ഇരിങ്ങാലക്കുട രൂപത പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷികത്തോടും , കുടുംബ വർഷത്തിന്റെ സമാപനത്തോടും അനുബന്ധിച്ച് 2022 മെയ് 15 ന് സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് രൂപതയിലെ വലിയ കുടുംബങ്ങളുടെ സംഗമം സംഘടിപ്പിക്കുന്നു.
കുടുംബ ഭദ്രതക്കും ജീവന്റെ മൂല്യങ്ങൾക്കും വെല്ലുവിളി നേരിടുന്ന ആധുനിക കാലഘട്ടത്തിൽ ജീവസംരക്ഷണത്തിനും , ജീവപരിപോഷണത്തിനും ഊന്നൽ നൽകി വലിയ കുടുംബങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിനുമായിട്ടാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്. വലിയ ഭവനങ്ങളല്ല, വലിയ കുടുംബങ്ങളാണ് സമൂഹത്തിനാവശ്യമെന്ന് ആഹ്വാനം ചെയ്ത് 2017 ൽ രൂപതയിലെ വലിയ കുടുംബങ്ങളുടെ സംഗമം ബിഗ് ഫാ 2017 നടത്തിയിരുന്നു. അന്നത്തെ സംഗമത്തിൽ 150 ൽ പരം കുടുംബങ്ങൾ പങ്കെടുക്കുകയും, എല്ലാ കുടുംബങ്ങൾക്കും സ്വർണ്ണ പതക്കം സ്നേഹോപഹാരമായി നൽകുകയും ചെയ്തിരുന്നു.
2010 ജനുവരി ഒന്നിനോ , അതിന് ശേഷമോ നാലാമത്തെയോ തുടർന്നുള്ള മക്കൾക്കോ ജന്മം കൊടുത്ത കുടുംബങ്ങളെയാണ് ഈ വർഷം BigFa യിൽ പങ്കെടുപ്പിച്ച് ആദരിക്കുന്നത്. ജനിച്ച് വീണ കുട്ടികളുടെ എണ്ണമാണ് മാനദണ്ഡം.
ഏകദേശം 350 വലിയ കുടുംബങ്ങൾ ഈ സംഗമത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി ഡോ. റെജു വർഗ്ഗീസിന്റെ നേത്യത്വത്തിൽ രൂപതയിലെ എല്ലാ സംഘടന, പ്രസ്ഥാനങ്ങളെയും ഉൾപ്പെടുത്തി വിപുലമായ കമ്മറ്റിക്ക് രൂപം നൽകി പ്രവർത്തിച്ച് വരുന്നു.
രൂപതയിലെ വലിയ കുടുംബങ്ങളുടെ വിവര ശേഖരണത്തിനും , ഈ സംഗമത്തിന്റെ റജിസ്ട്രേഷനും വേണ്ടിയുള്ള ഫോമുകൾ ഇടവകാ കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്റ്മാർ വഴിയായി വിതരണം ചെയ്യുന്നതാണ്. ഈ ഫോമുകൾ പൂരിപ്പിച്ച് ബഹു. ഇടവകാ വികാരിയച്ചന്റെ ശിപാർശയോടൊപ്പം സമർപ്പിക്കേണ്ടതാണ്. പ്രോലൈഫ് ട്രസ്റ്റ് ഡയറക്ടർ റവ. ഫാ. ജോജി പാലമറ്റത്ത്, ജോയിന്റ് ഡയറക്ടർ റവ. ഫാ. നെവിൻ ആട്ടോക്കാരൻ, Fr. Sibu Kallaparambil, Couples Movement Director Fr. Davis Kizhakkumthala, Mr. Jolly Edappilly തുടങ്ങിയവർ ഈ സംഗമത്തിന് നേതൃത്വം നൽകുന്നു.
ഇരിങ്ങാലക്കുട രൂപതയുടെ പ്രോലൈഫ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുവാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവിന്റെ ഷഷ്ഠി പൂർത്തിയോടനുബന്ധിച്ച് കഴിഞ്ഞ പ്രോലൈഫ് ദിനത്തിൽ (2021, മാർച്ച 25 ) ആരംഭിച്ചതാണ് Pro-Life Charitable Trust.
രൂപതയിൽ കഴിഞ്ഞ വർഷം 50 ലധികം നാലാമത്തെയോ അതിന് ശേഷമുള്ളതോ ആയിട്ടുള്ള കുഞ്ഞിന്റെ മാമോദീസ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് ആശിർവദിച്ചു. ഈ കുഞ്ഞുങ്ങൾക്കെല്ലാം ട്രസ്റ്റിൽ നിന്നും സ്വർണ്ണ പതക്കം സ്നേഹോപഹാരമായി നൽകി.
വലിയ കുടുംബങ്ങളിൽ 2 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് പ്രതിമാസം ₹2000 രൂപവീതം ട്രസ്റ്റിൽ നിന്നും സഹായം നൽകി വരുന്നു. ഈ ഫാമിലി സപ്പോർട്ട് സ്കീമിൽ നിന്നും സഹായം ലഭിക്കുവാൻ അർഹരായ കുടുംബങ്ങൾ സഹായത്തിനായി വെള്ള പേപ്പറിൽ അപേക്ഷ തയ്യാറാക്കി വികാരിയച്ചന്റെ ശിപാർശയോടൊപ്പം രൂപതാ ഭവനത്തിൽ പ്രവർത്തിക്കുന്ന പ്രോലൈഫ് ട്രസ്റ്റ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
വലിയ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് പരിഗണനയിലാണ്.