സമാനതകളില്ലാത്തതും, അവഗണിക്കാനാവാത്തതുമായ നിരന്തര അവഹേളന ശ്രമങ്ങളും വ്യാജപ്രചാരണങ്ങളുടെ കുത്തൊഴുക്കുമാണ് കേരളത്തിലെ സമർപ്പിതർക്കും സന്ന്യാസ ജീവിതത്തിനും എതിരായി നടന്നുകൊണ്ടിരിക്കുന്നത്. സന്ന്യാസജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണകളോ, പറയുന്ന വിഷയങ്ങളെക്കുറിച്ചുള്ള ശരിയായ ബോധ്യങ്ങളോ ഇല്ലെങ്കിൽപ്പോലും കുരുടൻ ആനയെ കണ്ടതുപോലെ സന്ന്യാസത്തെക്കുറിച്ചുള്ള തങ്ങളുടെ വികലധാരണകൾ സാമൂഹ്യമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമ ചർച്ചകളിലും അവതരിപ്പിക്കുകയും, സംരക്ഷണാർത്ഥം എന്ന വ്യാജേന സന്യസ്തരുടെ അഭിമാനത്തിനും ജീവിതത്തിനും വിലപറയുകയും ചെയ്യുന്നവരുടെ രീതികൾ ഇനിയും അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് കേരളത്തിലെ സന്യസ്തർ.

ചൂഷണങ്ങളുടെയും ദുരിതങ്ങളുടെയും ആഴക്കയങ്ങളിലാണ് പതിനായിരക്കണക്കിന് സന്യാസിനിമാർ എന്ന ചിലരുടെ അടിസ്ഥാന രഹിതമായ വാദം നാളുകൾ നീണ്ട ആവർത്തനസ്വഭാവം ഒന്നുകൊണ്ടുമാത്രം കുറേപ്പേർ വിശ്വസിക്കാൻ തയ്യാറായിരിക്കുന്നു. വിരലിലെണ്ണാവുന്ന ചില മുൻ സന്യസ്തരല്ലാതെ സന്യാസജീവിതത്തെ അടുത്തറിയുന്ന മറ്റാരുംതന്നെ അത്തരക്കാരുടെ ആഖ്യാനങ്ങൾ ശരിയെന്ന് ഇന്നുവരെയും പറയാനിടയായിട്ടില്ല. അതേസമയം നൂറുകണക്കിന് പേർ സന്യാസജീവിതത്തിലെ തങ്ങളുടെ ആനന്ദവും സംതൃപ്തിയും വെളിപ്പെടുത്തി എല്ലായ്പ്പോഴും രംഗത്തുവന്നിട്ടുമുണ്ട്. സന്യാസജീവിതത്തെയും അതിന്റെ മഹത്വത്തെയും നിരാകരിക്കാൻ ഇനിയൊരു സന്യാസ വേഷധാരികൂടി രംഗത്ത് വരാനിടയില്ലെങ്കിലും സന്യാസത്തെ ജീവിതത്തേക്കാൾ വിലമതിക്കുന്ന ആയിരക്കണക്കിന് പേർ തങ്ങളുടെ അനുഭവങ്ങൾ വെളിപ്പെടുത്താൻ തയ്യാറായുണ്ട്. ഇത്രമാത്രംപേർക്ക് ക്യാമറയ്ക്ക് മുന്നിൽ അണിനിരക്കാൻ പ്രായോഗികമായ തടസങ്ങളുണ്ടെങ്കിലും, തങ്ങളായിരിക്കുന്ന ജീവിതമേഖലകളിൽ സന്യാസത്തിന്റെ സൗന്ദര്യം അവരിലൂടെ മിഴിവാർജ്ജിക്കുന്നുണ്ട്. അത്തരം ഓരോരുത്തരും ആയിരിക്കുന്ന ഇടങ്ങൾ സന്യാസത്തിന്റെ മഹത്വത്തെ വിളംബരം ചെയ്യുന്നെങ്കിലും, കണ്മുന്നിൽ കാണുന്നതിനേക്കാൾ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നവരുടെ ആഖ്യാനങ്ങളാണ് ചിലർക്ക് കൂടുതൽ വിശ്വസനീയം!

നേരിട്ട് കണ്ടും അന്വേഷിച്ചും കാര്യങ്ങൾ ബോധ്യപ്പെടാൻ തടസങ്ങളൊന്നുമില്ലാതിരിക്കെ സന്യാസത്തെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കെട്ടുകഥകൾ മാത്രം ആധാരമാക്കി ചർച്ചകൾക്കും അവതരണത്തിനും രംഗപ്രവേശംചെയ്യുന്ന പ്രബുദ്ധരായ മാധ്യമപ്രവർത്തകരുടെ ലക്ഷ്യം കേവലം വ്യക്തിപരമോ, സഹജീവി സ്നേഹത്തെ അടിസ്ഥാനപ്പെടുത്തിയോ ആണെന്ന് കരുതാനാവില്ല. കേരളത്തിലുള്ള ആയിരക്കണക്കിന് സന്യാസഭവങ്ങളിൽ ഒന്നുപോലും മാധ്യമപ്രവർത്തകർക്കുമുന്നിൽ വാതിലുകൾ പൂട്ടിയിട്ടിട്ടില്ല എന്നിരിക്കിലും ഇന്ന് പ്രചരിക്കുന്നതുപോലെ പതിനായിരക്കണക്കിന് സന്യസ്തരുടെ ജീവിതത്തിൽ ഏതെങ്കിലും വിധത്തിലുള്ള അതൃപ്തിയുണ്ടോ അഥവാ, മറ്റെന്തെങ്കിലും പ്രശ്നങ്ങളെ അവർ നേരിടുന്നുണ്ടോ എന്ന നിഷ്പക്ഷ അന്വേഷണവുമായി ഒരു മാധ്യമ പ്രവർത്തകൻ പോലും ഇതുവരെയും അത്തരം ഇടങ്ങളിൽ ചെന്നിട്ടുള്ളതായി അറിവില്ല. അത്തരത്തിലുള്ള അന്വേഷണ റിപ്പോർട്ടുകളൊന്നും ഇന്നോളം ഒരു മാധ്യമവും പ്രസിദ്ധീകരിച്ചിട്ടില്ല. വിമർശകരായ നൂറുകണക്കിന് മാധ്യമ പ്രവർത്തകർക്കും പ്രബുദ്ധ ചിന്തകർക്കും മനുഷ്യാവകാശപ്രവർത്തകർക്കും ഈ മേഖലയിൽ നിഷ്പക്ഷമായ ഒരന്വേഷണം ആവശ്യമുണ്ടെന്ന് ഇതുവരെ തോന്നാത്തത് വിചിത്രമല്ലേ?

അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, മാറാരോഗികൾക്കായുള്ള പരിചരണ കേന്ദ്രങ്ങൾ, മാനസിക രോഗികൾക്കും ഭിന്നശേഷിക്കാർക്കുമുള്ള ഭവനങ്ങൾ എന്നിങ്ങനെ ആരും തെരഞ്ഞെടുക്കാൻ മടിയ്ക്കുന്ന സേവനമേഖലകളിൽ കേരളത്തിൽ ഏറ്റവുമധികം സേവനം ചെയ്തുകൊണ്ടിരിക്കുന്നത് കത്തോലിക്കാ സന്യസ്തരാണെന്നുള്ളത് ആർക്കും നിരാകരിക്കാൻ കഴിയാത്ത യാഥാർഥ്യമാണ്. സമാന മേഖലകളിലുള്ള സർക്കാർ സ്ഥാപനങ്ങളിൽ വലിയ ശമ്പളം വാങ്ങി ജോലിചെയ്യുന്നവരുടെ നൂറിരട്ടി, ഒരു രൂപപോലും പ്രതിഫലം വാങ്ങാതെ സേവനം ചെയ്യുന്ന സന്യസ്തരുണ്ട്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ എവിടെയും ഇത്തരം സ്ഥാപനങ്ങളിലേയ്ക്ക് മുൻ‌കൂർ അറിയിപ്പ് കൂടാതെ ആർക്കും സന്ദശനത്തിന് കടന്നുചെല്ലാം. പുഞ്ചിരിയോടെയല്ലാതെ ശുശ്രൂഷകളിലായിരിക്കുന്ന ഒരു സന്യാസിനിയെപ്പോലും ഒരാൾക്കും കാണാൻകഴിയില്ല. മുഖ്യമായും ഇത്തരം മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരായ ആയിരക്കണക്കിന് സന്യസ്‌തരിൽ പത്തുപേരെയെങ്കിലും നേരിട്ടുകണ്ട് അവരുടെ കാഴ്ചപ്പാടുകളും ചിന്തകളും എന്തെന്ന് തിരിച്ചറിഞ്ഞ് ചാനൽ ചർച്ചയിലും സോഷ്യൽമീഡിയയിലും സന്യാസത്തെക്കുറിച്ചും സന്യാസിനികളെക്കുറിച്ചും സംസാരിക്കാൻ കടന്നുവന്നിട്ടുള്ള ഒരു പ്രബുദ്ധ ചിന്തകനെയും ഇതുവരെ കാണാനിടയായിട്ടില്ല.

ഇന്ന് ഈ നാട്ടിൽ ജീവിച്ചിരിക്കുന്ന ഏതൊരു വ്യക്തിയുടെയും ജീവിതത്തിന്റെ ഏതെങ്കിലുമൊരു നിർണ്ണായക ഘട്ടത്തിൽ ഒരു സന്യാസിനിയുടെ വിരലടയാളം പതിഞ്ഞിട്ടുണ്ടാകുമെന്നിരിക്കെ, അത്രമാത്രം ഇന്നും പ്രസക്തമായ കത്തോലിക്കാ സന്യാസത്തെ കടുത്ത നിർബ്ബന്ധ ബുദ്ധിയോടെ നിരാകരിക്കാൻ, സന്യാസം നിർത്തലാക്കണമെന്നും സന്യാസിനിമാർ ഇനി ഉണ്ടാകരുതെന്നും ഒരു കുടുംബവും സന്യാസ ജീവിതത്തിലേയ്ക്ക് മക്കളെ പറഞ്ഞയക്കരുതെന്നും വാദിക്കാൻ, സന്യസ്തർ പീഡിപ്പിക്കപ്പെടുന്നവരും ദുരുപയോഗിക്കപ്പെടുന്നവരുമാണെന്ന പച്ചക്കള്ളം പ്രചരിപ്പിക്കാൻ ചിലർ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ടെങ്കിൽ എന്താണ് അവരുടെ ലക്ഷ്യമെന്ന് തിരിച്ചറിയേണ്ടതുണ്ട്. വലിയ ഫണ്ട് ചെലവഴിച്ച് മാധ്യമസംവിധാനങ്ങളെ വിലയ്‌ക്കെടുത്തും സ്വന്തമായുണ്ടാക്കിയും ഈ ലക്ഷ്യത്തിനുവേണ്ടി പ്രയത്നിക്കുന്നവരുടെ പിന്നിൽ ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട്. വേറൊരു ജോലിയുമില്ലാതെ മുഴുവൻ സമയവും ഈ ലക്ഷ്യത്തിനുവേണ്ടി നാടുനീളെ സഞ്ചരിച്ച് അനേകരിൽ തെറ്റിദ്ധാരണ പടർത്തുന്ന ചിലർക്ക് പിന്തുണയും പണവും നൽകി പ്രോത്സാഹിപ്പിക്കുന്ന ശക്തി ഏതെന്ന് തിരിച്ചറിഞ്ഞേ മതിയാവൂ.

ഒരേസമയം വ്യാജവാർത്തകളും അവാസ്തവങ്ങളും പ്രചരിപ്പിച്ചും, ഒപ്പം സന്യാസത്തിന്റെ ശോഭകെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തും ഈ സമൂഹത്തിൽ പ്രവർത്തന നിരതരായിരിക്കുന്ന ചിലരെ തുറന്നുകാണിക്കുകയും, അവരുടെ നിഗൂഢ ശ്രമങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യുക ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് അനിവാര്യമാണെന്ന വ്യക്തമായ ബോധ്യം ഇന്ന് കേരളത്തിൽ ജീവിക്കുന്ന ഓരോ സന്യസ്തർക്കുമുണ്ട്. ആ ബോധ്യം സഭാ നേതൃത്വത്തിനും വിശ്വാസിസമൂഹത്തിനുമുണ്ട്. യാഥാർഥ്യം തിരിച്ചറിഞ്ഞ് ആ ഗൂഢശക്തികളെ ഒറ്റപ്പെടുത്താനും തള്ളിപ്പറയാനും പൊതുസമൂഹവും തയ്യാറാകുമെന്ന് തീർച്ച. ക്രൈസ്തവ സന്യസ്തരുടെ സേവനങ്ങൾ കേരളത്തിലേതുപോലെ അടുത്തറിയുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ള വേറെ ഏതു സമൂഹമുണ്ട്? ഇന്ന് അവർ അനാവശ്യ അവഹേളനങ്ങളും അതിക്രമങ്ങളും നേരിടുമ്പോൾ കേരളത്തിലെ മതേതരസമൂഹം ശക്തമായി കൂടെനിൽക്കുമെന്ന് സന്യസ്തർക്ക് ഉറപ്പാണ്. –

Voice of Nuns

നിങ്ങൾ വിട്ടുപോയത്