വത്തിക്കാൻസിറ്റി: 1981 മുതൽ 1990 വരെ ഇന്ത്യയിൽ വത്തിക്കാൻ സ്ഥാനപതിയായിരുന്ന കർദിനാൾ അഗൊസ്തീനോ കാച്ചവിലൻ അന്തരിച്ചു. 95 വയസായിരുന്നു. വത്തിക്കാനിലെ അദ്ദേഹത്തിന്റെ വസതിയിൽവച്ച് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്കാരശുശ്രൂഷകൾ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കർദിനാൾ ജിയോവാണി ബത്തിസ്ത്താ റേയുടെ മുഖ്യകാർമികത്വത്തിൽ ഇന്നു നടക്കും. വിശുദ്ധ കുർബാനയ്ക്കു ശേഷം ഫ്രാൻസിസ് മാർപാപ്പ അനുശോചന പ്രസംഗം നടത്തുന്നതാണ്.
ഉത്തര ഇറ്റലിയിലെ വൾദാഞ്ഞോയിൽ 1926ൽ ജനിച്ച കർദിനാൾ കാച്ചവിലൻ 1949ൽ വൈദികനായി. റോമിലെ ഗ്രിഗോരിയൻ യൂണിവേഴ്സിറ്റിയിൽനിന്ന് സാമൂഹ്യശാസ്ത്രത്തിലും ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്ന് സഭാനിയമത്തിലും ബിരുദാനന്തര ബിരുദവും സാപ്പിയെൻസ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് നിയമത്തിൽ ഡോക്ടറേറ്റും നേടി. പൊന്തിഫിക്കൽ എക്ലെസിയാസ്റ്റിക്കൽ അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ ശേഷം വത്തിക്കാന്റെ നയതന്ത്രവകുപ്പിൽ സേവനം ആരംഭിച്ചു. ഫിലിപ്പൈൻസ്, സ്പെയിൻ, പോർട്ടുഗൽ, സെയ്ഷെൽസ്, കെനിയ എന്നീ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചു. 1976ൽ മെത്രാഭിഷേകം സ്വീകരിച്ച അദ്ദേഹം 1981ൽ ഇന്ത്യയിലെയും 1990 മുതൽ അമേരിക്കയിലെയും വത്തിക്കാൻ സ്ഥാനപതിയായിരുന്നു. 1985ൽ നേപ്പാളിന്റെ പ്രഥമ വത്തിക്കാൻ സ്ഥാനപതിയായി. 1998 മുതൽ വത്തിക്കാൻ കൂരിയയിൽ ഉയർന്ന തസ്തിക വഹിച്ചു. 2002ൽ വിശ്രമജീവിതത്തിലേക്കു പ്രവേശിച്ചു.
നിരവധി അന്തർദേശീയ സംഘടനകളിൽ വത്തിക്കാൻ പ്രതിനിധിയായിരുന്നു. 2001ൽ കർദിനാളായ അദ്ദേഹം 2005ൽ ബെനഡിക്ട് പാപ്പായെ തെരഞ്ഞെടുത്ത കോൺക്ളേവിൽ അംഗമായിരുന്നു.