“കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ കുട്ടികളുണ്ടാകാന്‍ പ്രോത്സാഹിപ്പിക്കാനും ആലോചിക്കുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു വിലക്കുന്ന മുന്‍ നിയമം റദ്ദാക്കി. കൂടുതല്‍ മക്കളുള്ളവരെ മാത്രം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയുള്ളവരാക്കുന്ന പുതിയ നിയമം കൊണ്ടുവരും”. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റേതാണ് ഈ പ്രസ്താവന.
പ്രശസ്തി, വിദ്യാഭ്യാസം, വംശം, സമ്പത്ത് തുടങ്ങി 16 തരത്തിലുള്ള സമ്പത്ത് (പതിനാറും പെട്രു പെരുവാഴ്വ് വാഴ്ക) സമ്പാദിക്കാന്‍ നവദമ്പതികളെ പണ്ടു മുതിര്‍ന്നവര്‍ അനുഗ്രഹിച്ചിരുന്നതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പറഞ്ഞു. “ആ അനുഗ്രഹംകൊണ്ട് അര്‍ഥമാക്കുന്നത് 16 കുട്ടികളെ ജനിപ്പിക്കുക എന്നല്ല. പക്ഷേ, ഇപ്പോള്‍ അക്ഷരാര്‍ഥത്തില്‍ 16 കുട്ടികളെ വളര്‍ത്തണമെന്ന് ആളുകള്‍ കരുതുന്ന സാഹചര്യം സംജാതമായിരിക്കുന്നു.” ചെറുതും സമ്പന്നവുമായ കുടുംബമെന്ന ആശയത്തില്‍നിന്നു മാറേണ്ട സാഹചര്യമാണെന്ന് സ്റ്റാലിന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരാഴ്ചയില്‍ മൂന്നു ദിവസത്തിനിടെയാണു രണ്ടു ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ ഈ പ്രസ്താവനകള്‍.
ഉറക്കം നടിക്കുന്ന കേരളം
ജനസംഖ്യാ വര്‍ധനയ്ക്കു തടയിട്ട ദക്ഷിണേന്ത്യയിലെ സര്‍ക്കാരുകള്‍ മാറിച്ചിന്തിക്കാന്‍ കാരണങ്ങള്‍ പലതാണ്. ലോക്സഭാ സീറ്റുകള്‍ മുതല്‍ കേന്ദ്ര പദ്ധതികള്‍ വരെ ജനസംഖ്യാടിസ്ഥാനത്തില്‍ പുനര്നിര്ണയിക്കുന്നതാണു കേരളം അടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ഇക്കാര്യം തുറന്നുപറഞ്ഞു. “പാര്‍ലമെന്റ് ഡീലിമിറ്റേഷന്‍ പ്രക്രിയ, ദമ്പതികള്‍ക്കു ധാരാളം കുട്ടികളുണ്ടാകാനും ചെറിയ കുടുംബത്തെക്കുറിച്ചുള്ള ചിന്തകള്‍ ഉപേക്ഷിക്കാനും പ്രോത്സാഹിപ്പിച്ചേക്കാം” എന്നാണ് സ്റ്റാലിന് പറഞ്ഞത്.
ജനസംഖ്യാടിസ്ഥാനത്തിലുള്ള ഡീലിമിറ്റേഷന്‍ പാര്‍ലമെന്റിലെ ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം കുറയ്ക്കുമെന്നതു ഗൗരവമുള്ള കാര്യമാണ്. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയതിനു ശിക്ഷിക്കപ്പെടുമെന്നതില്‍ ആശങ്കപ്പെടേണ്ടതുണ്ട്. മണ്ഡല പുനര്‍നിര്‍ണയ പ്രക്രിയയെ എതിര്‍ത്ത്, കഴിഞ്ഞ ഫെബ്രുവരിയില്‍ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍, 20 എംപിമാരുള്ള കേരളത്തിന് ആറ് ലോക്സഭാ മണ്ഡലങ്ങള്‍ നഷ്ടമാകുന്ന സ്ഥിതിക്കെതിരേ കേരളത്തിലെ സര്‍ക്കാരും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങളും ഇനിയും പ്രതിരോധം ഉയര്‍ത്തിയിട്ടില്ല. കേരളം ഉറക്കം നടിക്കുകയാണ്.
പ്രായാധിക്യമുള്ളവരുടെ എണ്ണം കൂടുന്നതും ഫെര്‍ട്ടിലിറ്റി നിരക്കു കുറയുന്നതും ജോലി തേടിയുള്ള ചെറുപ്പക്കാരുടെ വന്‍തോതിലുള്ള പലായനങ്ങളും പലതരത്തിലുള്ള അപകടസാധ്യതകള്‍ ഉയര്‍ത്തുന്നുണ്ട്. പാര്‍ലമെന്റിലെ പ്രാതിനിധ്യം കുറയല്‍, സാമ്പത്തികവളര്‍ച്ചയിലെ മാന്ദ്യം, തൊഴില്‍ ശക്തി ശോഷണം എന്നിവ നേരിട്ടുള്ള പ്രത്യാഘാതങ്ങളാണ്. സാമൂഹികമായ പ്രശ്നങ്ങള്‍ നിരവധിയാണ്.
കൂടുന്ന അസന്തുലിതാവസ്ഥ
കേരളത്തില്‍ 3.5 കോടിയിലേറെ ജനങ്ങളുണ്ട്. 2011ലെ സെന്‍സസ് പ്രകാരം കേരള ജനസംഖ്യ 3,34,06,061 ആണ്. ഇന്ത്യന്‍ ജനസംഖ്യയുടെ 2.76 ശതമാനം. ജനതയില്‍ 52 ശതമാനം സ്ത്രീകളും 48 ശതമാനം പുരുഷന്മാരുമാണ്. ജനസംഖ്യാ വളര്‍ച്ചാനിരക്കില്‍ ബിഹാര്‍, യുപി അടക്കമുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം വളരെ പിന്നിലാണ്. പത്തുവര്‍ഷത്തില്‍ 4.9 ശതമാനമാണ് കേരളത്തിലെ ജനസംഖ്യാവളര്‍ച്ച. 2011ല്‍ ആറ് വയസില്‍ താഴെയുള്ള കുട്ടികളുടെ എണ്ണം 34,72,955 ആണ്. 2001ലെ സെന്‍സസുമായി താരതമ്യം ചെയ്യുമ്പോള്‍, പത്തു വര്‍ഷംകൊണ്ട് 3.20 ലക്ഷം കുട്ടികള്‍ സംസ്ഥാനത്തു കുറഞ്ഞു. നവജാത ശിശുക്കളുടെ എണ്ണം വീണ്ടും കുത്തനെ കുറയുകയാണ്.
ജനസംഖ്യാവളര്‍ച്ചയിലെ പ്രാദേശികവും മതപരവുമായ അന്തരം കൂടിവരുന്നതും സംസ്ഥാനങ്ങള്‍ തമ്മിലും ജില്ലകള്‍ തമ്മിലും സാമ്പത്തികവും സാമൂഹികവുമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. മലപ്പുറത്ത് 13.4 ശതമാനം വളര്‍ച്ചാനിരക്ക് ഉള്ളപ്പോള്‍ പത്തനംതിട്ടയില്‍ -3 ശതമാനവും ഇടുക്കിയില്‍ -1.8 ശതമാനവുമാണിത്. കുട്ടികളുടെ വളര്‍ച്ചാനിരക്കിലും എണ്ണത്തിലും ഇതേ രീതിയാണുള്ളത്.
വടക്കുയരും തെക്ക് താഴും
ആറ് തെക്കന്‍ ജില്ലകളില്‍ വളര്‍ച്ചാനിരക്കും ജനസംഖ്യയും കുറയുമ്പോള്‍ വടക്കന്‍ ജില്ലകളില്‍ സ്ഥിതി മറിച്ചാണെന്നു സംസ്ഥാന സാമ്പത്തിക സര്‍വേയിലെ കണക്കുകള്‍ പറയുന്നു. കുട്ടികളുടെ എണ്ണത്തിലും ഇതേ സ്ഥിതിയാണ്. ജനസംഖ്യയില്‍ ഏറ്റവുമധികം കുറവ് ക്രൈസ്തവരാണ്. ചില സമുദായക്കാരുടെ എണ്ണം കുത്തനെ കൂടുമ്പോള്‍ ചിലരുടെ സംഖ്യ ഗണ്യമായി കുറയുന്നതു സമൂഹത്തിലും ഭരണ, രാഷ്ട്രീയ മേഖലകളിലും സൃഷ്ടിക്കുന്ന അസ്വാരസ്യങ്ങളും പ്രശ്നങ്ങളും ചെറുതല്ല.
ജനസാന്ദ്രതയിലാകട്ടെ കേരളം മുന്നിലാണ്. 2011ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററില്‍ 860 ആളുകളാണ്. ദേശീയ ശരാശരി 308 പേരാണ്. തമിഴ്നാട്ടിലെ ജനസാന്ദ്രത 555, കര്‍ണാടക 319, ആന്ധ്രപ്രദേശ് 308 എന്നിങ്ങനെയാണ്. ജനസാന്ദ്രതയിലും അസന്തുലിതാവസ്ഥ പ്രകടമാണ്. തിരുവനന്തപുരത്ത് 1,508 പേരുള്ളപ്പോള് ഇടുക്കിയില്‍ 255 പേരാണുള്ളത്. പത്തനംതിട്ടയും ഇടുക്കിയും ഒഴികെയുള്ള എല്ലാ ജില്ലകളിലും ജനസാന്ദ്രത വര്‍ധിച്ചു.
പകുതി ജനം അഞ്ചിടത്ത്
ഇന്ത്യയിലെ 140 കോടി ജനങ്ങളില്‍ പകുതിയോളം (47.9 ശതമാനം) യുപി, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമബംഗാള്‍, മധ്യപ്രദേശ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ്. കേരളം ഉള്‍പ്പെടെ ശേഷിച്ച 23 സംസ്ഥാനങ്ങളുടെ ഭാവി വലിയ ചോദ്യചിഹ്നമാണ്. കേരളത്തിലെ ജനസംഖ്യ 3.57 കോടിയാണ്. യുപിയില്‍ 23.56 കോടി ജനങ്ങളുണ്ട്. ബിഹാറില്‍ 12.67 കോടി, മഹാരാഷ്ട്രയില്‍ 12.66 കോടി, ബംഗാളില്‍ 9.9 കോടി, മധ്യപ്രദേശില്‍ 8.65 കോടി എന്നിങ്ങനെയാണു ജനസംഖ്യ.
പ്രായമായവരുടെ എണ്ണം കൂടിവരുകയാണെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി. 2047 ആകുമ്പോഴേക്കും യുവജനങ്ങളേക്കാള്‍ കൂടുതല്‍ പ്രായമായവരുണ്ടാകും. മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ചെറുപ്പക്കാര്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ശരാശരി പ്രായം 32 ആണെങ്കില്‍, 2047ഓടെ അത് 40 ആയി ഉയരും. പല യൂറോപ്യന്‍ രാജ്യങ്ങളും ചൈന, ജപ്പാന് തുടങ്ങിയ രാജ്യങ്ങളും സമാനമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്കു പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് ആന്ധ്ര മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതല്‍ കുട്ടികള്‍ ഉണ്ടാകണമെന്നതു വ്യക്തിപരമായ തീരുമാനമല്ലെന്നും സമൂഹത്തെയും രാജ്യത്തെയും സേവിക്കാനുള്ള ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രപ്രദേശിലെ ജനസംഖ്യാ വളര്‍ച്ചാനിരക്ക് 1.6 ശതമാനമായി കുറഞ്ഞു. “ഞങ്ങള്‍ ഇതിനകം കമ്മിയിലാണ്. രണ്ടില്‍ താഴെ കുട്ടികളുള്ളതു യുവജനസംഖ്യയുടെ ദ്രുതഗതിയിലുള്ള ഇടിവിനു കാരണമാകുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളതു സ്ഥിരതയുള്ള ജനസംഖ്യ ഉറപ്പാക്കും”- നായിഡു പറഞ്ഞു.
കേരളത്തിന് 16, യുപിക്ക് 133
ജനസംഖ്യാടിസ്ഥാനത്തില്‍ ലോക്സഭാ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നത് (ഡീലിമിറ്റേഷന്‍) ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ മാറ്റം വരുത്തും. ജനസംഖ്യയെ അടിസ്ഥാനമാക്കി സീറ്റുകള്‍ പുനര്‍നിര്‍ണയിക്കണമെന്നു ഭരണഘടനയുടെ അനുച്ഛേദം 82 പറയുന്നു. എങ്കിലും, 1971ലെ സെന്‍സസ് കണക്കുകളെ അടിസ്ഥാനമാക്കി 1976 മുതല്‍ ലോക്സഭാ സീറ്റുകളുടെ എണ്ണം മരവിപ്പിച്ചിരിക്കുകയാണ്. കേരളം പോലെ ഫലപ്രദമായ കുടുംബാസൂത്രണ നടപടികള്‍ നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ക്കു ശിക്ഷ ആകരുതെന്നതിലാണിത്. ജനസംഖ്യാ നിയന്ത്രണം തുടരുകയെന്നതും അന്ന് ആവശ്യമായിരുന്നു. മൊത്തം എംപിമാരുടെ എണ്ണം മരവിപ്പിച്ച നടപടി 2001ല്‍ നീട്ടി. ഇതിന്റെ കാലാവധി 2026ല്‍ തീരും.
കോവിഡിന്റെ പേരില്‍ നീട്ടിവച്ച പുതിയ സെന്‍സസ് അടുത്ത വര്‍ഷം ഉണ്ടാകും. അതിനുശേഷം രാജ്യത്തെ ലോക്സഭാ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കും. ഇതോടെ കേരളം, തമിഴ്നാട്, ആന്ധ്ര അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു വലിയ നഷ്ടമുണ്ടാകും. നിലവില്‍ 20 എംപിമാരുള്ള കേരളത്തിലെ മണ്ഡലങ്ങളുടെ എണ്ണം 14 ആയി ചുരുങ്ങും. ആറ് എംപിമാര്‍ കുറയും. സംസ്ഥാനങ്ങളില്‍ നിലവിലെ സീറ്റുകള്‍ കുറയ്ക്കേണ്ടതില്ലെന്നു തീരുമാനിച്ചാലും യുപിയിലെ എംപിമാരുടെ എണ്ണം 80ല്‍നിന്ന് 133 ആയി കുതിച്ചുയരും. ബിഹാറില്‍ 40ല്‍നിന്ന് 72 ആയും മഹാരാഷ്ട്രയില്‍ 48ല്‍നിന്ന് 71 ആയും രാജസ്ഥാനില്‍ 25ല്‍നിന്ന് 46 ആയും മധ്യപ്രദേശില്‍ 29ല്‍നിന്ന് 49 ആയും ഗുജറാത്തില്‍ 26ല്‍നിന്ന് 41 ആയും പശ്ചിമബംഗാളില്‍ 42ല്‍നിന്ന് 55 ആയും കൂടുമെന്നാണു റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ 10 സീറ്റും ആന്ധ്രയില്‍ അഞ്ചും തമിഴ്നാട്ടിലും തെലുങ്കാനയിലും ഡല്‍ഹിയിലും നാലു വീതവും എംപിമാര്‍ കൂടും.
വേണം, ഫെഡറല്‍ ഫെയര്‍നെസ്
ജനസംഖ്യാ നിയന്ത്രണം ഉള്‍പ്പെടെ സാമൂഹിക പരിഷ്കാരങ്ങളില്‍ കേരളവും ദക്ഷിണേന്ത്യയും കൈവരിച്ച നേട്ടങ്ങള്‍ ശിക്ഷയാകരുത്. സാമൂഹിക, സാമ്പത്തിക, വികസന പരിപാടികളിലും ക്ഷേമപദ്ധതികളിലും പിന്തള്ളപ്പെടരുത്. ആനുപാതിക പ്രാതിനിധ്യത്തിന്റെ പേരില്‍ രാജ്യത്തിന്റെയും മേഖലകളുടെയും സമുദായങ്ങളുടെയും സന്തുലിതാവസ്ഥയും നീതിപൂര്‍വമായ വിഭവ വിഭജനവും തകര്‍ക്കപ്പെടരുത്.
ഭരണത്തിലും രാഷ്ട്രീയത്തിലും കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്കുള്ള ദുര്‍ബലമായ സ്വാധീനം തീര്‍ത്തും ഇല്ലാതാക്കരുത്. ജിഎസ്ടി അടക്കമുള്ള കേന്ദ്ര നികുതിവിഹിതത്തിലും കേന്ദ്രപദ്ധതികള്‍ അനുവദിക്കുന്നതിലും വിവേചനം ഉണ്ടാകരുത്. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മില്‍ ഭിന്നത പാടില്ല. ഫെഡറല്‍ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഫെഡറല്‍ ഫെയര്‍നെസ് അപകടത്തിലാകരുത്.
ജോർജ് കള്ളിവയലിൽ
ഡൽഹിഡയറി
https://www.deepika.com/feature/leader_page.aspx?topicId=31&ID=25921