പത്തനംതിട്ട: ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്തയുടെ 104ാമത് ജന്മദിനം ഇന്ന്. മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷ സ്ഥാനത്തുനിന്നു വിരമിച്ച് 2007 മുതല്‍ വലിയ മെത്രാപ്പോലീത്ത പദവി സ്വീകരിച്ച് വിശ്രമജീവിതത്തിലായ മാര്‍ ക്രിസോസ്റ്റമിന് 2018ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ജന്മദിനത്തിൽ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലാണെങ്കിലും മാർ ക്രിസോസ്റ്റത്തിനു വേണ്ടി മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ സ്തോത്ര പ്രാർഥന നടത്തും. ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ കലമണ്ണിൽ കെ.ഈ.ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27നായിരിന്നു മാർ ക്രിസോസ്റ്റമിന്റെ ജനനം. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യനാമം.

മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.ആലുവാ യു.സി.കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി. 1944-ൽ ശെമ്മാശ – കശീശ്ശ സ്ഥാനങ്ങൾ ലഭിച്ചു. 1953 മേയ് 20നു റവ. ഫിലിപ്പ് ഉമ്മന്‍, മാര്‍ത്തോമ്മാ സഭയുടെ മേല്പട്ട (എപ്പിസ്‌കോപ്പ) സ്ഥാനത്തേക്കു തെരഞ്ഞെടുത്ത് റന്പാനായി വാഴിച്ചു. മേയ് 23നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്ന പേരില്‍ എപ്പിസ്‌കോപ്പയായി അഭിഷിക്തനായി. 1999 മാര്‍ച്ച് 15ന് ഒഫിഷിയേറ്റിംഗ് മെത്രാപ്പോലീത്തയും 1999 ഒക്ടോബര്‍ 23ന് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുമായി. 1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനായ അദ്ദേഹം 2007-ലാണ് പദവിയൊഴിഞ്ഞത്.

നിങ്ങൾ വിട്ടുപോയത്