കൂരാച്ചുണ്ട്: ജൂൺ 5 മുതൽ കോടതി വിധിപ്രകാരം പ്രാബല്യത്തിൽ വന്ന ബഫർ സോൺ പ്രഖ്യാപനം മലയോര മേഖലയിലെ ജനതയെ ഇരുട്ടിലേക്ക് തള്ളി വിടുന്നതാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കെ സി വൈ എം എസ് എം വൈ എം താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട് ടൗണിൽ പ്രതിഷേധ യുവജന റാലിയും സമ്മേളനവും നടത്തി. ഈ വിഷയത്തിൽ നിയമ ഭേദഗതി വരുത്താൻ സർക്കാർ തല ഇടപെടലുണ്ടാകും വരെ സമര പരമ്പരയുമായി മുന്നോട്ടുപോകുമെന്നും കൂരാച്ചുണ്ട് സംഘടിപ്പിക്കപ്പെട്ട യുവജന റാലിയെ തുടർന്നുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.സി.വൈ.എം എസ്.എം.വൈ.എം താമരശ്ശേരി രൂപതാ ഡയറക്ടർ ഫാ.ജോർജ്ജ് വെള്ളയ്ക്കാകുടിയിൽ സംസാരിച്ചു . കൂരാച്ചുണ്ട് അങ്ങാടിയിൽ സംഘടിപ്പിക്കപ്പെട്ട യുവജന റാലിയിൽ വിലങ്ങാട്,മരുതോങ്കര,കൂരാച്ചുണ്ട്,താമരശ്ശേരി മേഖലയിൽനിന്നും 300-ൽ അധികം യുവജനങ്ങൾ പങ്കെടുത്തു .
ബഫർസോൺ വിഷയത്തിൽ രാഷ്ട്രീയപാർട്ടികൾ തുടരുന്ന മൗനം ഭയാനകമാണെന്ന് യോഗം അഭിസംബോധന ചെയ്ത് സംസാരിച്ച കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ഡോ.ചാക്കോ കാളാംപറമ്പിൽ അഭിപ്രായപ്പെട്ടു . ഇടതു-വലതു വ്യത്യാസമില്ലാതെ നിയമസഭയിലും ലോകസഭയിലും മലയോര കർഷകന് വേണ്ടി ശബ്ദമുയർത്താൻ ജനപ്രതിനിധികൾ തയ്യാറായില്ലെങ്കിൽ രാഷ്ട്രീയ വിരുദ്ധവികാരം മലയോരമേഖലയിൽ ഉടലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂരാച്ചുണ്ട് സംഘടിപ്പിക്കപ്പെട്ട സമരം ഒരു തുടക്കം ആണെന്നും ഇനിയും സമരപരമ്പരകൾ രൂപതയുടെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുമെന്നും അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ച രൂപത പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ സംസാരിച്ചു .
ഭരണ-പ്രതിപക്ഷ എം.എൽ.എ മാർക്കെതിരെ ശക്തമായ പ്രതിഷേധമാണ് പൊതുസമ്മേളനത്തിൽ ഉയർന്നത്. കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിൻസന്റ് കണ്ടത്തിൽ, രൂപത ജനറൽ സെക്രട്ടറി റിച്ചാൾഡ് ജോൺ പന്തപ്ലാക്കൽ,കൂരാച്ചുണ്ട് മേഖല ഡയറക്ടർ ഫാ. കുര്യാക്കോസ് കൊച്ചു കൈപ്പയിൽ, മേഖല പ്രസിഡന്റ് ജോയൽ ആന്റണി പുതിയകുന്നേൽ, സെക്രട്ടറി നിബിൻ ജോസ്, സംസ്ഥാന സെനെറ്റ് അംഗം അലീന മാത്യു എന്നിവർ സംസാരിച്ചു. മേഖല വൈസ് പ്രസിഡന്റ് ടീന ടോമി, ട്രഷറർ ഇമ്മാനുവേൽ വിൻസെന്റ്, മേഖല സമിതി അംഗങ്ങളായ ബിന്ധ്യ ബിന്നി, എബിൻ തോമസ്, അബിൻ ജോസ്, അലന്റ അബ്രഹാം, ലിയോ രാജു, ലിയോൺ മുണ്ടക്കപടവിൽ, അതുല്യ ബെന്നി, പ്രലിൻ പ്രകാശ് യൂണിറ്റ് സമിതി അംഗങ്ങളായ ലിന്റോ ജോസഫ്, ജിയോ ജേക്കബ്,ഇമ്മാനുവൽ ജോയ് എന്നിവർ നേതൃത്വം നൽകി.