Be all the more diligent to confirm your calling and election. (2 Peter 1:10)
കർത്താവിന്റെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതിൽ നാം ഉൽസാഹം ഉള്ളവർ ആയിരിക്കണം. കർത്താവിന്റെ വിളിയ്ക്കായി പ്രാർത്ഥനയോടെയും, ഉപവാസത്തോടെയും, വിശുദ്ധിയോടും ദൈവതിരുമുമ്പാകെ നമ്മളെ തന്നെ ദൈവകരങ്ങളിൽ സമർപ്പിക്കണം. കര്‍ത്താവിന്റെ വിളി നമ്മുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ദൈവത്തിന്റെ ആക്രമിച്ചു കടക്കലല്ല. അത് ജീവിതത്തിൽ സഹിക്കേണ്ടി വരുന്ന ‘ഭാരമോ അല്ല. നേരെ മറിച്ച് സ്നേഹപൂര്‍ണമായ ദൈവ പ്രവർത്തിയുടെ തുടക്കമാണ്. അതുവഴി ദൈവം നമ്മെ കണ്ടുമുട്ടുകയും വലിയൊരു ആൽമീയ സംരംഭത്തില്‍ പങ്കുകാരാകാന്‍ ക്ഷണിക്കുകയും ചെയ്യുന്നു.
ദൈവത്തിന്റെ പദ്ധതിയിൽ പങ്കുകാരാകാന്വേണ്ടി യേശു വിളിച്ച ആദ്യത്തെ ശിഷ്യന്മാര് ”പെട്ടെന്ന് അവരുടെ ജീവിത മാർഗമായ മീൻ പിടിക്കാനുള്ള വല ഉപേക്ഷിച്ച് യേശുവിനെ പിന്തുടര്ന്നു” (മര്‍ക്കോ 1:18). കര്‍ത്താവിന്റെ വിളിയോടു പ്രത്യുത്തരം നൽകുമ്പോൾ ജീവിതത്തിൽ വലിയ വെല്ലുവിളി നേരിടാന്‍ തയ്യാറാവുകയും നേരിടുകയും വേണം. ലോകത്തിന്റെ മോഹങ്ങളിലും നമ്മുടെ കഴിവിലും ആശ്രയിക്കാതെ കര്‍ത്താവിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച്, കർത്താവിൽ മാത്രം ആശ്രയിച്ചായിരിക്കണം ദൈവത്തിന്റെ വിളിയ്ക്കായി നാം ഒരുങ്ങേണ്ടത്
നമ്മുടെ ജീവിതത്തെപ്പറ്റി ദൈവത്തിനുള്ള പദ്ധതി അന്വേഷിക്കുന്നതില്‍ ധീരതയും ദൃഢനിശ്ചയവും ഉള്ളവരാകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ദൈവവിളികള്‍ നാം സ്വീകരിക്കുമ്പോൾ നമ്മെ ദൈവം നന്മ, സ്നേഹം, നീതി എന്നിവയുടെ വാഗ്ദാനത്തിന്റെ വാഹകരാക്കുന്നു. ദൈവമക്കളായ നാം ഒരോരുത്തർക്കും ദൈവത്തിന്റെ വിളി ഉണ്ട്, ജീവിതത്തിന്റെ തിരക്കുകൾ കൊണ്ടും, അവിശുദ്ധികൊണ്ടും പലപ്പോഴും ദൈവത്തിന്റെ വിളികൾക്ക് കാതോർക്കുവാൻ കഴിയാതെ വരുന്നു. നാം ഒരോരുത്തർക്കും ദൈവവിളിയ്ക്കായി കാതോർക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.








