ചാൾസ് ഡിക്കൻസിന്റെ‘ എ ക്രിസ്മസ് കാരൾ’ എന്ന കൊച്ചുനോവൽ വിശ്വസാഹിത്യത്തിലെ പ്രകാശഗോപുരമാണ്. പൂർണമായും ക്രിസ്മസ് പശ്ചാത്തലത്തിൽ എഴുതിയ കൃതിയാണിത്. ഇമ്പമാർന്നൊരു ക്രിസ്മസ് സങ്കീർത്തനം കേട്ട അനുഭൂതിയാണ് ഈ നോവൽ സമ്മാനിക്കുന്നത്.പിശുക്ക് മനുഷ്യന്റെ ദുർഗുണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണെന്ന് ലോകത്തെ പറഞ്ഞ് ബോധ്യപ്പെടുത്തുന്ന നോവൽ.അതേ സമയം പരസ്നേഹം ക്രിസ്മസിന്റെ ഏറ്റവും വലിയ ആഘോഷമാണെന്ന് വിളിച്ചു പറയുന്ന നോവൽ.

പിശുക്കിന്റെ മൂർധന്യത്തിൽ മനുഷ്യൻ ക്രൂരനും കണ്ണിൽച്ചോരയില്ലാത്തവനുമായിത്തീരുമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അവർ അറ്റകൈക്ക് ഉപ്പുതേക്കാൻ മടിക്കും. ഇത്തരക്കാർ സഹജീവിയുടെ ദുരന്തം നേരമ്പോക്കായി കണ്ട് മതിമറന്ന് ആഘോഷിക്കും. ഇത്തരത്തിലുള്ള ഒരു കഥാപാത്രമാണ് ഡിക്കൻസിന്റെ എബ്‌നേസർ സ്‌ക്രൂജ്.സ്‌ക്രൂജിനെ ഡിക്കൻസ് വിശദമായി പരിചയപ്പെടുത്തുന്നു. കൊടും ശൈത്യത്തിനുപോലും ഇളക്കം തട്ടിക്കാനാവാത്തവിധം മരവിച്ച ഹൃദയമുള്ളവൻ.കത്തിക്കാളുന്ന ‘മോർളിയുടെ പ്രേതം’ എന്ന ആദ്യ അധ്യായത്തിൽത്ത ന്നെ സ്‌ക്രൂജിന്റെ യഥാർത്ഥ ചിത്രം വരച്ചുകാട്ടുകയാണ് നോവലിസ്റ്റ്. മോർളി എന്ന തന്റെ ബിസിനസ് പങ്കാളിയുടെ മരണശേഷം ‘സ്‌ക്രൂജ് ആൻഡ് മോർളി’ എന്ന പേരിൽത്തന്നെ സ്ഥാപനത്തിന്റെ നടത്തിപ്പ് തുടരുകയാണ് സ്‌ക്രൂജ്. കൂട്ടുകാരന്റെ സൽപ്പേര് ആവോളം ചൂഷണം ചെയ്ത് മറ്റുള്ളവരെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമുള്ള മുന്നേറ്റം.

ക്രിസ്മസ് പ്രമാണിച്ച് തന്നെ കാണാനെത്തുന്ന സാമൂഹ്യപ്രവർത്തകരോട് സ്‌ക്രൂജ് ഇടപെടുന്ന രീതി വളരെ ശ്ര ദ്ധേയമാണ്. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന പാവങ്ങൾക്കുവേണ്ടിയാണവർ സ്‌ക്രൂജിന്റെ ഓഫിസിൽ കയറിച്ചെല്ലുന്നത്. ‘അങ്ങയുടെ വകയായി എന്തെഴുതണമെന്ന’ ചോദ്യത്തിന് ഒന്നും എഴുതേണ്ട എന്ന ക്രൂരമായ മറുപടിയാണ് അയാൾ നൽകുന്നത്. ‘പാവങ്ങൾക്കു പാർക്കാൻ ജയിലുകളില്ലേ’ എന്ന പരിഹാസം പുറമെയും. ഒടുവിൽ, ആരെങ്കിലും വിശന്നു ചത്താലും തനിക്കു ഖേദമില്ലെന്നും ജനസംഖ്യ കുറയുമെന്ന ആശ്വാസമാണ് ഉള്ളതെന്നും സ്‌ക്രൂജ് പറയുന്നതോടെ വന്നവർ സ്ഥലംവിടുന്നു.

പണമില്ലാത്തവന് ക്രിസ്മസ്‌പോലുള്ള ആഘോഷങ്ങളിലെന്തു കാര്യമെന്നായിരുന്നു സ്‌ക്രൂജിന്റെ പക്ഷം. ‘മെറി ക്രിസ്മസ്’ എന്ന ആശംസയോടുപോലും അയാൾക്ക് വെറുപ്പാണ്. തന്റെ ഗുമസ്തൻ ബോബ് ക്രാറ്റ്‌ചിറ്റിന് ക്രിസ്മസ് അവധി നൽകാൻപോലും അയാൾ മടിക്കുന്നു. സ്വന്തം അനന്തിരവൻ ഫെഡ്ഡിനോട് അനാവശ്യമായി കയർക്കുന്നു. അഷ്ടിക്കു വകയില്ലാത്ത ഭിക്ഷക്കാർപ്പോലും അയാളെ കാണുമ്പോൾ കൈനീട്ടാനറയ്ക്കുന്നു. ഇതെന്തൊരു മനുഷ്യൻ? അടുത്തറിയുമ്പോൾ ആരുമങ്ങനെ ചോദിച്ചുപോകും.

പൊതുവെയുള്ള വിശ്വാസപ്രമാണങ്ങളനുസരിച്ച് മനുഷ്യജീവിതത്തിൽ പ്രേതങ്ങളുടെ ഇടപെടൽ അത്ര സദുദ്ദേശപരമല്ല. എന്നാൽ സ്‌ക്രൂജിന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന പ്രേതത്തിന്റെ ഉദ്ദേശം അയാൾക്ക് സംഭവിക്കാൻ പോകുന്ന ആപത്തിനെക്കുറിച്ച് മുന്നറിയിപ്പ് നൽ കുകയെന്നതാണ്. ഏഴുവർഷം മുൻപ് മരിച്ച സ്‌ക്രൂജിന്റെ സുഹൃത്ത് മോർളിയുടെ പ്രേതമാണത്. ”വൈകാതെ മൂന്ന് ഭൂതങ്ങൾ നിങ്ങളെ തേടിയെത്തും. ആദ്യം ഭൂതകാല ക്രിസ്മസ് ഭൂതം,പിന്നെ വർത്തമാനകാല ക്രിസ്മസ് ഭൂ തം,തുടർന്ന് ഭാവികാല ക്രിസ്മസ് ഭൂതം.” പ്രേതത്തിന്റെ വാക്കുകൾ കേട്ട് സ്‌ക്രൂജ് ഭയന്നു വിറച്ചു.

ഭൂതങ്ങൾ ഒന്നൊന്നായി സ്‌ക്രൂജിനു മുമ്പിൽ പ്രത്യക്ഷരായി. ജീവിതത്തിൽ അയാൾ സ്വീകരിച്ച തെറ്റായ വഴികൾ അയാൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയായിരുന്നു അവർ ചെയ്തത്. ഭൂതങ്ങൾ തങ്ങളുടെ ദൗത്യം പൂർത്തിയാക്കുന്നതോടെ സ്‌ക്രൂജിൽ പുതിയൊരു മനുഷ്യൻ പിറവിയെടുക്കുകയാണ്.നല്ല യജമാനനായി, സുഹൃത്തായി അയാൾ ചുറ്റുമുള്ള ലോകത്തെ സ്‌നേഹിക്കാൻ തുടങ്ങുന്നു. സമാനതകളില്ലാത്ത ആ വലിയ മാറ്റത്തിന് തെളിവായി സ്‌ക്രൂജ് ഇങ്ങനെ ചിന്തിക്കുന്നു: ”വർഷം മുഴുവനും ക്രിസ്മസ് ആയിരുന്നെങ്കിൽ?…പരിപാവനമായ ക്രിസ്മസ്.”

ക്രിസ്മസിന് സന്തോഷം മാത്രം മതിയെങ്കില്‍ നമ്മള്‍ മാത്രം വയറു നിറച്ചു ക്രിസ്മസ് വിരുന്നു കഴിച്ചാല്‍ മതി. പക്ഷെ, അയല്‍പ്പക്കത്തുള്ളവനും കഴിച്ചു എന്ന് ഉറപ്പുവരുത്തുമ്പോള്‍ മാത്രമേ അത് അര്‍ത്ഥപൂര്‍ണമായി മാറുന്നുള്ളൂ കാലിത്തൊഴുത്തിന്‍റെ കാലൊച്ച കാരുണ്യത്തിന്‍റേതാണ്.ഒന്നുമില്ലാത്തവർക്ക് നമ്മുടെ കൈയിലുള്ളത് കൊടുക്കാനുള്ള ധീരത നമുക്കുണ്ടാകട്ടെ.ഇല്ലായ്മകളുടെ കാലിത്തൊഴുത്തുകള്‍ സമൃദ്ധിയുടെ പിറവിയിടമാക്കാൻ നമുക്ക് കഴിയും. ഈ ചെറിയ ജീവിതത്തിൽ സ്‌ക്രൂജുമാരായി ജീവിതം തള്ളി നീക്കണോ?…

ലോകത്ത് കുറച്ച് പേര്‍ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുമ്പോള്‍ ഒരുപാട് പേര്‍ ഒരു ദിവസത്തെ ഭക്ഷണം ഇല്ലാതെ ജീവിക്കുന്നു.എല്ലാം നശിപ്പിച്ചും പൂഴ്ത്തിവച്ചുമുളള ജീവിതമല്ല, പരസ്പരം പങ്കുവച്ചും ദാനം ചെയ്തുമുളള ജീവിതമാണ് വേണ്ടതെന്ന് ക്രിസ്മസ് ഓർമ്മിപ്പിക്കുന്നു.ഭൗതികമായ ഈ സൗകര്യങ്ങളൊക്കെ നമുക്ക് ആവശ്യമുണ്ടോയെന്ന് നമ്മോട് തന്നെ ചോദിക്കാം. എല്ലാം കൈവശപ്പെടുത്തുന്നതാണ് ജീവിതമെന്നാണ് പലരും ജീവിതം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

നമ്മുടെ മുൻപിൽ നൻമയുടെ വൻമരങ്ങളായി നിരവധി പേരുണ്ട്. കൊച്ചി ബ്രദർ മാവുരൂസ് മാളിയേക്കൽ, കോട്ടയം നവജീവൻ പി യു തോമസ് ചേട്ടൻ, തൊടുപുഴ ദിവ്യരക്ഷാലയം ടോമി, കൂവപ്പടി ബേത്‌ലഹം അഭയഭവനിലെ മേരി എസ്തപ്പാൻ,പാലാ മരിയസാധൻ സന്തോഷ് , കൊച്ചി പാലാരിവട്ടം ലവ് ആൻഡ് കെയർ എൽസി സാബു , കോതമംഗലം ലവ് ഹോം മാത്തപ്പൻ ചേട്ടൻ ,ജൂഡ്‌സൺ തോപ്പുംപടി തുടങ്ങിയവർ. ആര്‍ക്കൊക്കെയോ തന്നെ ആവശ്യമുണ്ടെന്നും, ആരൊക്കെയോ തന്നെ സ്‌നേഹിക്കുന്നുണ്ടെന്നും, ആരുടെയൊക്കെയോ ജീവിതത്തില്‍ തനിക്കും ഒരിടം ഉണ്ടെന്നും,എന്തെങ്കിലും നൻമ മറ്റുള്ളവർ തന്നിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ഇവരെപ്പോലെ അറിയുന്നതുപോലെ ശ്രേഷ്ഠമായ മറ്റെന്തുണ്ടീ ഭൂമിയില്‍?….

അതെ ….ജീവിതം തിരിച്ചു പിടിക്കാന്‍ വേണ്ട പൊന്നും മീറയും കുന്തിരിക്കവുമായി നാം കടന്നു ചെല്ലുന്നതും കാത്തിരിക്കുന്ന ഒരുപാടു മനുഷ്യര്‍ ഈ ലോകത്തിലുണ്ട്. സമ്മാനപ്പൊതികള്‍ തുറന്നല്ല ഹൃദയം തുറന്നാണു ജീവിതം ആഘോഷിക്കേണ്ടതെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട് ഒരു ക്രിസ്മസ് കൂടി വരുന്നു.വാങ്ങുന്നതല്ല കൊടുക്കുന്നതാണ്‌ ക്രിസ്മസ്.

കരുണയുടെ പ്രവൃത്തികള്‍: ഈ ചെറിയവരില്‍ ഒരുവന് ചെയ്തപ്പോള്‍ എനിക്കാണ് നീ ചെയ്തതെന്ന് ഈശോ പറഞ്ഞത് നമുക്കോര്‍ക്കാം. അവര്‍ക്കായി ദൈവം നമുക്ക് നല്കിയിരിക്കുന്ന അനുഗ്രഹങ്ങളും കഴിവുകളും ധനവും പങ്കിടാം, ആരും അറിയാതെ നമുക്ക് കുറെ നന്മപ്രവൃത്തികൾ ഈശോയുടുള്ള സ്നേഹത്തെ പ്രതി ഈ ക്രിസ്മസ് കാലത്തെത്തെങ്കിലും ചെയ്യാം.

.

ടോണി ചിറ്റിലപ്പിള്ളി

PHONE; 9446329343

നിങ്ങൾ വിട്ടുപോയത്