സീറോ മലബാർ സഭയുടെ ആത്മീയ പരമാധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ, മാർക്സിസ്റ്റു പാർട്ടി നീചമായ ഭാഷയിൽ ഈയിടെ വിമർശിക്കുകയുണ്ടായി. മോദി സർക്കാർ അധികാരമേറ്റതിനു ശേഷം ക്രിസ്ത്യാനികൾക്ക് യാതൊരു വിധ അരക്ഷിതത്വവും ഉണ്ടായിട്ടില്ല എന്ന് ഒരു ഇംഗ്ലീഷ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു എന്നതാണ് മാർക്സിസ്റ്റു പാർട്ടിയെ പ്രകോപിച്ചത്. ക്രിസ്ത്യാനികൾക്ക് എന്നല്ല, ഒരു ന്യൂനപക്ഷ വിഭാഗത്തിനും മോദി സർക്കാർ വന്നതിനു ശേഷം യാതൊരു വിധത്തിലുള്ള അരക്ഷിതത്വവും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല സുരക്ഷിതത്വം വർദ്ധിച്ചിട്ടുമുണ്ട്. മോദി സർക്കാർ വിഭാവനം ചെയ്തു നടപ്പിലാക്കുന്ന സാമൂഹിക – സാമ്പത്തിക – സുരക്ഷിതത്വ പദ്ധതികളുടെ ഗുണഭോക്താക്കൾ ജാതിമതങ്ങൾക്കു അതീതരായിട്ടുള്ളവരാണ്. മതത്തിൻെറയോ രാഷ്ട്രീയത്തിൻെറയോ പേരിൽ യാതൊരു തരത്തിലുള്ള വിവേചനവും ഇല്ല. ഈ വസ്തുതയുടെ അടിസ്ഥാനത്തിലാണ് ആലഞ്ചേരി പിതാവ് അഭിപ്രായം പറഞ്ഞത്.

ഈ അഭിപ്രായം മാർക്സിസ്റ്റു കാർക്കും കോൺഗ്രസ്സുകാർക്കും രസിച്ചില്ല. കാരണം, ഈ രണ്ടു കൂട്ടരും ന്യൂനപക്ഷങ്ങളെ ഭീതിയിൽ നിലനിർത്താനാണ് ശ്രമിക്കുന്നത്‌. ബി ജെ പി അധികാരത്തിലേറിയാൽ ന്യൂനപക്ഷങ്ങൾ വഴിയാധാരമാകുമെന്നു ഇവർ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, ന്യൂനപക്ഷങ്ങളുടെ അനുഭവം മറിച്ചായതുകൊണ്ടു അവർ ബി ജെ പിയ്ക്ക് ഒപ്പം നില്കുന്നു. അതുകൊണ്ടാണ് തൊണ്ണൂറു ശതമാനം ക്രിസ്ത്യാനികൾ ഉള്ള സംസ്ഥാനത്തും ക്രിസ്ത്യാനികൾക്ക് ഭൂരിപക്ഷമുള്ള പ്രദേശത്തും ബി ജെ പി വിജയിക്കുന്നത്. ഇത് അവർക്കു സഹിക്കാൻ കഴിയുന്നില്ല. അവരെ ഇത് പരിഭ്രാന്തരാക്കുന്നു. ഈ രണ്ടു കൂട്ടരും ന്യൂനപക്ഷ പ്രീണനം എന്ന പേരിൽ അവരെ ഭയചകിതരാക്കി, വോട്ട് ബാങ്കാക്കി നിലനിർത്തിയിരുന്നു. അവർ ഇല്ലെങ്കിൽ ന്യൂനപക്ഷങ്ങൾ നിലനിൽക്കില്ല എന്നും ഭൂരിപക്ഷം അവരെ ദ്രോഹിക്കുമെന്നും പ്രചരിപ്പിച്ചുകൊണ്ടാണ് ഭീതി പരത്തിയിരുന്നത്. ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്‌ എന്ന് ന്യൂനപക്ഷങ്ങൾക്കു ബോധ്യമായി.

ആലഞ്ചേരി പിതാവ് പുതുതായി യാതൊരു കാര്യവും ഇപ്പോൾ പറഞ്ഞിട്ടില്ല . ഇന്ത്യയിലുള്ള മൂന്ന് കർദിനാൾമാർ ഒരുമിച്ചു മോദിയെ ഒരിക്കൽ കണ്ടിരുന്നു. അതിനുശേഷം അവർ മൂന്ന് പേരും ഒരുമിച്ചു നടത്തിയ പത്രസമ്മേളനത്തിലും മോദി സർക്കാരിന്റെ കീഴിൽ ന്യൂനപക്ഷങ്ങൾ അരക്ഷിതരാണ് എന്ന് അവർക്കു അഭിപ്രായമില്ല എന്ന് പറഞ്ഞിരുന്നു. അതെ അഭിപ്രായം തന്നെയാണ് അദ്ദേഹം ഇപ്പോഴും ആവർത്തിച്ചത്. എന്നിട്ടും എന്തെ ഈ കോലാഹലം എന്ന് ചോദിച്ചാൽ ന്യൂനപക്ഷങ്ങൾ സത്യം തിരിച്ചറിയുന്നതിനെ മാർക്സിസ്റ്റു പാർട്ടിയും കോൺഗ്രസ്സും ഭയക്കുന്നു എന്ന് മാത്രമേ അതിനു അർത്ഥമുള്ളൂ. മതവിവേചനത്തിന്റെ അടിസ്ഥാനത്തിലല്ല മോദി സർക്കാർ പ്രവർത്തിക്കുന്നത്. കാരണം, ദാരിദ്ര്യത്തിനും സാമൂഹിക പിന്നാക്കാവസ്ഥക്കും മതമില്ല എന്ന് തിരിച്ചറിഞ്ഞ ഭരണാധികാരിയാണ് മോദി. അതുകൊണ്ടാണ് നമ്മുടെ സമൂഹത്തിലെ ഏറ്റവും ദരിദ്രയാവരുടെ സുരക്ഷയ്ക്കുള്ള പദ്ധതികൾ അദ്ദേഹം ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. ശുചിത്വ മിഷൻ, ഉജ്ജ്വൽ ഗ്യാസ് യോജന, ആരോഗ്യ പരിരക്ഷക്കുള്ള ഇൻഷുറൻസ് പദ്ധതി, എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം എത്തിക്കാനുള്ള സംവിധാനമൊരുക്കൽ, ഭൂമി ഉള്ളവർക്കും ഭൂമി ഇല്ലാത്തവർക്കും ആവാസ വ്യവസ്ഥ ഒരുക്കൽ, 48 കോടി ഗ്രാമീണർക്ക് ബാങ്കിങ്ങിൽ പങ്കാളിത്തം ഉറപ്പാക്കിയ ജൻധൻ അക്കൗണ്ട്, ദരിദ്രർക്കുള്ള അരിവിതരണം, കർഷകർക്കുള്ള ധനസഹായം എന്ന് തുടങ്ങിയ പദ്ധതികളിലെ ആനുകൂല്യം ലഭിക്കാനുള്ള അർഹത മതമല്ല; ഇന്ത്യൻ സിറ്റിസൺ ആകുക എന്നത് മാത്രമാണ്. യഥാർത്ഥത്തിൽ, മതനിരപേക്ഷമായ ഭരണസമ്പ്രദായം ഇപ്പോഴാണ് നിലവിൽ വന്നത്.

ഈ വസ്തുതകളോട് കലഹിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇടതു – വലതു കക്ഷികൾ ഒരുമിച്ചു ആലഞ്ചേരി പിതാവിനെ അവഹേളിക്കുന്നത്. മാർക്സിസ്റ്റു പാർട്ടി അത് ലേഖനത്തിലൂടെയും കോൺഗ്രസ് അത് പ്രസ്താവനകളിലൂടെയും നിർവഹിച്ചു കൊണ്ടിരിക്കുന്നു. ഇ ഡി കേസിൽ അന്വേഷണം നേരിടുന്നതുകൊണ്ടു അതിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ടിയാണ് പിതാവ് അഭിപ്രായം പറഞ്ഞത് എന്നാണ് മാർക്സിസ്റ്റു പാർട്ടിയുടെ ആക്ഷേപം. സീറോ മലബാർ സഭയിൽ നടന്നുകൊണ്ടിരിക്കുന്ന കലഹങ്ങൾക്കു സഭയിലെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പശ്ചാത്തലം. അതാകട്ടെ സഭയുടെ ആഭ്യന്തര പ്രശ്നവുമാണ്. അക്കാര്യത്തിൽ സഭയ്ക്ക് പുറത്തുള്ളവർ ഇടപെട്ടു അഭിപ്രായം പറയുന്നത് ഉചിതവുമല്ല. അതിന്റെ ഭാഗമായി അനേകം കേസുകൾ നില നിൽക്കുന്നുണ്ട്. കർദിനാളിനു എതിരെ വ്യാജരേഖ ചമച്ച സംഭവവും ഉണ്ട്. അതിൽ കുറ്റപത്രവും കോടതിയിൽ സമർപ്പിക്കപ്പെട്ടു. രണ്ടു വൈദികർ അടക്കമുള്ളവർ അക്കാര്യത്തിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന. ഭൂമി ഇടപാട് സംബന്ധിച്ച കേസ് കോടതിയിൽ ഉണ്ട്. നിയമ പ്രശ്നങ്ങൾ കോടതി പരിഹരിക്കട്ടെ എന്ന് കരുതുന്നതാണ് ശരി.

വസ്തുതകൾ ഇവ്വിധമായിരിക്കെയാണ് പിതാവിനെ അവഹേളിച്ചുകൊണ്ടുള്ള പ്രസ്താവന, പാർട്ടി പത്രം പ്രസിദ്ധീകരിച്ചത്. സഭയിലെ ഒരു വിഭാഗം ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആക്ഷേപം പാർട്ടി പത്രം ആവർത്തിക്കുന്നു എന്നത് ഖേദകരമാണ്. സഭാതർക്കത്തിൽ പാർട്ടി നടത്തുന്ന അനാവശ്യ ഇടപെടലാണ് അത്. സഭയിലെ ലക്ഷകണക്കിന് വരുന്ന വിശ്വാസികളെ അവഹേളിക്കലാണ് അത്. സഭയെയും സഭാവിശ്വാസികളെയും ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനുള്ള മാർക്സിസ്റ്റ് കുടില തന്ത്രമാണത്. അവർക്ക് ഇഷ്ടമില്ലാത്തത് ചെയ്യുന്നവരോട് എന്നും അവരുടെ പ്രതികരണം ഇങ്ങനെ തന്നെയാണ്. കത്തോലിക്കാ സഭയിലെ പ്രശ്നം അവരുടെ സംവിധാനത്തിലൂടെ അവർ പരിഹരിക്കട്ടെ. നിയമപ്രശ്നങ്ങൾ അതിന്റെ വഴിക്കും നീങ്ങട്ടെ. മാർക്സിസ്റ്റു പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ മാർക്സിസ്റ്റു പാർട്ടിക്ക് കഴിയും എന്ന് നിങ്ങൾ അവകാശപ്പെടുന്നു. അത് നിങ്ങളുടെ അധികാരത്തിൽപ്പെട്ട കാര്യവുമാണ്. അതുപോലെ, രണ്ടായിരം കൊല്ലക്കാലത്തെ ചരിത്രമുള്ള ഒരു സംവിധാനത്തിന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുണ്ട് എന്ന് അംഗീകരിക്കുന്നതാണ് ശരി. അതിനു പകരം ഏതെങ്കിലും ഒരു പക്ഷത്തു ചേർന്ന് പ്രശ്നം പെരുപ്പിച്ചു വഷളാക്കാൻ ശ്രമിക്കുന്നത് അപലപനീയമാണ്. മാർക്സിസ്റ്റു പാർട്ടിയും ഇടതു – വലതു സഖ്യവും നിന്ദ്യമായ ഈ ശ്രമത്തിൽ നിന്നും പിന്മാറണം.

നിലവിലുള്ള ഭരണ സംവിധാനത്തോട് പ്രതിപക്ഷ കക്ഷികൾക്ക് രാഷ്ട്രീയമായ എതിർപ്പുണ്ടാകുന്നത് ജനാതിപത്യ സംവിധാനത്തിൽ സ്വാഭാവികമായ കാര്യമാണ്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ സമരങ്ങളിൽ മതസംഘടനകൾ പങ്കു ചേരണം എന്ന് ശഠിക്കുന്നത് ജനാധിപത്യ വിരുദ്ധമായ കാര്യവുമാണ്. ഇടതു – വലതു കക്ഷികൾ മതങ്ങളെ അവരുടെ സമരങ്ങളിലേയ്ക്കു വലിച്ചിഴക്കുകയാണ് ചെയ്യുന്നത് . അതാകട്ടെ മതങ്ങൾക്കിടയിൽ ന്യൂന പക്ഷ-ഭൂരിപക്ഷ വേർതിരിവുണ്ടാക്കി സ്പർദ്ധ വളർത്താനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്. ഒരു രാജ്യത്തിന്റെ വികസനത്തിന് എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കുകയും അത് മൂലമുണ്ടാകുന്ന വികസനത്തിന്റെ ഗുണ ഫലങ്ങൾ എല്ലാവരും ഒരുമിച്ചു അനുഭവിക്കുകയും ചെയ്യുന്ന ഭരണ സംവിധാനത്തെയാണ് മതത്തിന്റെ പേര് പറഞ്ഞു തകർക്കാൻ ശ്രമിക്കുന്നത്. ന്യൂനപക്ഷ ക്രൈസ്തവ വിഭാഗങ്ങൾ അതിനു കൂട്ടു നിൽക്കുന്നില്ല എന്നതാണ് തരംതാണ ഭാഷയിൽ ആലഞ്ചേരി പിതാവിനെ അവഹേളിക്കാനുള്ള കാരണം.

(ഡോ. കെ. എസ്. രാധാകൃഷ്ണൻ)

നിങ്ങൾ വിട്ടുപോയത്