മുതിർന്ന പൗരന്മാരുടെ ജന്മ ദിനവും, വിവാഹ വാർഷികവുമൊക്കെ എല്ലാവരും ചേർന്ന് ഓർമ്മിക്കുകയും, ആഘോഷിക്കുകയും ചെയ്യുമ്പോൾ പ്രേത്യേക സന്തോഷമുണ്ടാകും . ഊഷ്മളതക്കും സ്നേഹത്തിനുമാണ് ഊന്നൽ നൽകേണ്ടത്.
എങ്ങനെ ചെയ്യാനായിരിക്കും അവർ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കണം. ചിലർക്ക് സമ പ്രായക്കാരായ കൂട്ടുകാരെ സൽക്കരിക്കണമെന്ന മോഹം കാണും. വീട്ടിലുള്ളവരുമൊത്ത്
ലളിതമായി ചെയ്യണമെന്ന വിചാരമുള്ളവരുണ്ടാകും.പ്രാർത്ഥനാ ദിനമാക്കി മാറ്റണമെന്നാകും ചിലർക്ക് . വാർദ്ധക്യത്തിൽ എന്തിനിതൊക്കെയെന്ന നിലപാടുള്ളവരും ഉണ്ടാകും . അവരുടെ താൽപ്പര്യങ്ങൾ കൂടി പരിഗണിച്ചുള്ള ആഘോഷങ്ങൾ വേണം .എല്ലാ ജന്മ ദിനങ്ങളും ആളുകളെ കൂട്ടി ചെയ്യണമെന്നില്ല .സപ്തതി പോലെയുള്ള നാഴിക കല്ലുകൾ അങ്ങനെ ചെയ്യാം. ഓർത്ത് ചെയ്തതിനാകണം ക്രെഡിറ്റ്.എങ്ങനെ ചെയ്തുവെന്നതിന് ആകരുത് .
മാതാപിതാക്കളുടെ ജീവിത സായാഹ്നത്തിൽ അവരുടെ വിശേഷ ദിനങ്ങൾ വീട്ടിലുള്ളവരൊക്കെ ചേർന്ന് പൊലിപ്പിച്ചെടുക്കുമ്പോൾ കുടുംബബന്ധങ്ങൾക്ക് മധുരം കൂടും. തീനും കുടിയും കേക്ക് മുറിക്കലും മാത്രമായി ഈ കൂട്ടായ്മ ഒതുങ്ങരുത്. സ്നേഹത്തിന്റെ നൂലിഴ വേണ്ടുവോളമുണ്ടെങ്കിൽ വേറൊന്നും ഇല്ലാതെ കൂട്ടായി നൽകുന്ന ആശംസയും മൂല്യമുള്ളതാകും.
നല്ല ഓർമ്മകളെ ഉണർത്തും വിധമുള്ള പഴയ ഫോട്ടോകൾ തപ്പിയെടുത്ത് കാണിച്ചു ആ ദിനത്തെ മധുരമുള്ളതാക്കാം . ഇഷ്ടപ്പെട്ടിരുന്ന പഴയ സിനിമ പാട്ടുകൾ ആഘോഷ വേളകളിൽ കേൾപ്പിക്കാം . ജീവിതത്തിലെ സന്തോഷ നാളുകളെ കുറിച്ചുള്ള വർത്തമാനങ്ങൾ പറയാൻ പ്രേരിപ്പിക്കാം. അതൊക്കെ കൗതുകത്തോടെ കേൾക്കാം . വിദേശത്തുള്ള മക്കൾക്ക് ഓൺലൈൻ ജന്മ ദിനം ഒരുക്കാം. ഇവിടെ ഒപ്പമില്ലാത്തതിന്റെ കുറവ് ആ സ്നേഹത്തിൽ അലിഞ്ഞു പോകട്ടെ .
ഇത്തരം വേളകൾ സംഘടിപ്പിക്കാനുള്ള ചുമതല പേരക്കുട്ടികൾ ഏറ്റെടുക്കട്ടെ. അത് വലിയ സന്തോഷം നൽകും. അവരുണ്ടാക്കുന്ന കാർഡുകളും ,സ്വന്തം കരവിരുതിലൂടെ സൃഷ്ടിച്ചെടുക്കുന്ന ചെറിയ സമ്മാനങ്ങളും അമൂല്യമായി മാറും .
അന്നത്തെ ഭക്ഷണത്തിൽ അവരുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകണം. ആവശ്യങ്ങളിൽ ഉപകരിക്കുന്ന കൊച്ചു സമ്മാനങ്ങൾ നൽകാം.സമയവും സൗകര്യവുമനുസ്സരിച്ചു
അവർക്ക് പോകാനാഗ്രഹമുള്ള ഇടങ്ങളിൽ കൊണ്ട് പോകാം .
മാതാപിതാക്കളുടെ ജീവിത യാത്ര അറിയാൻ ശ്രമിക്കുന്നവർക്ക് ഓരോ വർഷവും ആഘോഷങ്ങളിൽ പുതിയ കാര്യങ്ങൾ ഉൾപ്പെടുത്താം. വിസ്മയിപ്പിക്കാം.വാർദ്ധക്യത്തിൽ മധുരം ചേർക്കാം .
ഡോ .സി ജെ ജോൺ