
ദൈവത്തിന്റെ മനസ്സും ആത്മീയതയുടെ അന്തസത്തയും തുറന്നുവയ്ക്കുന്ന വചനമാണിത്. മതപരിവര്‍ത്തനത്തിന്റെയും മാനസാന്തരത്തിന്റെയും വ്യക്തതയും ഈ വചനത്തിലുണ്ട്. വിശ്വാസം എന്നത് ഹൃദയത്തില്‍നിന്ന് ഉൽഭവിക്കുന്നതായിരിക്കണം. ഭൗതീകമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി മതം മാറുന്നതുകൊണ്ടോ മതത്തില്‍ നിലനില്‍ക്കുന്നതുകൊണ്ടോ അവനൊരു വിശ്വാസിയാകുന്നില്ല. ആത്മീയമായ രക്ഷയെ മുന്നില്‍ കണ്ടുകൊണ്ടുള്ള വിശ്വാസമാണ് ആവശ്യം. പേരുകൊണ്ട് ഏതെങ്കിലും മതത്തെ പ്രതിനിധീകരിക്കുന്നവര്‍ ആ മതത്തിന്റെ പേരിലുള്ള ഭൗതീകമായ നേട്ടങ്ങള്‍ക്ക് അര്‍ഹരായേക്കാം. എന്നാല്‍, വിശ്വാസം ആന്തരീകമാകുമ്പോള് മാത്രമെ അത്മീയരക്ഷ കൈവരിക്കുകയുള്ളു.

മറ്റ് മതങ്ങളില്‍നിന്ന് യഹൂദമതം സ്വീകരിക്കുന്ന പതിവുണ്ടായിരുന്നു എന്നതിന് അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ തെളിവു കാണാം. പത്രോസിന്റെ ആദ്യത്തെ പ്രസംഗം ശ്രവിച്ചവരുടെ കൂട്ടത്തില്‍ ഇത്തരക്കാരെക്കുറിച്ച് പറയുന്നുണ്ട്. (അപ്പ പ്രവർ 2:10) നിയമം പാലിക്കുന്നതിലൂടെ ഇസ്രായേലില്‍ അംഗത്വം ലഭിക്കാന്‍ നിയമത്തിന് പരദേശിയേയും അടിമകളേയും അര്‍ഹരാക്കുന്നു. യഹൂദ മതത്തിൽ അംഗത്വം ലഭിക്കാൻ ശരീരത്തിൽ പരിച്ഛേദനം ഏൽക്കുന്നതായി കാണാം. പുതിയ നിയമത്തിലേയ്ക്ക് വരുമ്പോൾ നിയമപ്രകാരം ശരീരത്തിൽ അല്ല ഹൃദയത്തിലാണ് പരിച്ഛേദനം ഏൽക്കേണ്ടതായി യേശു പറയുന്നത്

വിശ്വാസത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചുമുള്ള വ്യക്തത നല്‍കിയത് യേശുവാണ്. രക്ഷയെ വിശാലമാക്കിക്കൊണ്ട് എല്ലാവര്ക്കും രക്ഷപ്രാപിക്കുന്നതിനുള്ള പുതിയ നിയമം യേശു സ്ഥാപിച്ചു. പഴയനിയമപ്രകാരം ദൈവത്തിന്റെ സ്വന്തം ജനതയായിരുന്നു, ഇസ്രായേൽ ജനത. എന്നാൽ ഇസ്രായേല്‍ ജനത്തിനു വാഗ്ദാനംചെയ്യപ്പെട്ട രക്ഷനായ യേശുവിനെ ഹൃദയത്തിൽ സ്വീകരിക്കുന്നവരാണ് പുതിയ നിയമത്തിൽ ദൈവത്തിന്റെ ജനത. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.






