ദൈവസ്നേഹം യേശു മാനവരാശിക്ക് പകർന്നുതരുന്നത് കരുണയിലൂടെയും, ദയയിലൂടെയാണ്. ഒരു ക്രിസ്തുശിഷ്യനെ മറ്റാരിൽനിന്നും വ്യതസ്തൻ ആക്കുന്നതും ആക്കേണ്ടതും ഈ കരുണയും, ദയയും തന്നെയാണ്. എന്താണ് കരുണ? മറ്റുള്ളവർ അർഹിക്കുന്ന രീതിയിൽ അവരോടു പെരുമാറാതെ, ദൈവം ഇച്ഛിക്കുന്നതുപോലെ, നൻമയെ മാത്രം മുന്നിൽ കണ്ട് അവരോടു ഇടപഴകുന്നതിനെയാണ് കരുണ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. നാമെല്ലാവരും മറ്റുള്ളവരോട് സ്നേഹത്തോടെയും കരുണയോടെയും അനുകമ്പയോടെയും പെരുമാറണമെന്നാണ് ദൈവത്തിന്റെ ആഗ്രഹം.
നമ്മുടെ മുൻപിൽ നിൽക്കുന്ന വ്യക്തിയുടെ സ്വഭാവം നോക്കി, അല്ലെങ്കിൽ അയാൾ നമ്മോടു പെരുമാറുന്ന മാനദണ്ഠമുപയോഗിച്ചു പെരുമാറാൻ നമുക്കാവില്ല. “ശിഷ്ടരുടെയും ദുഷ്ടരുടെയും മേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും, നീതിരഹിതരുടെയും മേൽ മഴ പെയ്യിക്കുകയും” (മത്തായി 5:45) ചെയ്യുന്ന ദൈവത്തിന്റെ പ്രവർത്തികളെ അനുകരിക്കാനാണ് യേശു നമ്മോട് ആവശ്യപ്പെടുന്നത്. എപ്പോഴും നമ്മിലെ നന്മയാണ് ദൈവം തേടുന്നത്. നാമും മറ്റുള്ളവരിലെ സദ്‌ഗുണങ്ങൾ സദാ അന്വേഷിക്കണമെന്നാണ് ദൈവത്തിന്റെ ആഗ്രഹം.
നമ്മെ വെറുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരിൽ പോലും നന്മയുടെ ഒരംശം കണ്ടെത്തി, അതിനെ സ്നേഹിക്കാൻ നമുക്കാവണം. വളരെ എളുപ്പം പറയാൻ സാധിക്കുന്നതും, എന്നാൽ പ്രാവർത്തികമാക്കാൻ ഒട്ടേറെ ബുദ്ധിമുട്ടുള്ളതുമായ ഒരു കാര്യമാണിത്. നമ്മെ സ്നേഹിക്കുന്നവരെ, അല്ലെങ്കിൽ നമുക്കെന്തെങ്കിലും തരത്തിൽ പ്രയോജനമുള്ളവരെ സ്നേഹിക്കാൻ എളുപ്പമാണ്. തിരിച്ചുകിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ കൊടുക്കാനെളുപ്പമാണ്. പക്ഷേ, ദൈവസ്നേഹത്തോട് പുറം തിരിഞ്ഞു നിൽക്കുന്ന പാപികളും ഇത്രയുമൊക്കെ ചെയ്യുമെന്ന് ഈശോ നമ്മെ ഓർമിപ്പിക്കുന്നു. നമ്മെ വേദനിപ്പിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോഴാണ് നമ്മിലെ പ്രതികാരത്തിന്റെ കെട്ടുകൾ അഴിയുന്നത്, തിന്മയ്ക്ക് പകരമായി നന്മ തിരിയെ നൽകാനുള്ള കൃപ ലഭിക്കുന്നത്. നാം ഓരോരുത്തർക്കും കരുണ ഉള്ളവരായിരിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.