മാർപാപ്പ ഒരു രാഷ്ട്ര തലവനും, കത്തോലിക്ക സഭയുടെ തലവനും കൂടി ആണ്. അനേകം ഉന്നത ഉദ്യോഗസ്ഥർ കൂടിയാണ് ഒരു രാഷ്ട്ര തലവന്റെ യാത്രകൾ പ്ലാൻ ചെയ്യുന്നത്. ബഹു ഭാഷ പണ്ഡിതൻ ആയ കാർഡിനൽ കൂവക്കാട് ചെയ്യുന്ന കാര്യം നിസാരവത്കരിച്ചു, കത്തോലിക്കാ സഭയെ പൊതുവിലും സീറോ മലബാർ സഭയെ പ്രത്യേകിച്ചും പരിഹാസ്യമായ വിധത്തിൽ വിമർശിച്ച് വിശ്വാസികളിൽ സഭയോടും സഭാനേതൃത്യത്തോടും അവമതിപ്പുണ്ടാക്കി സഭയെ ദുർബലപ്പെടുത്താൻ കിണഞ്ഞു ശ്രമിക്കുന്ന ഛിദ്രശക്തികൾ അനേകരുണ്ട്. സോഷ്യൽ മീഡിയ വ്യാപകമായതോടെ ഇത്തരക്കാരുടെ എണ്ണം ക്രമാതീതമായി ഉയർന്നു. ഈ ഗണത്തിൽ ഏറ്റവും ഒടുവിലായി വന്ന വീഡിയോ ആണ് ശ്രീ മാത്യു സാമുവേൽ എന്ന വ്യക്തിയുടേത്.

വളരെ കുറഞ്ഞ പ്രായത്തിൽ വൈദികപദവിയിൽ നിന്നു നേരിട്ട് കർദ്ദിനാളാകുന്ന ആദ്യ ഇന്ത്യൻ പുരോഹിതനായ മാർ കൂവക്കാടിനെക്കുറിച്ച് മാത്യൂ സാമുവേൽ നടത്തിയ പരാമർശങ്ങൾ ക്രൈസ്തവ സഭയെ സംബന്ധിച്ച് മാത്യു സാമുവേലിൻ്റെ അജ്ഞതയുടെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു.

”മാർപ്പാപ്പയുടെ വിദേശയാത്രകളിൽ അദ്ദേഹത്തിൻ്റെ പെട്ടികൾ ചുമക്കുന്ന വ്യക്തി” എന്നു പറഞ്ഞ് മാർ കൂവക്കാടിനെ പരിഹസിക്കുമ്പോൾ മാത്യൂ സാമുവേൽ എന്ന യൂട്യൂബർ തന്നെയാണ് പരിഹാസ്യനാകുന്നത്. അഥവാ അതുതന്നെ ആയിരുന്നു മാർ കൂവക്കാട് നിർവ്വഹിച്ച ചുമതല എന്നു കരുതുക. അതിൽ എന്താണ് തെറ്റ് ? ഈശോ മശിഹാ ഒരു തച്ചനായിരുന്നു. ആദ്യ മാർപാപ്പയായ പത്രോസ് ഗലീലാ കടപ്പുറത്തെ ഒരു മുക്കുവനായിരുന്നു. പൗലോസ് കൂടാര നിർമ്മാണം തൊഴിലായി സ്വീകരിച്ചവനായിരുന്നു. പലവിധ ജോലികൾ ചെയ്ത് ജീവിക്കുന്നതിനിടയിൽ ദൈവവിളി സ്വീകരിച്ച് പുരോഹിതരായവരാണ് മാർപാപ്പാമാരിൽ പലരും. മനുഷ്യൻ്റെ മൂല്യം അവൻ ചെയ്യുന്ന തൊഴിലിൻ്റെ അടിസ്ഥാനത്തിൽ അല്ല കണക്കാക്കേണ്ടത്. ഇത് പ്രാകൃതചിന്തയാണെന്നു മാത്യൂ സാമുവലിനെയും ഫാനുകളെയും ഓർമ്മിപ്പിക്കട്ടെ.

അഗ്നിരഥത്തിൽ ഉടലോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട ഏലിയായുടെ ശിഷ്യനായിരുന്ന എലീശയുടെ യോഗ്യത “ഏലിയായുടെ കൈയില്‍ വെള്ളം ഒഴിച്ചുകൊടുത്തിരുന്നവൻ” എന്നതായിരുന്നു. (2 രാജാക്കന്‍മാര്‍ 3:11). നേതൃസ്തംഭങ്ങളെ ശുശ്രൂഷിക്കുകയും അവരുടെ പെട്ടിചുമക്കുക, ഭക്ഷണം ഉണ്ടാക്കി കൊടുക്കുക. എന്നിവയൊക്കെ ശിഷ്യഗണത്തെ സംബന്ധിച്ചു മഹാഭാഗ്യം തന്നെയാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ പിൻഗാമികൾക്ക് ശുശ്രൂഷാരംഗത്ത് ഉയർച്ചയുണ്ടായിട്ടുണ്ടെങ്കിൽ അതും സഭയുടെ പാരമ്പര്യവും പ്രവർത്തന രീതിയുമാണ്.

ആരാണ് മാർ ജോർജ് ജേക്കബ് കൂവക്കാട് ?

റവ. ഫാ ജോർജ് ജേക്കബ് കൂവക്കാട് 2004-ൽ ആണ് സീറോ മലബാർ സഭയിലെ ഒരു വൈദികനായി ശുശ്രൂഷാ പൗരോഹിത്യത്തിലേക്കു കടന്നു വരുന്നത്. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം 2006-ൽ റോമിലെ Pontifical University of the Holy Cross -ൽ നിന്നും “The Obligation of Poverty for Secular Clerics in the Codes of Canon Law” എന്ന വിഷയത്തിലെ ഗവേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. അതേവർഷം റോമിലെ Pontifical Ecclesiastical Academy -യിലെ പരിശീലനത്തിനു ശേഷം വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൻ്റെ ഭാഗമായി അൾജീരിയ, ദക്ഷിണ കൊറിയ, ഇറാൻ, കോസ്റ്റാറിക്ക, വെനസ്വേല എന്നീ രാജ്യങ്ങളിൽ വിവിധ ചുമതലകൾ വഹിച്ചു.

2021 മുതൽ ഫ്രാൻസിസ് പാപ്പായുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ മുഖ്യ സംഘാടകനായി അദ്ദേഹം പ്രർത്തിക്കുകയായിരുന്നു. ഇതിനിടയിലാണ് ഉന്നതമായ നിയോഗങ്ങൾ അദ്ദേഹത്തെ തേടിയെത്തിയത്. 2024 നവംബർ 24 ന് മെത്രാനായും രണ്ടാഴ്ചയ്ക്കു ശേഷം, ഡിസംബർ 8 ന് കർദ്ദിനാളായും അദ്ദേഹം ഉയർത്തപ്പെട്ടു. വളരെ കുറഞ്ഞ പ്രായത്തിൽ വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാളാകുന്ന ആദ്യ ഇന്ത്യൻ പുരോഹിതനാണ് മാർ കൂവക്കാട്. 2025 ജനുവരി 11-ന് അദ്ദേഹം പൗരസ്ത്യ സഭകൾക്കായുള്ള ഡികാസ്റ്ററി അംഗമായും ജനുവരി 24-ന്, മതാന്തര സംവാദത്തിനുള്ള ഡികാസ്റ്ററിയുടെ പ്രിഫെക്‌റ്റിയും അദ്ദേഹം നിയമിതനായി.

May be an image of 2 people

ഇത്രമേൽ കഴിവും പ്രാപ്തിയുമുള്ള ഒരു വ്യക്തിയാണ് യാതൊരു മടിയുമില്ലാതെ മാർപാപ്പായുടെ ”പെട്ടിവാഹകനും ട്രാവൽ ഏജൻ്റുമായി” പ്രവർത്തിച്ചതെങ്കിൽ അത് മാർ കൂവക്കാടിൻ്റെ താഴ്മയെന്ന ക്രൈസ്തവ പുണ്യമാണ് പ്രകടമാക്കുന്നത്. അദ്ദേഹത്തിന് ലഭിച്ച പദവികളും ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ഉയർച്ചകളുമെല്ലാം ഈ വിശിഷ്ട സ്വഭാവത്തിൻ്റെ ഫലമായിരിക്കും. അദ്ദേഹം തിരുസ്സഭയ്ക്ക് മുതൽക്കൂട്ടാണ്. സഭാവിരുദ്ധ ശക്തികൾ ഇതിൽ ബേജാറായിട്ടു കാര്യമില്ല.

നിങ്ങൾ വിട്ടുപോയത്