കർത്താവിന്റെ സമയം എപ്പോഴെന്ന് വെളിപ്പെടാത്തതിനാൽ നമോരോരുത്തരോടും സദാ ജാഗരൂകരായിരിക്കാനാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. അപകടത്തെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് ലഭിച്ചാൽ അതിൽനിന്നും രക്ഷനേടാനുള്ള മാർഗ്ഗങ്ങൾ തേടാത്തവരായി ആരുമുണ്ടാവില്ല. നമ്മുടെ എല്ലാവരുടെയും ജീവിതത്തിനു ഒരവസാനമുണ്ട്. ആ സമയമോർത്തു ആകുലപ്പെടുന്ന ഒട്ടേറെപ്പേർ ഇന്ന് നമുക്കിടയിലുണ്ടുതാനും. എന്നാൽ, ആ സമയം എപ്പോൾ വരും എന്നതിലല്ല, മറിച്ചു അത് വരുമ്പോൾ നമ്മുടെ ആത്മാവിന്റെ അവസ്ഥ എന്താണ് എന്നതിലാണ് കാര്യം എന്ന വസ്തുത പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്നു.
സത്യമാകുന്ന പ്രകാശത്തിലാണോ നാമിന്നു ജീവിക്കുന്നത്, അതോ പാപാന്ധകാരത്തിലോ? പാപത്തെക്കുറിച്ചു എത്രയൊക്കെ ബോധ്യങ്ങൾ ലഭിച്ചാലും അവയെ ഉപേക്ഷിക്കാൻ നമ്മൾ പലപ്പോഴും മടികാട്ടാറുണ്ട്. പാപത്തിലൂടെ ലഭിക്കുന്ന ലൗകീകസുഖങ്ങൾ ഉപേക്ഷിക്കുവാനുള്ള വിമുഖതയാണ് ഒട്ടേറെപ്പേരെ പാപത്തിൽ ഉറച്ചു നിറുത്തുന്നത്. തങ്ങൾ ചെയ്യുന്നതൊന്നും അത്ര വലിയ പാപമല്ല എന്നുതുടങ്ങി കുറേക്കാലം കൂടി പാപം തരുന്ന സുഖങ്ങൾ അനുഭവിച്ചിട്ടു അതിൽനിന്നു പിന്തിരിയാം ഇന്നുവരെയുള്ള ഒട്ടേറെ ന്യായവാദങ്ങൾ ഇക്കൂട്ടർ ഉയർത്താറുമുണ്ട്.
പാപത്തിന്റെ വലയിൽ വീഴാതെ, സമയചിത്തതയോടെ ഉണർന്ന് പ്രാർത്ഥിക്കുകയും, തിരുവചനത്താലും, ദൈവഹിതത്താലും, പരിശുദ്ധാൽ മാവിന്റെ ശക്തിയാൽ നയിക്കപ്പെടുകയും വേണം. വിശ്വാസത്തെ ശക്തിപ്പെടുത്തുകയും പ്രത്യാശയെ ഉറപ്പിക്കുകയും സ്നേഹത്താൽ നമ്മെ വിശാല മനസ്കരാക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ആൽമാവിന്റെ വെളിച്ചം നമ്മുടെ ഹൃദയങ്ങളിലേക്കും കടന്നുവരട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ