യേശുവിന്റെ അമ്മയാകാനുള്ള ഭാഗ്യം തനിക്കു ലഭിച്ചു എന്നറിഞ്ഞ ഉടനെ മറിയം ചെയ്തത് തന്റെ ചാർച്ചക്കാരിയായ എലിസബത്തിന്റെ വീട്ടിലേക്ക് വളരെ ക്ലേശം നിറഞ്ഞ വഴികളിലൂടെ ഒരു യാത്ര പുറപ്പെടുകയാണ്. മാലാഖയുടെ സന്ദർശനസമയം വരെ മറിയം എന്ന യുവതിക്ക് തന്റേതായ പല പദ്ധതികളും ഉണ്ടായിരുന്നിരിക്കണം. എന്നാൽ, ദൈവഹിതത്തിനു തലകുനിച്ചശേഷം മറിയം തന്റെ എല്ലാ പദ്ധതികളും ഉപേക്ഷിച്ച്, യാതൊരു ഒഴികഴിവും പറയാതെ ദൈവം ആഗ്രഹിക്കുന്നത് ചെയ്യുന്നതാണ് യൂദയായിലേക്കുള്ള യാത്രയിലൂടെ നമ്മൾ കാണുന്നത്.

വൃദ്ധയായ എലിസബത്തിനു ഗർഭധാരണംമൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ മുൻകൂട്ടി കണ്ട മറിയം, തനിക്ക് കിട്ടിയ അനുഗ്രഹത്തിൽ അഹങ്കരിക്കാതെ, സഹായ ഹസ്തവുമായി സഖറിയായുടെ വീട്ടിലേക്ക് പോകുകയാണ് ചെയ്തത്.

നമ്മുടെ അനുദിന ജീവിതത്തിൽ നാം കണ്ടുമുട്ടുന്നവരിലേക്ക് സ്നേഹം പകർന്നുകൊടുക്കാൻ കഴിയുമ്പോഴാണ് നമ്മൾ അനുഗ്രഹീതരാകുന്നത്. ഉദാരമായി നൽകി മറ്റുള്ളവരിലേക്ക് സ്നേഹം എത്തിക്കുക എന്നതുകൊണ്ട്‌ സാമ്പത്തികമായി സഹായിക്കുക എന്നുമാത്രമല്ല അർത്ഥമാക്കുന്നത്. പ്രകോപനങ്ങളും തിരിച്ചടികളും ഉണ്ടാകുമ്പോൾ സൗമ്യത കൈവിടാതെ കുടുംബത്തിലും ജോലിസ്ഥലത്തും മറ്റാരും ചെയ്യാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഏറ്റെടുത്തു ചെയ്യുന്നതുവഴിയും, മറ്റുള്ളവരുടെ തെറ്റുകളിൽമാത്രം ശ്രദ്ധ ഊന്നി അവരെ അകറ്റി നിർത്താതെയും, കുത്തിനോവിക്കുന്ന അർത്ഥംവച്ചുള്ള സംഭാഷണങ്ങൾ ഒഴിവാക്കിയും, നല്ലതു പ്രവർത്തിക്കുന്നത് ആരായാലും അവരെ അഭിനന്ദിക്കാൻ മടികാട്ടാതെയും, മറ്റുള്ളവർ നമ്മുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ കൃതജ്ഞതാപൂർവം അതു സ്വീകരിച്ചുകൊണ്ടുമെല്ലാം നമ്മിലെ ഹൃദയവിശാലത മറ്റുള്ളവരുടെ മുൻപാകെ തുറന്നുകാട്ടാൻ നമുക്കാവണം.

സ്വർഗ്ഗരാജ്യം വിലമതിക്കാൻ ആവാത്തതാണ്; എങ്കിലും, അതു സ്വന്തമാക്കാൻ നമുക്കുള്ളതെല്ലാം വിലയായി നൽകിയേ മതിയാവുകയുള്ളൂ. പത്രോസും അന്ത്രയോസും അതിനു വിലയായി തങ്ങളുടെ വള്ളവും വലകളും നൽകി. ദരിദ്രയായ വിധവ അത് സ്വന്തമാക്കാൻ രണ്ടു ചില്ലിക്കാശ് വിലയായി നൽകി. അതുപോലെ നമുക്ക് ഉള്ളതെല്ലാം സ്നേഹ മനോഭാവത്തോടെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിച്ച്, മറിയത്തെപോലെ ദൈവഹിതത്തിനായി നമ്മളെ തന്നെ സമർപ്പിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 🕊️