.
കേരള ക്രൈസ്തവസഭയിൽ ഈ ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് സമുദായബോധവും വർഗീയതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ. ഇതേക്കുറിച്ച് പ്രഥമമായി പറയാനുള്ളത് ഇവ രണ്ടും ഒന്നല്ല, മറിച്ച് രണ്ടാണെന്നാണ്. കാരണം ഇന്ന് പലരും സമുദായ ബോധത്തെയും വർഗീയതയെയും ഒന്നായി കാണുന്നവരാണ്! വർഗീയതയിലൂടെ സമുദായ ബോധത്തെ ഉണർത്താൻ ശ്രമിക്കുന്നതും സമുദായ ബോധത്തെ വർഗീയതയ്ക്ക് തുല്യം ചാർത്തുന്നതും ഒരു പോലെ തെറ്റാണ്.
തലശ്ശേരി അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി പിതാവുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയാണ് ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പലരും ചർച്ച ചെയ്തത്. പെൺകുട്ടികളുടെ പേര് പറഞ്ഞുകൊണ്ട് വർഗീയത വളർത്താൻ ആരും ശ്രമിക്കേണ്ടെന്ന വ്യക്തമായ സന്ദേശമാണ് പിതാവ് നൽകിയത്. അദ്ദേഹത്തിന്റെ പ്രസംഗത്തെ വ്യാഖ്യാനിച്ചവർ പറഞ്ഞത് അദ്ദേഹം ചില ന്യൂനപക്ഷ വർഗീയതയെ അനുകൂലിക്കുന്നുവെന്നാണ്.
വാസ്തവത്തിൽ ആർച്ച് ബിഷപ്പ് പാമ്പ്ലാനി വ്യക്തമാക്കിയത് കത്തോലിക്കാസഭയുടെ നിലപാടാണ്. ഒരുതരത്തിലുള്ള വർഗീയതയെയും കത്തോലിക്കാ സഭ പ്രോത്സാഹിപ്പിക്കുന്നില്ല. അതിന്റെയർത്ഥം സമുദായ ബോധം പാടില്ലെന്നോ വിശ്വാസത്തിനെതിരെയുള്ള വെല്ലുവിളികൾ ഉണ്ടാകുമ്പോൾ നിസംഗരായോ നിർന്നിമേഷരായോ നിലകൊള്ളണമെന്നല്ല. വിശ്വാസത്തിനെതിരായി വെല്ലുവിളികൾ ഉണ്ടാകുമ്പോൾ അതിനെതിരെ പ്രതിരോധം തീർക്കാൻ ഏതൊരു സംഘടനയ്ക്കുമെന്ന പോലെ സഭയ്ക്കും അവകാശമുണ്ട്.അതിനെയൊന്നും അദ്ദേഹം നിഷേധിച്ചിട്ടില്ല.മറിച്ച്,സമുദായ ബോധം വർഗീയതയിലേക്ക് വഴി മാറരുത് എന്ന് മാത്രമാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.
“ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടി ആക്കുക”! എന്ന് ചില മാധ്യമങ്ങളെക്കുറിച്ച് പറയാറുണ്ട്. നമ്മുടെ ചില ചർച്ചകളിലും ഇങ്ങനെയാണ് സംഭവിക്കുന്നത്! ആർച്ച് ബിഷപ്പ് പാമ്പ്ലാനി പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്നു പ്രചരിപ്പിച്ചുകൊണ്ട് ഒരു തരം ധ്രുവീകരണത്തിനാണ് ചിലർ ഇവിടെ ശ്രമിക്കുന്നത്.പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ നിലപാടുകൾക്കെതിരെയാണ് പാമ്പ്ലാനി പിതാവ് നിലകൊള്ളുന്നതെന്നും ചിലർ പ്രചരിപ്പിക്കുകയുണ്ടായി.ഇത് വളരെ വിചിത്രമായ നിലപാടാണ്. കാരണം, പാലാപിതാവിന്റെ പ്രസ്താവനകളെയോ നിലപാടുകളെയോ ആർച്ച് ബിഷപ്പ് പാമ്പ്ലാനി ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. കുറെ നാളുകൾക്കു മുമ്പ് അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് ചൂണ്ടിക്കാണിച്ച ലൗ ജിഹാദ്, നർക്കോട്ടിക് ജിഹാദ് തുടങ്ങിയ മുന്നറിയിപ്പുകളെ സീറോ മലബാർ സഭയിലെ പിതാക്കന്മാരാരും തള്ളിപ്പറഞ്ഞിട്ടില്ല. പാമ്പ്ലാനി പിതാവ് തള്ളിപ്പറഞ്ഞിട്ടുള്ളത് ഇത്തരം കാര്യങ്ങളുടെ പേര് പറഞ്ഞുകൊണ്ട് വർഗീയത വളർത്തുന്നതിനെയാണ്. ഇത് കേരളക്രൈസ്തവസഭയിൽ ഇപ്പോൾ നാം കണ്ടു കൊണ്ടിരിക്കുന്ന യാഥാർത്ഥ്യമാണ്. സമുദായത്തിന്റെ പേര് പറഞ്ഞുകൊണ്ട് അന്യമതവിദ്വേഷം പരത്തുന്നതും വ്യക്തിഹത്യ നടത്തുന്നതും ഒരു കാരണവശാലും ക്രൈസ്തവികതയ്ക്ക് ചേർന്നതല്ല.” സർപ്പത്തിന്റെ വിവേകം” ഒഴിവാക്കണമെന്ന് ഇത് അർത്ഥമാക്കുന്നില്ല. “നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍”
(മത്തായി 10 : 16) എന്നാണല്ലോ കർത്താവ് തന്റെ ശിഷ്യന്മാരോട് പറഞ്ഞത്. എന്നാൽ വിശ്വാസത്തിന്റെ പേരിൽ വിഭജനം ഉണ്ടാക്കുന്നതും സ്പർദ്ധ വളർത്തുന്നതും ക്രിസ്തീയ മൂല്യങ്ങൾക്ക് ചേർന്നതല്ല.
പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2020 ഒക്ടോബർ മൂന്നിന് പ്രസിദ്ധീകരിച്ച “എല്ലാവരും സഹോദരർ” എന്ന തന്റെ ചാക്രിക ലേഖനത്തിൽ ഇപ്രകാരം പറയുന്നു :
“സ്നേഹിക്കാത്തവൻ ദൈവത്തെ അറിയുന്നില്ല. കാരണം ദൈവം സ്നേഹമാണ് (1 യോഹ 4:8).ഇക്കാരണത്താൽ ഭീകര പ്രവർത്തനം അപലപനീയമാണ്.അത് ജനതയുടെ സുരക്ഷിതത്വത്തെ ഭീഷണിപ്പെടുത്തുകയും കൊടുംഭീതിയും ഭയവും അശുഭാപ്തി വിശ്വാസവും വിതയ്ക്കുകയും ചെയ്യുന്നു. ഭീകരപ്രവർത്തകർ മതത്തെ അതിനുള്ള ഉപകരണം ആക്കുന്നുണ്ടെങ്കിൽപ്പോലും മതം തീവ്രവാദത്തിന് കാരണമല്ല. മറിച്ച്, മതഗ്രന്ഥഭാഗങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങളുടെ ആധിക്യത്തിലും വിശപ്പ്,ദാരിദ്ര്യം, അനീതി, പീഡനം,അഹങ്കാരം എന്നിവയുമായി ബന്ധപ്പെട്ട നയങ്ങളിലുമാണ് തീവ്രവാദം അടങ്ങിയിരിക്കുന്നത്…… ഇവയെ നാം അപലപിക്കുന്നതോടൊപ്പം പൊതു മാനവികതയുടെ അടിസ്ഥാന മൂല്യങ്ങൾ തിരിച്ചറിയുകയും വേണം. ഈ മൂല്യങ്ങളുടെ പേരിൽ നമുക്ക് സഹകരിക്കുന്നതിനും പടുത്തുയർത്തുന്നതിനും സംവദിക്കുന്നതിനും ക്ഷമിക്കുന്നതിനും വളരുന്നതിനും സാധിക്കും. വിദ്വേഷത്തിന്റെ ഭ്രാന്തമായ ആക്രോശത്തിന് പകരം വിശിഷ്ടമായ കുലീനതയുടെയും സൗന്ദര്യത്തിന്റെയും സംഗീതം സൃഷ്ടിക്കുന്നതിനും വ്യത്യസ്ത ശബ്ദങ്ങളെ ഐക്യപ്പെടുത്തുന്നതിനും ഇത് ഇടയാക്കും.(No.283).
ചിലപ്പോൾ ചില മതസമൂഹങ്ങളിൽ അവരുടെ നേതാക്കന്മാരുടെ ധിക്കാരം മൂലം മതമൗലികവാദ അക്രമം അഴിച്ചു വിടപ്പെടുന്നത് നാം കാണുന്നുണ്ടെന്ന കാര്യം മാർപാപ്പ പറയുന്നു.എന്നാൽ, നാം വിളിക്കപ്പെട്ടിരിക്കുന്നത് ആധികാരിക മധ്യസ്ഥരായി സമാധാനം കെട്ടിപ്പടുക്കുന്നതിനാണെന്ന് അദ്ദേഹം നമ്മെ ഓർമിപ്പിക്കുന്നു. നാമോരോരുത്തരും സമാധാനത്തിന്റെ വിദഗ്ധരും വിതരണക്കാരുമാകാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഭിന്നിപ്പിക്കുന്നതിനു പകരം ഒന്നിപ്പിക്കുന്നതിലൂടെയും വിദ്വേഷത്തെ മുറുകെ പിടിക്കുന്നതിനു പകരം അത് അണയ്ക്കുന്നതിലൂടെയും പുതിയ മതിലുകൾ തീർക്കുന്നതിനു പകരം സംവാദത്തിന്റെ പാതകൾ തുറക്കുന്നതിലൂടെയുമാണ് ഇത് സംഭവിക്കുന്നതെന്ന് മാർപാപ്പ ചൂണ്ടിക്കാണിക്കുന്നു.(No.284).
നമ്മുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഈയിടെ ചൂണ്ടിക്കാണിച്ചതുപോലെ വിവിധ മതസമൂഹങ്ങൾ ഒരു കുടുംബം പോലെ ഒന്നിച്ചു കഴിയുന്ന ഇടമാണ് കേരളം. അതാണ് ഈ നാടിന്റെ സൗന്ദര്യവും. ഇവിടെ സ്വന്തം വിശ്വാസവും പൈതൃകവും സംരക്ഷിച്ചുകൊണ്ടും ഇതര മതങ്ങളെ ആദരിച്ചു കൊണ്ടും വിശ്വാസ വെല്ലുവിളികൾക്കെതിരെ മുൻകരുതലുകൾ എടുത്തുകൊണ്ടുമാണ് നാം മുന്നേറേണ്ടത്. സമുദായ ബോധം നമുക്കു വേണം. എന്നാൽ, സമുദായത്തിന്റെ പേരിൽ വർഗീയതയുടെയും വിഭാഗീയതയുടെയും അന്യമത വിദ്വേഷത്തിന്റെയും ശൈലികൾ പുലർത്തുന്നത് ഒരിക്കലും ഒരു യഥാർത്ഥ ക്രൈസ്തവന് യോജിച്ചതായിരിക്കില്ല.
ഫാ.ജോസഫ് കളത്തിൽ, താമരശ്ശേരി രൂപത