയത്തിന്റെയും വിരഹത്തിന്റെയും പുനഃസമാഗമത്തിന്റെയും ഇമേജറി കൊണ്ട് ദൈവ-മനുഷ്യബന്ധം ഹൃദയസ്പർശിയായി പ്രവചിച്ചയാളാണു ഹോസിയ. ദൈവം ജനതയോടു പറയുന്നതായി ഹോസിയ ഇങ്ങനെ എഴുതുന്നു:
“അന്നു ഞാൻ ആകാശത്തോട് ഉത്തരമരുളും; ആകാശം ഭൂമിയോടും. ഭൂമി ധാന്യത്തോടും വീഞ്ഞിനോടും എണ്ണയോടും ഉത്തരമരുളും. ഇവയാവട്ടെ, ജനതയ്ക്കും ഉത്തരമരുളും” (Hosea 2:23-24).
പ്രാകൃതമായ ഒരുതരം ഹീബ്രുവിലുള്ള ഹോസിയായുടെ വാക്കുകൾ ഇന്നത്തെ ഭാഷകളിൽ പരിഭാഷ ചെയ്യുക ബുദ്ധിമുട്ടാണ്. ഇവിടെ ‘ഉത്തരമരുളുക’ എന്നതിന് ‘respond to’ എന്നാണു നല്ല ഇംഗ്ലീഷ് ബൈബിൾ പരിഭാഷകളിൽ കാണുന്നത്. ആത്യന്തികമായി, പരസ്പര പ്രതിപ്രവർത്തനം. ദൈവം ആകാശത്തോട്; ആകാശം ഭൂമിയോട്; ഭൂമി അന്നത്തോട്; അന്നം മനുഷ്യനോട്….
ഈ തുടർപ്രക്രിയ ഇനിയും നീളുന്നതെങ്ങനെയാണ്? നമ്മുടെ വിശ്വാസഭാവന ഒന്നു വിടർത്തിനോക്കൂ; ഇങ്ങനെ കാണാം: മനുഷ്യൻ മനുഷ്യനോട് ഉത്തരമരുളുന്നു — ഉപാധിരഹിതമായ സ്നേഹത്തിന്റെ ഭാഷയിൽ. അവർ അന്യജീവന്നുതകി സ്വജീവിതം ധന്യമാക്കുന്നു.
മനുഷ്യനും മനുഷ്യനും ചേർന്ന് -മനുഷ്യരാശി ഒന്നുചേർന്ന്- അന്നത്തോട്, ഭൂമിയോട്, ആകാശത്തോട്, പ്രപഞ്ചത്തോട്, ദൈവത്തോട് ഉത്തരമരുളുമ്പോൾ ഇതൊരു ചലനാത്മക ചാക്രിക പ്രക്രിയ ആകുന്നു. A dynamic cyclical process. നന്മയിൽനിന്ന് ഉപരിനന്മയിലേക്കുള്ള സൃഷ്ടിപരിണാമങ്ങൾ.
ഹോസിയായുടെ ജനതയ്ക്ക് ജസ്റീൽ (Jezreel) എന്നാണു പേര് (പിന്നീട് അതിൽനിന്നാണ് ഇസ്രയേൽ എന്ന വാക്കിന്റെ വരവ്). ജസ്റീൽ എന്നു പറഞ്ഞാൽ, ”ദൈവം വിത്തു നൽകട്ടെ”.
അതെ, ദൈവം വിത്താണു നൽകുക. അണ്ഡകടാഹത്തിന്റെ ആദ്യകണം മുതൽ നമ്മിലെ നല്ല ഭാവനയുടെ അവസാനകണംവരെ. അതു നല്ല സൃഷ്ടിക്ക് ഉപയോഗിക്കുന്ന സ്മാർട്ട് പണിയാണു നമ്മുടേത്. പാഷനോടെ (passionately) ചെയ്യുമ്പോൾ, അതു ഭാരമില്ലാത്ത വേലയാകുന്നു.
ആ മനുഷ്യവേലയിലൂടെ ഭൂമുഖം നവീകരിക്കപ്പെടുന്നു. മനുഷ്യവേലയാണു ദൈവവേല. ആവശ്യനേരത്ത് സഹായിക്കാൻ അപ്രതീക്ഷിതമായി കടന്നുവരുന്ന പേരില്ലാത്ത, ഫോൺനമ്പരില്ലാത്ത, ആ മനുഷ്യർ ദൈവമയച്ച മാലാഖമാർ ആണ്.
ഇങ്ങനെയുണ്ടല്ലോ വാക്യം: ” I consider that the sufferings of this present time are as nothing compared with the glory to be revealed for us. For creation awaits with eager expectation the revelation of the children of God….. We know that all creation is groaning in labor pains even until now….. .” (Rom. 8:18-22).
അതെ, സമസ്ത സൃഷ്ടികളും ഒന്നുചേർന്ന് ഈറ്റുനോവ് അനുഭവിക്കുകയായിരുന്നു. മധുരമുള്ള നോവാണത്. പുതുജീവൻ തുടിക്കുമെന്ന പ്രത്യാശയിൽ അലിഞ്ഞുതീരുന്ന നോവ്. പുതുജീവനിൽ ആനന്ദാനുഭവമാകുന്ന നോവ്. നോവല്ലാതാവുന്ന നോവ്.
ഇവിടെ “ദൈവം എല്ലാവർക്കും എല്ലാമാകുന്നു” (1Cor. 15:28).
അതറിയുന്നവർ സൃഷ്ടിപരിണാമങ്ങളുടെ ചലനാത്മകത അറിയുന്നു; പ്രത്യാശയിൽ വളരുന്നു. ഉപാധി വയ്ക്കാത്ത സ്നേഹംകൊണ്ട് ദൈവരാജ്യത്തിൽ ജീവിക്കുന്നു.
പ്രഫ. ലീന ജോസ് ടി.
(ശനിയാഴ്ച Zoom-ൽ നടന്ന Meditative Communicational Sessions-ൽ പങ്കുവച്ച ധ്യാനാത്മക കാര്യവിചാരങ്ങൾ ആധാരമാക്കി)