പരുമല: മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു. 75 വയസായിരുന്നു. അർബുദബാധിതനായി പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തൃശൂർ ജില്ലയിലെ കുന്നംകുളം പഴഞ്ഞി മങ്ങാട് കൊള്ളന്നൂർ കെ.എ. ഐപ്പിന്റെയും കുഞ്ഞീട്ടിയുടേയും മകനായി 1946 ഓഗസ്റ്റ് 30നു ജനിച്ചു. പോൾ എന്നായിരുന്നു ബാല്യത്തിലെ പേര്. പഴഞ്ഞി ഗവണ്മെന്റ് ഹൈസ്കൂളിലെ പഠനത്തിനുശേഷം തൃശൂർ സെന്റ് തോമസ് കോളജിൽനിന്നു ബിരുദവും കോട്ടയം സിഎംഎസ് കോളജിൽനിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഓർത്തഡോക്സ് വൈദിക സെമിനാരിയിലും സെറാംപൂർ സർവകലാശാലയിലുമായി വൈദിക പഠനം പൂർത്തിയാക്കി.
1972 ൽ ശെമ്മാശ പട്ടവും 1973 ൽ കശീശ സ്ഥാനവും സ്വീകരിച്ചു. 1982 ൽ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരു സ്വീകരിച്ച് എപ്പിസ്കോപ്പയായി. 2006 ഒക്ടോബർ 12 ന് നിയുക്ത കാതോലിക്കായായി തെരഞ്ഞെടുക്കപ്പെട്ടു.
ബസേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവ സ്ഥ്യാനത്യാഗം ചെയ്തതിനെ തുടർന്ന് 2010 നവംബർ ഒന്നിന് പരുമല സെമിനാരിയിൽ കാതോലിക്കാ ബാവയും മലങ്കര മെത്രാപ്പോലീത്തയുമായി വാഴിക്കപ്പെട്ടു.